കോഴിക്കോട് സാമൂതിരിപ്പാടിന്റെ വിദ്വല്‍ സദസ്സ്. പ്രഗത്ഭരായ പല വിദ്വാന്മാരും വന്നുചേര്‍ന്നിട്ടുണ്ട്. ഓരോരുത്തര്‍ക്കും അവരുടെ വാഗ്വൈഭവം പ്രകടമാക്കി മത്സരിക്കാനുള്ള അവസരമാണ്. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് സ്വര്‍ണക്കിഴികള്‍ സമ്മാനമുണ്ട്.
പക്ഷേ പലര്‍ക്കും ഇതില്‍ താല്പര്യമൊന്നുമില്ല. ഓ എന്ത് മത്സരം എന്ന ഭാവമാണ്. ഒരുതരം മടുപ്പ്. അവരെ പറഞ്ഞിട്ടും കാര്യമൊന്നുമില്ല. എപ്പോള്‍ മത്സരം നടന്നാലും വിജയിക്കുന്നത് ഒരേ വ്യക്തി തന്നെ. പരദേശത്തുനിന്നും വന്ന ഉദണ്ഡശാസ്ത്രികള് തന്നെയാണ് എപ്പോഴും സ്വര്‍ണക്കിഴികള്‍ ശാസ്ത്രികള്‍ കൊണ്ടുപോകും. അത്ര വാഗ്വൈഭവമാണദ്ദേഹത്തിന്.
മലയാളക്കരയിലെ വിദ്വാന്മാരെല്ലാം ഈ ശാസ്ത്രികളുടെ മുന്പില് മുട്ടുമുടക്കിക്കഴിഞ്ഞു. എങ്ങനെയെങ്കിലും ഈ നാണക്കേടില്നിന്നൊഴിവാകണമെന്ന് ചില ബ്രാഹ്മണശ്രേഷ്ഠര്‍ ചിന്തിച്ചു. അവര്‍ കൂടിയാലോചിച്ച് ഒടുവില്‍ ഒരു മാര്‍ഗ്ഗം കണ്ടെത്തി. ആയിടെ ഗര്‍ഭിണിയായ ഒരു അന്തര്‍ജനത്തിന് വിശിഷ്ട മന്ത്രങ്ങള്‍ ജപിച്ച ഒരു ഔഷധക്കൂട്ട് സേവിക്കാന്‍ നര്‍കി. ഇതിന്റെ ഫലമായി ഉണ്ടായ ശിശു വളരെ മിടുക്കനാണത്രെ. ഈ ഉണ്ണിക്ക് നല്ല ഓര്‍മശക്തിയും ബുദ്ധിയും വാഗ്വൈഭവവുമുണ്ടെന്ന് പലരും പറയുന്നു. വിവേകശക്തിയും ദീര്‍ഘവീക്ഷണവുമെല്ലാം ഒന്നിനൊന്നു മെച്ചം.
ഓരോ ദിവസവും അവിടെ കാണുന്ന കാക്കകളെയെല്ലാം വേര്‍തിരിച്ച് ഓര്‍ത്തിരിക്കും. ആരൊക്കെ വന്നു, ആരൊക്കെ വന്നു, ആരൊക്കെ വന്നില്ലാ എന്നൊക്കെ പ്രത്യേകം എടുത്തുപറയും. അതുകൊണ്ട് കാക്കശ്ശേരി എന്നാണ് ഈ ഉണ്ണിയെ എല്ലാവരും വിളിക്കുന്നത്.
ഇന്ന് ഈ ഉണ്ണിയാണ് ഉദണ്ഡശാസ്ത്രികളോടു മത്സരിക്കാന്‍ വന്നിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്നത്തെ മത്സരം പ്രത്യേകം ശ്രദ്ധയോടെ വീക്ഷിക്കാന്‍ പലര്‍ക്കും താല്‍പ്പര്യമുണ്ട്. ആ ശ്രദ്ധയോടെയാണ് പലരും ഇന്ന് വന്നിരിക്കുന്നത്.
ഉദണ്ഡശാസ്ത്രികള് പതിവുപോലെ സദസ്സില്‍ വന്നു വെല്ലുവിളിച്ച്. ആരുണ്ടെന്നോടു മത്സരിക്കാന്‍. സദസ്സില്‍ ആരും എഴുന്നേല്ക്കുന്നില്ല. എല്ലാവര്ക്കും മിണ്ടാട്ടം മുട്ടി. അപ്പോഴാണ് ഈ ഉണ്ണി എഴുന്നേറ്റ് രംഗത്തേക്ക് വന്നത്.
സാമൂതിരി മഹാരാജാവ് ചോദിച്ചു. എന്താ ഉദണ്ഡശാസ്ത്രികളോടു മത്സരിക്കാന്‍ വന്നതാണോ.
അതെ എന്ന് മറുപടി കേട്ട് മഹാരാജാവു ഞെട്ടി. ഇത്രയും പ്രഗത്ഭന്മാര് പരാജയപ്പെട്ട സ്ഥാനത്ത് ഈ ബാലന് എന്തു ചെയ്യാനാണ് എന്ന് ശങ്കിച്ചു.
ഉദണ്ഡശാസ്ത്രികള്ക്കു ചിരിയാണ് വന്നത്. ഈ ശിശുവാണോ എന്നോട് മത്സരിക്കാന്‍ എന്ന ഭാവം. ശാസ്ത്രികള്‍ അത് മറച്ചുവച്ചുമില്ല. പരിഹാസത്തോടെ അദ്ദേഹം പറഞ്ഞു. ”ആകാരോ ഹ്രസ്വഃ” ആകാരം കണ്ടിട്ട് ഒരു കുഞ്ഞാണല്ലോ.
ഏതായാലും ഉണ്ണിയുടെ മറുപടിക്കു തെല്ലും താമസമുണ്ടായില്ല. ”നഹി നഹി. ആകാരോദീര്ഘഃ അകാരോ ഹ്രസ്വഃ” അല്ലല്ല. ആകാരം ദീര്‍ഘമാണ്. അകാരമാണ് ഹ്രസ്വം. എന്ന ആ അക്ഷരം ദീര്‍ഘമാണ്. അകാരമാണ് ഹ്രസ്വാക്ഷരം.
ശാസ്ത്രികള്‍ ഇളിഭ്യനായി. ഉണ്ണി നമ്പൂതിരിയുടെ മറുപടിക്കു മുന്നില്‍ ഉദ്ധണ്ഡശാസ്ത്രികള് പതറി. ഒന്നും മിണ്ടാനായില്ല.
ഇതോടെ ആദ്യ പണക്കിഴി ഉണ്ണി നമ്പൂതിരിതന്നെ സമ്മാനമായി നേടി. സദസ്സൊന്നാകെ ആഹ്ലാദത്തില്‍ ഇളകിമറിഞ്ഞു. ഉദണ്ഡശാസ്ത്രികള് ഒരു ഉണ്ണിയോടു പരാജയപ്പെട്ടിരിക്കുന്നു.
പരാജയത്തിലും പരിഹാസം വിടാതെ ഉദണ്ഡശാസ്ത്രികള് അഹങ്കാരത്തോടെ പറഞ്ഞു. മലയാളക്കരയിലെ വിദ്വാന്മാരെല്ലാം എന്റെ മുന്പില് വെറും കഴുതകളാണ്. അതിനാല്‍ ഇവിടെ മത്സരിക്കാന്‍ ഒട്ടും പ്രയാസപ്പെടേണ്ടതില്ല. ഇവരോട് ജയിക്കാന്‍ ഞാന്‍ വളര്‍ത്തുന്ന ഏതെങ്കിലും ഒരു ചെറുജീവി മതി. ഇപ്പോള്‍ ഇവിടെ ഈ സദസ്സസില് എനിക്ക് പറയാനുള്ളതെല്ലാം ഈ തത്ത പറയും എന്നുപറഞ്ഞുകൊണ്ട് ഒരു കൂട്ടില്‍നിന്നും പുറത്തിറക്കി.
എന്നാല്‍ ഉണ്ണി നമ്പൂതിരിയും വിട്ടില്ല. എന്റെ മുന്നില്‍ തോറ്റ ഒരാളോട് ഇനിയും ഞാന്‍ മത്സരിക്കേണ്ട ആവശ്യമുണ്ടോ? അതിനാല്‍ എനിക്ക് പറയാനുള്ളതെല്ലാം ഈ പൂച്ച പറയും എന്നറിയിച്ചുകൊണ്ട് ഒരു പൂച്ചയെ പിടിച്ചുമുന്നില് നിര്‍ത്തി.
പൂച്ചയെ കണ്ടതോടെ തത്ത പേടിച്ച് തിരിച്ചുകൂട്ടില് കയറി. ഒന്നും മിണ്ടാനാകാതെ അത് പേടിച്ചുവിറച്ചു.
അതോടെ സദസ്സ് ആഹ്ലാദത്തില്‍ തിമിര്‍ത്തു. ഉദണ്ഡശാസ്ത്രികളെ ഉണ്ണി നമ്പൂതിരിയുടെ പൂച്ച പരാജയപ്പെടുത്തിയിരിക്കുന്നു.
എല്ലാവരും കാക്കശ്ശേരിക്കു ജയ് വിളിച്ചു. മഹാരാജാവ് വീണ്ടും കാക്കശ്ശേരിക്കു സ്വര്‍ണ്ണക്കിഴികള്‍ നല്കി ആദരിച്ചു. തൊട്ടതെല്ലാം പൊട്ടി ഉദണ്ഡശാസ്ത്രികള് തോറ്റമ്പി പുറത്തുപോയി.
പിന്നീട് പലപ്പോഴും മത്സരങ്ങള്‍ നടന്നപ്പോഴെല്ലാം കാക്കശ്ശേരി ഭട്ടതിരിതന്നെ ജയിച്ചതോടെ ഉദണ്ഡശാസ്ത്രികള് വരാതായി.
കാക്കശേരി ഭട്ടതിരിപ്പാടിന്റെ ബുദ്ധി വൈഭവവും വാഗ്സാമര്‍ത്ഥ്യവും നാട്ടുകാരും മറുനാട്ടുകാരുമെല്ലാം പാടിപ്പുകഴ്ത്തി.
(തുടരും)
എ.പി. ജയശങ്കര്‍, ഇടപ്പള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: