സുഖകരമാകുന്നതു മാത്രമല്ല സഫലമാകുന്നത്.വേദന തിന്നു വേദനതന്നെ സുഖമായിത്തീരുന്നതും സഫലമാണ്.31 വര്‍ഷങ്ങള്‍ക്കു മുന്‍പൊരു ജനുവരി ആറിന് യാത്രയായ കവി എന്‍.എന്‍.കക്കാട് വേദനയുടെ ആഹ്ളാദത്തില്‍നിന്നാണ് മലയാളത്തിലെ എക്കാലത്തേയും മികച്ച കവിതകളിലൊന്നായ സഫലമീയാത്ര തന്നത്.വര്‍ഷങ്ങളായി കക്കാടിന്റെ കവിതാ ഇടം ഒഴിഞ്ഞുകിടക്കുന്നുവെങ്കിലും അത് എക്കാലത്തേക്കും പൂരിപ്പിക്കാന്‍ ഈ സഫലമീ യാത്ര എന്ന ഒറ്റക്കവിതമാത്രം മതിയാകും.
പ്രകൃതിയും മനുഷ്യനും അതിന്റെ സമസ്തഭാവങ്ങളും ഇടകലര്‍ന്നൊരു ആയുസിന്റെ കഴമ്പുള്ളതിനാലാണ് സഫലമീ യാത്ര എന്ന കവിത നിത്യഹരിതമാകുന്നത്.ജീവിതത്തോട് അത്രമേല്‍ പ്രണയവും ഒപ്പം ലാഘവത്വവും നിറയുന്നുണ്ട് ഈ കവിതയില്‍. അതുകൊണ്ടാണ് ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍ ആതിര വരും പോകുമല്ലേ സഖീ…എന്നുപറയുന്നത്.വന്നാലും പോയാലും തനിക്കൊന്നുമില്ല എന്നല്ല വന്നതെല്ലാം പോകേണ്ടതാണെന്ന സൂക്ഷ്മമായ തിരിച്ചറിവിന്റെ തത്വചിന്തയാണത്.വിടപറയുംവരെ ആഹ്ളാദമായിരിക്കാം എന്ന് തുടര്‍ന്നുവരുന്ന വരികളിലുണ്ട്.വരുംകൊല്ലം ആരാകും എന്താകുമെന്നൊന്നും അറിയില്ലെന്നും ചേര്‍ത്തുവെക്കുന്നു.നാളെ തീരാനുള്ളതിന്റെ നിരാശയില്‍ കരയാനുള്ളതല്ല ഇന്നുകളെന്ന് കക്കാട്.
ജീവിതത്തോടുള്ള നിഷേധവും ആസക്തിയും സഫലമീ യാത്രയിലുണ്ട്.മാരകരോഗത്താല്‍ വേദന കൊടുമ്പിരികൊള്ളുമ്പോഴും യാത്ര സഫലമാണെന്നു പറയാന്‍ കക്കാടിലെ കവിയെ ചങ്കൂറ്റംകൊള്ളിക്കുന്നത് ഇന്നുകളിലെ ആനന്ദമാണ്.തമ്മില്‍ എതിരേറ്റും നൊന്തും നോവിച്ചുമൊക്കെയാണ് ആ ആനന്ദം അനുഭവിക്കുന്നത്.
ആഹ്ളാദത്തിന്റെ പതിഞ്ഞ ശീലുകളിലൂടെ മരണത്തിന്റെ നിഗൂഢമായ പൂച്ചനടത്തം പലമാതിരി സഫലമീ യാത്രയില്‍ എത്തിനോക്കുന്നുണ്ട്.നിറുകയിലെ ഇരുട്ട്,വിജനമാം വഴി,നിഴലുകള്‍ തുടങ്ങിയ കല്‍പ്പനകളിലൂടെയാണ് മരണത്തിന്റെ പാദമുദ്ര കാണുന്നത്.മരണം ഈ കവിതയിലെ പ്രധാനവിഷയമല്ലെങ്കിലും അതിജീവനത്തിന്റെ പ്രസരിപ്പിനെക്കുറിച്ചാകുമ്പോള്‍ മരണത്തിനു സാംഗത്യമുണ്ട്.മലയാളത്തിലെ ഏറ്റവുംമികച്ച മരണ കവിതയായ ജീയുടെ ഇന്നു ഞാന്‍ നാളെ നീ ഇവിടെ ഓര്‍മ്മവരും. അതിലെ തീവ്രമായ അന്തരീക്ഷ കല്പ്പനയുടെ വഴിയോക്കാഴ്ച ഈ കവിതയിലുമുണ്ട്.
തരളിതമായൊരു കാവ്യഭാവനയുടെ ഉടമയല്ല കക്കാട്.തരളിത ഭാവന കടന്നുവരുന്നത് രുദ്രകാലത്തിന്റെ പേപിടിച്ച സ്വഭാവം പറയാനുള്ള വഴിയൊരുക്കുന്നതിനാണ്.പട്ടിപ്പാട്ട്,പോത്ത്,ചെറ്റകളുടെ പാട്ട് തുടങ്ങിയ കവിതകളില്‍ ആസുരകാലത്തെക്കുറിച്ചുള്ള ആശങ്കകളുണ്ട്.അതിനായി പ്രാദേശിക പദാവലികള്‍ ചേര്‍ത്തുവെച്ചാണ് ഇത്തരം കവിതകള്‍ കക്കാട് രചിച്ചിട്ടുള്ളത്.മനുഷ്യനെന്ന നിലയിലുള്ള വേദനയും കവി എന്നതരത്തിലുള്ള പ്രതിബദ്ധതയും ഇതില്‍ കാണാം.പഴമയുടെ കാതലിനെ കണ്ടറിഞ്ഞ് ആധുനികതയുടെ നടുക്കണ്ടമുള്ള കാമ്പും കൂടിച്ചേരുന്നതാണ് കക്കാടിലെ കാവ്യ പ്രതിഭ.
സേവ്യര്‍.ജെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: