തിരുവനന്തപുരം: ബഹ്റിനില്‍ ജയിലിലായ മകന്റെ മോചനത്തിനു വേണ്ടി പരാതിയുമായെത്തിയ മാതാവ്, ഒമാനിലെ സലാലയിലുള്ള സ്കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് അന്യായമായി തടഞ്ഞുവച്ചത് തിരിച്ചു കിട്ടാനായെത്തിയ അധ്യാപിക എന്നിവരുള്‍പ്പെടെ എന്‍ആര്‍ഐ കേരളാ കമ്മീഷന് ആസ്ഥാനത്ത് നടന്ന അദാലത്തില്‍ എത്തിയവര്‍ 22 പേര്.
ചെയര്‍പെഴ്സണ്‍ ജസ്റ്റിസ് പി. ഭവദാസന്‍, വ്യവസായ പ്രമുഖന് ഡോ. ഷംഷീര്‍ വയലില്‍, എഴുത്തുകാരന് ബെന്യാമിന്, സാമൂഹ്യപ്രവര്‍ത്തകരായ സുബൈര്‍ പുഴയരുവത്ത്, ആസാദ് മണ്ടേപ്പുറത്ത്, മെമ്പര്‍ സെക്രട്ടറി നിസാര്‍ എച്ച്. എന്നിവരുള്‍പ്പെടെ എല്ലാ കമ്മീഷന് അംഗങ്ങളും പങ്കെടുത്ത അദാലത്തില്‍ ലഭിച്ച പരാതികളില്‍ പതിനെട്ടെണ്ണത്തിലും കമ്മീഷന് തത്സമയം തുടര്‍നടപടികള്‍ സ്വീകരിച്ചു. അധ്യാപികയുടെ വിദ്യാഭ്യാസയോഗ്യതാ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവച്ച സലാലയിലെ സ്കൂള്‍ അധികൃതരുടെ ഇന്ത്യയിലെ പ്രതിനിധിയെ വിളിച്ചു വരുത്തിയ കമ്മീഷന് ഇരുപത് ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് പരാതിക്കാരിക്ക് കൈമാറാന്‍ ഉത്തരവായി.
അദാലത്തിനു മുന്നോടിയായി നടന്ന സിറ്റിംഗില്‍ നോര്‍ക്ക ക്ഷേമപദ്ധതിയില്‍ ചേരാനുള്ള പ്രായപരിധി 60 വയസ്സില്‍ നിന്നുയര്ത്തണമെന്ന് ശുപാര്‍ശ ചെയ്യാനും തീരുമാനമായി.
ചാവക്കാട് നടത്തിയ അദാലത്തില്‍ ലഭിച്ച 70 പരാതികളില്‍ 35 എണ്ണവും തീര്‍പ്പാക്കാനായി. അടുത്ത അദാലത്ത് 18ന് തിരൂരില്‍ നടക്കും. തുടര്‍ന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കുവേണ്ടി 19ന് കണ്ണൂരും കോഴിക്കോട്, വയനാട് ജില്ലകള്‍ക്കു വേണ്ടി 20ന് കോഴിക്കോടും അദാലത്തുകള്‍ നടക്കും.
പരാതികള്‍ നേരിട്ടോ ടെലിഫോണ്‍ വിളിച്ചോ ഇ-മെയില്‍ മുഖേനയോ നല്‍കാം. ടെലിഫോണ്‍ നമ്പര്‍ 0471-2322311. ഇ-മെയില്‍: [email protected], [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: