ശരശയ്യയില്‍ മരണം കാത്തുകിടന്ന ഭീഷ്മരുടെ കഥ കേട്ടിട്ടുണ്ടാകും. താന്‍ ആഗ്രഹിക്കുമ്പോള്‍ മാത്രം മരണമെന്ന ദിവ്യവരം നേടിയ പുണ്യാത്മാവായിരുന്നു ഭീഷ്മര്‍. എന്തായിരിക്കും ഭീഷ്മര്‍ മരണം മാറ്റിവച്ചത്? കുരുക്ഷേത്ര യുദ്ധത്തില്‍ പാണ്ഡവരുടെ വിജയവാര്‍ത്ത കേള്‍ക്കാന്‍ ഭീഷ്മര്‍ ആഗ്രഹിച്ചിട്ടുണ്ടാകാം. അതിനുമപ്പുറം അദ്ദേഹം കാത്തിരുന്നത് ഉത്തരായനമാണ്. ഉത്തരായനം തുടങ്ങിയപ്പോള്‍ ഭീഷ്മപിതാമഹന് ജീവന് വെടിഞ്ഞ് സ്വര്‍ഗം പൂകിയെന്നാണ് മനസ്സിലാക്കേണ്ടത്. ഉത്തരായനത്തിന്റെ സവിശേഷത അറിയാന്‍ ഇതിനേക്കാള്‍ വലിയ ഉദാഹരണം ആവശ്യമില്ല.
മനുഷ്യരുടെ ഒരു വര്‍ഷം ദേവതകള്‍ക്ക് ഒരു ദിവസമാണ്. ദിവസത്തില്‍ സ്വാഭാവികമായും പകലും രാത്രിയുമുണ്ടാകും. അങ്ങനെയാണെങ്കില്‍ പകലാണ് ആറ് മാസം നീളുന്ന ഉത്തരായനം. ദക്ഷിണായന കാലം രാത്രിയും. ഉത്തരായനത്തില്‍ സൂര്യന് വടക്കോട്ടാണ് നീങ്ങുന്നത്. അതിന് തുടക്കമാണ് മകരസംക്രമം.
ശബരിമലയില്‍ ലക്ഷോപലക്ഷം ഭക്തര്‍ മകരജ്യോതി ദര്‍ശനത്തിനെത്തുന്ന പുണ്യ ദിവസമാണ് മകരസംക്രമം. ഈ ദിനത്തിന്റെ സവിശേഷതയ്ക്കപ്പുറം പൊന്നമ്പലമേട്ടിലെ ദിവ്യജ്യോതിയാണ് ഭക്തരെ സന്നിധാനത്തേക്ക് ആകര്‍ഷിക്കുന്നത്. സംക്രമ സന്ധ്യയില്‍ അയ്യപ്പനെ തൊഴുന്നത് പരകോടി പുണ്യം പകരുന്നതാണ്. ആ നേരത്തിന്റെ സവിശേഷത കൊണ്ടാണ് ഇങ്ങനെ പറയുന്നത്.
ഒരു വര്‍ഷത്തെ ഏറ്റവും നല്ലനേരമായി മകരസംക്രമം പരിഗണിക്കാം. ഉത്രം നക്ഷത്രമാണ് അന്ന് സന്ധ്യയ്ക്ക് ഉദിച്ചുയരുന്നത്. സംക്രമ നക്ഷത്രമെന്നും ഇതിനെ വിളിക്കാറുണ്ട്. സംക്രമ നക്ഷത്രം ഉദിക്കുന്ന സന്ധ്യയില്‍ ശബരിമല അയ്യപ്പന് ദീപാരാധന നടത്തുന്നതിന്റെ സവിശേഷത വളരെ വലുതാണ്. മകര സംക്രമം അര്‍ധരാത്രിക്ക് മുന്പാണെങ്കില് അന്ന് വൈകുന്നേരമാണ് ശബരിമലയില്‍ മകരവിളക്കും ദീപാരാധനയും നടത്തുന്നത്. അര്‍ധരാത്രിക്ക് ശേഷമാണെങ്കില്‍ അടുത്ത ദിവസവും.
മകര സംക്രമം വൈകുന്നേരം ആകണമെന്നില്ല. മകരവിളക്ക് ദിവസം രാത്രി 12 ന് മുന്‍പ് എപ്പോള്‍ വേണമെങ്കിലും ആകാം. സംക്രമ സമയം കൃത്യമായി കണക്കുകൂട്ടാന്‍ കഴിയും. ആ സമയത്ത് അയ്യപ്പന് സംക്രമ പൂജയുണ്ടാകും. ദേവന്മാര് ഉത്തരധ്രുവത്തിലാണെന്നാണ് സങ്കല്‍പ്പം. അസുരന്മാര് ദക്ഷിണ ധ്രുവത്തിലും. ഉത്തരധ്രുവത്തില്‍ സൂര്യരശ്മി പതിക്കുന്ന കാലമാണ് ഉത്തരായനം. പ്രകാശം ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും അടയാളമാണ്. ഇരുട്ട് നേര് വിപരീതവും. ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ ഉള്‍പ്പെടെയുളള ചടങ്ങുകളെല്ലാം ഉത്തരായനത്തില്‍ നടത്തുകയാണ് പതിവ്.
ഉത്തരായനം തുടങ്ങുന്നത് മകരസംക്രമ ദിനമായ മകരം ഒന്നിനാണ്. അന്നുമുതല്‍ അടുത്ത ആറുമാസത്തേക്ക് ഉത്തരായനമാണ്. അയനസന്ധിയുടെ തുടക്കവും മകരം ഒന്നിനാണ്. സൂര്യന് ഉത്തരാര്‍ദ്ധഗോളത്തിലേക്ക് പ്രവേശിക്കുന്നതിനെ ഗോളസന്ധി എന്നാണ് പറയുന്നത്. മാര്‍ച്ച് 21 നാണ് ഇതിന്റെ തുടക്കം. സപ്തംബര്‍ 21 വരെ സൂര്യന് ഉത്തരാര്‍ദ്ധ ഗോളത്തിലായിരിക്കും. അയനസന്ധിയുടെയും ഗോളസന്ധിയുടെയും കാലയളവില്‍ വ്യത്യാസമുണ്ട്. എന്നാല്‍, രണ്ടിനും ആറ് മാസത്തെ ദൈര്‍ഘ്യമാണുളളത്.
(സംസ്ഥാന സര്‍ക്കാരിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ഔദ്യോഗിക ജ്യോതിഷനാണ് ലേഖകന്‍. 1976 ല്‍ കാനഡയില്‍ നിന്നും ഊര്‍ജ്ജതന്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. ചങ്ങനാശ്ശേരി, ചേര്‍ത്തല, പന്തളം എന്‍.എസ്.എസ്. കോളേജുകളില്‍ അധ്യാപകനായിരുന്നു. ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി, അഖില കേരള ജ്യോതി ശാസ്ത്രമണ്ഡലം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. വാസ്തുജ്യോതിഷം, അനുഷ്ഠാന വിജ്ഞാന കോശം എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: