സിംഗപ്പൂര്‍: ആസാമിലെ ഭക്ഷ്യസംസ്കരണ രംഗത്ത് മുതല്‍ മുടക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി അറിയിച്ചു. സിംഗപ്പൂരില്‍ നടന്ന റീജ്യണല്‍ പ്രവാസി ഭാരതീയ ദിവസിനിടെ ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് യൂസഫലിയുടെ പ്രഖ്യാപനം.
ആസാമില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന പഴം, പച്ചക്കറികള്‍ മുതലായവ നേരിട്ട് സംഭരിച്ച് ഗള്‍ഫ് രാഷ്ട്രങ്ങളിലും കിഴക്കേനേഷ്യന്‍ രാജ്യങ്ങളിലുമുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വിപണനം നടത്തും. ഇതിനായി അത്യാധുനിക കോള്‍ഡ് സ്റ്റോര്‍ സ്ഥാപിക്കും.
ലുലു ഗ്രൂപ്പിനാവശ്യമായ എല്ലാ സഹായങ്ങളും ആസാം സര്‍ക്കാര്‍ നല്‍കുമെന്ന് ട്വിറ്ററില്‍ മുഖ്യമന്ത്രി കുറിച്ചു. അടുത്തമാസം ആസാമില്‍ നടക്കുന്ന ആഗോളനിക്ഷേപക സംഗമത്തില്‍ ഇത് സംബന്ധിച്ച് ധാരണയാകുമെന്നും അദ്ദേഹം പറഞ്ഞു. അഡീ. ചീഫ് സെക്രട്ടറി രവി കപൂര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, സുഷമ സ്വരാജ്, സിംഗപ്പൂര്‍ വിദേശമന്ത്രി വിവിയന്‍ ബാലകൃഷ്ണന്, വ്യവസായമന്ത്രി എസ്. ഈശ്വരന്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു എന്നിവരടക്കം നിരവധി പ്രമുഖരാണ് രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: