ചിലത് നിശ്ചയിക്കപ്പെട്ടതാണ്. ആ നിയോഗം നിര്‍വഹിക്കപ്പെടാതെ പോകില്ല. ചിലരതിനെ ഭാഗ്യമെന്ന് വിളിക്കും, ചിലര്‍ വിധിയെന്നും. അനുകൂലമോ പ്രതികൂലമോ എന്നതിനെ ആശ്രയിച്ചിരിക്കും. നിര്‍വഹണ ഘട്ടം കഴിഞ്ഞ് വിലയിരുത്തുമ്പോള്‍ സ്വയം അസാധ്യമെന്നു കരുതിയത് സാധ്യമായതില്‍ അമ്പരന്നു പോകുകയും സ്വപ്രയത്നത്തിന്റെ നേട്ടം പലര്‍ക്കും ഭാഗം വെച്ചുകൊടുക്കുകയും ചെയ്യും. വാസ്തവത്തില്‍ അത് നിശ്ചയിക്കപ്പെട്ടതായതുകൊണ്ടാണങ്ങനെ സംഭവിക്കുന്നത്. ഇങ്ങനെയാണ് അത്ഭുതങ്ങളുടെ ചുരുളഴിയപ്പെടുന്നത്.
അല്ലെങ്കില്‍ ആചാര്യ ഗോസ്വാമി തുളസീദാസ രാമായണത്തിന് നാലാമത് പദ്യ പരിഭാഷ ഉണ്ടാക്കാനും ആ കര്‍ത്തവ്യം പ്രൊഫ. സി.ജി. രാജഗോപാലില്‍ എത്താനും കാരണമെന്തായിരിക്കും. അല്ലെങ്കില്‍ അര നൂറ്റാണ്ടിനു മുമ്പ് കിട്ടിയ നിര്‍ദ്ദേശം അരനൂറ്റാണ്ടിനിപ്പുറം വിജയകരമായി പൂര്‍ത്തിയാക്കാന്‍ തോന്നിക്കുമോ, സാധിക്കുമോ? അങ്ങനെ തുളസീദാസ രാമായണം ഹിന്ദിയില്‍നിന്ന് സുന്ദരമലയാളത്തിലേക്ക് മൊഴിമാറ്റി മലയാളിക്ക് കിട്ടി.
എഴുത്തച്ഛന്റെ മലയാളിക്ക് ഏറെ പരിചിതമായ രാമായണം തന്നെ ബൃഹദ് കാവ്യമായാണ് കണക്കാക്കിപ്പോരുന്നത്. 17,774 വരികളുണ്ട്. ആചാര്യ തുളസീ ദാസന് രാമചരിതം പറഞ്ഞപ്പോള്‍ അത് 26,152 വരികളും 46 സംസ്കൃത ശ്ലോകങ്ങളും ചേര്‍ന്ന് ഒന്നര രാമായണമായി. ആചാര്യന് എഴുതിത്തീര്‍ക്കാന്‍ രണ്ടര വര്‍ഷം വേണ്ടിവന്നു. അത് മലയാളമാക്കാന്‍ അഞ്ചര വര്‍ഷവും.
ലോകസാഹിത്യത്തില്‍ തുളസീദാസ രാമായണം അതുല്യമാണ്. ഏറ്റവും കൂടുതല്‍പേര്‍ വായിച്ചിട്ടുള്ള ഗ്രന്ഥം എന്നപദവിയും ഇതിനാണെന്ന് പറയപ്പെടുന്നു. മൂന്നു പദ്യപരിഭാഷകളുണ്ടായിരിക്കെ എന്തിന് ഈ പുതിയ സംരംഭം എന്ന് ചോദിച്ചാല്‍ പരിഭാഷയ്ക്കു വേണ്ടിയല്ലാത്തതാണ് ഈ പരിഭാഷ എന്നാണ് ഉത്തരം.
ഹിന്ദി പഠിച്ച്, ഭാഷയില്‍ ഗവേഷണം നടത്തി, സുവര്‍ണ്ണ നേട്ടങ്ങളോടെ ബിരുദങ്ങള്‍ നേടി, ദീര്‍ഘകാലം വിവിധ കോളെജുകളില്‍ ഹിന്ദി അദ്ധ്യാപകനായിരുന്ന പ്രൊഫസര്‍ അരനൂറ്റാണ്ടുമുമ്പ് ഹിന്ദിക്കവിത മലയാളമാക്കിയത് വായിച്ച കൈനിക്കര കുമാരപിള്ള എന്ന പണ്ഡിതനാണ് ഈ വിവര്‍ത്തനം നിര്‍ദ്ദേശിച്ചത്. പക്ഷേ അതു നടന്നില്ല. പില്ക്കാലത്ത് അന്നത്തെ നിര്‍ദ്ദേശം ആവേശമായി, ആവശ്യമാണെന്നറിഞ്ഞ് നടത്തിയ പരിശ്രമമാണ് ഈ വിവര്‍ത്തനം.
വിവര്‍ത്തനത്തില്‍ ചിലര്‍ ഉപയോഗിക്കുന്ന ദുസ്സ്വാതന്ത്ര്യങ്ങള്‍ തീരെയില്ലാതെ, അതിസൂക്ഷ്മമായി ആചാര്യനെ പിന്തുടര്ന്നുള്ള സപര്യയാണിത്. കഴിയുന്നത്ര വാക്കോടുവാക്ക് തര്‍ജ്ജമ! പക്ഷേ, അമ്പരന്നു പോകും ആചാര്യകവിയെ രാജഗോപാലിലെ കവി പിന്തുടരുന്ന അതിശയ ശൈലിയും ഭാഷയും മൊഴിയും കണ്ടാല്‍. ഭാഷയ്ക്ക് മാനവീകരണം നടത്തിയെന അക്കാലത്തെ വിപ്ലവ സംരംഭം മാറ്റി നിര്‍ത്തിയാല്‍ രചനയിലും പ്രയോഗത്തിലും സി.ജി മറ്റൊരു ”എഴുത്തച്ഛവൈഭവം” കാണിക്കുന്നത് ഈ മൊഴിമാറ്റത്തിലെന്ന് പറയാന്‍ തോന്നുന്നു. ഭാഷയിലെ, സംസ്കാരത്തിലെ, വേദാന്താദി ജ്ഞാനത്തിലെ ആഴവും അറിവുമാണ്
രാമായണ കഥയോ തുളസീദാസ രാമായണ ഉള്ളടക്കമോ പറയുകയല്ല ഇവിടെ വേണ്ടത്. തര്‍ജ്ജമയും പരിഭാഷയും വിവര്‍ത്തനവും മൊഴിമാറ്റവും ഒക്കെ ഒരേ അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്ന പദങ്ങളാണെങ്കിലും കേള്‍ക്കുന്ന മാത്രയില്‍ത്തന്നെ അവതമ്മില്‍ ഭേദം തോന്നിപ്പിക്കുമല്ലോ. ഭാഷമാറ്റുമ്പോള്‍ മലയാളത്തിനും മലയാളിക്കും സംസ്കൃതമലയാളത്തിലേക്ക് വഴുതാനുള്ള പ്രവണത ഏറെയാണ്. പ്രൊഫസര്‍ സി.ജി, മലയാള ഭാഷയിലെ മിഴിവുകൊണ്ട് അത് തടഞ്ഞു.
ഉദാഹരിക്കാന്‍ തുടങ്ങിയാല്‍ കാവ്യം മുഴുവന്‍ പകര്ത്തിപ്പോകും. എങ്കിലും ചിലത്: ബാലകാണ്ഡത്തില്‍ മനുവും ശതരൂപയും തപസ്സ് ചെയ്ത് വരം നേടുന്ന കഥ വിവരിക്കുന്നിടത്ത് പ്രത്യക്ഷനായ ഭഗവാനെ വര്‍ണ്ണിക്കുന്നത് നോക്കുക.
”… അരുണാധരങ്ങളും സുന്ദര നാസികയും
അരിയ ദന്തങ്ങളും ചന്ദ്രിക തൊഴും ഹാസം
നവനീരജനിഭ മോഹന നയനങ്ങള്‍
നലമോടകം കുളിര്പ്പിച്ചീടുമപാംഗങ്ങള്….” എഴുത്തച്ഛനും സംസ്കൃത പദധാരാളിത്തത്തില് ആഘോഷിക്കുന്ന സ്തുതിക്കും വര്‍ണ്ണനയ്ക്കും സമാനമായ സ്ഥാനങ്ങളില്‍ പരമാവധി നാടന്‍ മലയാള പ്രയോഗങ്ങള്‍ ഏറെ ആകര്‍ഷകമാക്കുന്നു ഈ പരിഭാഷ.
സ്വയംവരത്തിന് മത്സരമായിരുന്ന വില്ലുകുലയ്ക്കലിനിടെ ത്രയംബകം ഒടിഞ്ഞതറിഞ്ഞ് കൊടുങ്കാറ്റായി വന്ന ഭാര്ഗ്ഗവരാമന് എഴുത്തച്ഛന്റെ വിവരണത്തില്‍ ‘ഞാനൊഴിഞ്ഞുണ്ടോ രാമന്…’ എന്ന ധാര്‍ഷ്ഠ്യത്തിന്റെ വാഗ്രൂപമാണ്. പ്രൊഫസര്‍ സി.ജിയുടെ പരശുരാമന് ചോദിക്കുന്നു,’ ഉടനേ മഴുവിനെ നോക്കിയിട്ടോതീ മുനി
‘ശഠ! നീ കേട്ടിട്ടില്ലേ മല്സ്വഭാവത്തെപ്പറ്റി
നിന്നെബ്ബാലനെന്നോര്ത്തു കാലനു കൊടുക്കാഞ്ഞോ-
രെന്നെ നീ വെറുമൊരു മുനിയെന്നോര്ത്തോ മൂഢ..”
ലക്ഷ്മണന് പരശുരാമനോട് പറയുന്നത് തനി നാട്ടിന്‍പുറത്തെ ശൈലിയില്‍-
‘.. തര്‍ജ്ജനി കണ്ടാല്ച്ചാകും പിഞ്ചുകുമ്പളത്തിരി
ഇജ്ജനങ്ങളില് ആരുമില്ലെന്ന് ധരിച്ചാലും.” ഇങ്ങനെ എടുത്തുപറയാന്‍ എത്രയെത്ര!
അയത്ന ലളിതമായി, കേക, കാകളി എന്നീ വൃത്തത്തിലാണ് പ്രൊഫസര്‍ മൊഴിമാറ്റം പൂര്‍ത്തിയാക്കിയത്. 46 സംസ്കൃത ശ്ലോകങ്ങള്‍ വിവര്‍ത്തനം ചെയ്യാതെ പരാവര്‍ത്തനം ചെയ്ത് വിശദീകരിച്ചിരിക്കുന്നു. ശ്ലോകം ചമയ്ക്കാനുള്ള പ്രാവീണ്യക്കുറവുകൊണ്ടാണതെന്ന വിശദീകരണം വിനയംകൊണ്ടാണെന്നുറപ്പ്. പക്ഷേ ഈ മാതൃക കൗതുകമുള്ളതായി, വായനക്കാര്‍ക്ക് സ്വന്തം വിവര്‍ത്തനശേഷി പരീക്ഷിക്കാന്‍ വകയുമായി.
1190 പേജില്‍ ഇങ്ങനെയൊരു പുസ്തകത്തിന്, വായന ഡിജിറ്റലാകുന്ന കാലത്ത് പ്രസക്തിയുണ്ടോ എന്ന് ചോദ്യം വരാം. രാമകഥയ്ക്കും രാമായണത്തിനും എക്കാലത്തും പ്രസക്തിയുള്ളതുപോലെ ഈ തര്‍ജ്ജമ കൈയിലെടുക്കുന്നവര്ക്കെന്നും കൈപ്പുസ്തകമാകുമെന്നുറപ്പ്. അതാണ് ഈ സംരംഭത്തിന്റെ വിജയവും.
ശ്രീരാമചരിത മാനസം
തുളസീദാസ രാമായണത്തിന്റെ
മലയാള പദ്യപരിഭാഷ
സി.ജി. രാജഗോപാല്‍
വ്യാസാ ബുക്സ്, തിരുവനന്തപുരം
വില: 950 രൂപ
$
പ്രതികരിക്കാൻ ഇവിടെ എഴുതുക: