ശാസ്ത്രീയ നാമം: Acacia nilotica
സംസ്കൃതം-അജഭക്ഷ്യ
തമിഴ്: കരുവേലകം
എവിടെക്കാണാം: ഗുജറാത്തിന് തെക്ക് എല്ലാ സംസ്ഥാനങ്ങളിലും വരണ്ട മണല്‍ പ്രദേശങ്ങളില്‍. മരുഭൂമിയില്‍ നട്ടുപിടിപ്പിക്കാന്‍ പറ്റിയ മരമാണിത്.
പുനരുത്പാദനം: വിത്തില്‍ നിന്ന്
ഔഷധപ്രയോഗങ്ങള്‍: തളിരില പഞ്ചസാര കൂട്ടി അരച്ച് നെല്ലിക്ക വലുപ്പത്തില്‍ ദിവസം രണ്ടുനേരം സേവിച്ചാല്‍ ചുമ മാറും. തളിരില അരച്ച് മോരില്‍ കലക്കി കുടിച്ചാല്‍ രക്താതിസാരം, അതിസാരം ഇവ ശമിക്കും. ഇലയും തൊലിയും ഇട്ടുതിളപ്പിച്ച വെള്ളം കവിള്‍ക്കൊണ്ടാല്‍ തൊണ്ടവീക്കം, വായ്പ്പുണ്ണ്, മോണയില്‍ നിന്ന് രക്തം വരുന്നത്, തൊണ്ടവേദന എന്നിവ മാറും. മുറിവുകളില്‍ ഈ കഷായം കൊണ്ട് കഴുകിയാല്‍ സുഖം പ്രാപിക്കും. ഇല അരച്ച് വ്രണത്തില്‍ പുരട്ടിയാല്‍ മുറിവ് കരിയും.
മൂത്രാശയ രോഗങ്ങള്‍, യോനീസ്രവം, യോനീവീക്കം, പൈല്‍സ് എന്നിവ ശമിക്കുന്നതിന് ഈ കഷായം തേന്‍ ചേര്‍ത്ത് സേവിക്കുന്നതും രോഗം ബാധിച്ച ഭാഗങ്ങള്‍ കഷായം കൊണ്ട് കഴുകുന്നതും നല്ലതാണ്. മൂത്രത്തിലെ പഞ്ചസാര കുറയുന്നതിന് 30 ഗ്രാം തൊലി ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് അരലിറ്റര്‍ ആക്കി വറ്റിച്ച് കാട്ടുജീരക പൊടി മേമ്പൊടി ചേര്‍ത്ത് രണ്ടുനേരം സേവിച്ചാല്‍ ശമനം കിട്ടും.
കരിവേലകത്തിന്റെ തൊലിയില്‍ നിന്നുള്ള പശ കറുത്ത് കട്ടിയുള്ളതാണ്. ഇത് കാത്ത് എന്ന് അറിയപ്പെടുന്നു. ഇതും ഏകനായകത്തിന്റെ വേര്, നീര്‍മരുതിന്‍ തൊലി, അമൃതിന്റെ ഊറല്‍, കണിക്കൊന്ന വിത്തിന്റെ അകത്തെ മജ്ജ ഇവ സമം എടുത്ത് എള്ളെണ്ണയും തേനും ചേര്‍ത്ത് അരച്ച് ചെറു നെല്ലിക്ക അളവില്‍ ഗുളിക ഉരുട്ടി നിഴലില്‍ ഉണക്കുക. ഓരോ ഗുളിക വീതം അമൃതിന്റെ നീരും ചേര്‍ത്ത് രണ്ടുനേരം സേവിച്ചാല്‍ രണ്ടുമാസം കൊണ്ട് പ്രമേഹത്തിന് താല്കാലിക ശമനം കിട്ടും. പ്രമേഹം പൂര്‍ണ്ണമായും സുഖപ്പെടുത്തുന്നതിന് മരുന്ന് നാളിതുവരെ കണ്ടെത്തിയിട്ടില്ല.
കരിവേലകത്തിന്റെ തൊലി, നാട്ടുമാവിന്റെ തൊലി എന്നിവ 30 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് കുറേശെയായി കവിള് കൊണ്ടാല്‍ വായിലുണ്ടാകുന്ന വ്രണങ്ങള്‍ ശമിക്കും. കരിവേലകത്തിന്റെ തൊലി ചതച്ച് നീരുപിഴിഞ്ഞെടുത്ത് മുലപ്പാല്‍ കൂട്ടി കണ്ണില്‍ ഒഴിച്ചാല്‍ ചെങ്കണ്ണ് മാറും. കരിവേലക തൊലി, മരമഞ്ഞള്‍ തൊലി, അയമോദകം, കുറാസാണി ഇവ 15 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിയ്ക്കുക. ഈ കഷായവും തേനും ചേര്‍ത്ത് കവിള്‍ക്കൊണ്ടാല്‍ നാവിലുണ്ടാകുന്ന രോഗങ്ങള്‍ ശമിക്കും. പശ തേനില്‍ ചാലിച്ച് കഴിച്ചാല്‍ അതിസാരം, മൂത്രമേഹം( മൂത്രത്തിലെ പഞ്ചസാര) എന്നിവ മാറും.
തയ്യാറാക്കിയത്: വി.കെ. ഫ്രാന്‍സിസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: