തിരുവനന്തപുരം: അനന്തപുരിയിലെ കണ്ണുകള്‍ക്ക് വിരുന്നൊരുക്കി കനകക്കുന്നില്‍ വസന്തോത്സവം ആരംഭിച്ചു. ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്തു. കൃഷി ജീവിതത്തിന്റെ ഭാഗമാക്കണമെന്നും വീടുകളില്‍ തന്നെ ജൈവപച്ചക്കറി കൃഷിയും അലങ്കാര സസ്യോദ്യാനവും ഉണ്ടാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്ഭവനില്‍ ഇരുനൂറില്‍പ്പരം ഔഷധസസ്യങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്, മേയര്‍ വി.കെ. പ്രശാന്ത്, കെ. മുരളീധരന് എംഎല്‍എ എന്നിവര്‍ പങ്കെടുത്തു.
കാവുകളുടെ പുനരാവിഷ്കാരം, ഗോത്രവര്‍ഗ ഊരിന്റെ മാത്യക, കാര്‍ഷിക പ്രദര്‍ശനവിപണനമേള, ആയുര്‍വേദ ഔഷധങ്ങളുടെ പ്രദര്‍ശനം, തേന്‍കൃഷി, അക്വാഷോ, ഭക്ഷ്യമേള, വനക്കാഴ്ചകള്‍, ശലഭോദ്യാനം, വയനാടന്‍ വിത്തുപുര, വിവിധ സാംസ്കാരിക പരിപാടികള്‍ എന്നിവ മേളയുടെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്. പതിനായിരത്തില്‍പ്പരം പുഷ്പങ്ങളുടെയും സസ്യങ്ങളുടെയും മനം മയക്കുന്ന വര്‍ണക്കാഴ്ചകളാണ് കനകക്കുന്നില്‍ നടക്കുന്നത്.
രാവിലെ പത്ത് മുതല്‍ രാത്രി എട്ട് വരെയാണ് പ്രവേശനം. ടിക്കറ്റുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആല്‍ത്തറ, കവടിയാര്‍, നന്തന്‍കോട്, ജവഹര്‍ നഗര്‍ എന്നീ ബ്രാഞ്ചുകളിലും www.vasanth olsavamkeala.org എന്ന വെബ്സൈറ്റ് വഴിയും കനകക്കുന്നിലെ പ്രധാന കവാടത്തിലും ലഭിക്കും.
വസന്തോത്സവം സമാപിക്കുന്ന പതിനാല് വരെ കനകക്കുന്നിലെ പ്രഭാത, സായാഹ്ന നടത്തത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരളസഭയോടനുബന്ധിച്ച് വിനോദസഞ്ചാര വകുപ്പിന്റെയും കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് വസന്തോത്സവം സംഘടിപ്പിക്കുന്നത്.രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തലസ്ഥാനത്ത് തുടങ്ങിയ വസന്തോത്സവം 14 സമാപിക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: