ചില പൊതുമേഖലാ വാണിജ്യ ബാങ്കുകള്‍ പൂട്ടാന്‍ പോകുന്നു എന്ന കള്ള പ്രചാരണമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവം. ഇതുതന്നെയാണ് രാഹുല്‍ ഗാന്ധിയുടെ ഭാഷയില്‍ പറഞ്ഞാല്‍ യഥാര്‍ത്ഥ ‘ജൂട്ട്’ എന്നു പറയാം. ശുദ്ധമായ നുണപ്രചാരണം. നുണ എന്ന കോടാലികൊണ്ട് അറിവില്ലാത്തവരെ വെട്ടിയാല്‍ അല്പനേരത്തേക്ക് അവര്‍ക്ക് അസ്വസ്ഥതയുണ്ടായേക്കാം.
ഫിനാന്‍ഷ്യല്‍ റെസല്യൂഷന്‍ ആന്‍ഡ് ഡെപ്പോസിറ്റ് (എഫ്ആര്‍ഡിഐ) ബില്ലിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടാന്‍ പോകുന്നു എന്ന് ചില തല്‍പ്പര കക്ഷികള്‍ നുണ പ്രചരിപ്പിച്ചു. പിന്നീട് അത്തരം കഥകള്‍ വിശ്വസിക്കാന്‍ വിപണിയില്‍ ആളില്ലെന്ന് മനസ്സിലായി. അപ്പോള്‍ ബാങ്ക് ലയനമെന്ന വിഷയം കൈക്കലാക്കി. നഷ്ടത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ബാങ്കുകള്‍ പൂട്ടുകയല്ലാതെ മറ്റ് വഴികളില്ലേ? പലരും സംശയിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ബാങ്കുകള്‍ ഈ പരിതാപകരമായ അവസ്ഥയില്‍ എത്തിയതിന് കാരണം മറ്റൊന്നല്ല, ചട്ടവിരുദ്ധമായി വന്‍കിട കമ്പനികള്‍ക്ക് വന്‍തോതില്‍ കടം നല്‍കിയതാണ്.
ബാങ്കുകളുടെ കിട്ടാക്കടം കുന്നുകൂടിയപ്പോള്‍ ബാങ്കുകളുടെ നഷ്ടവും കുന്നുകൂടി. ബാങ്കുകളുടെ നടത്തിപ്പ് പ്രതിസന്ധി നേരിട്ടുതുടങ്ങി. സേവന നിക്ഷേപകര്‍ ബാങ്കുകളിലിടുന്ന പണം ബാങ്കുകള്‍ക്ക് കടം നല്കാന് കഴിയാത്ത അവസ്ഥയായി. കാരണം, ബാങ്കിങ് ഭാഷയില്‍ അറിയപ്പെടുന്ന സിഎആര്‍ അല്ലെങ്കില്‍ കടം നല്കാന് പര്യാപ്തമായ മൂലധന അനുപാതം (കാപ്പിറ്റല്‍ ഏഡിക്വസി റേഷ്യോ) കുറയുമ്പോള്‍ കടം നല്‍കുന്നത് നിയന്ത്രിക്കപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തിലും, കിട്ടാക്കട പ്രതിസന്ധി തരണം ചെയ്യാന്‍ പറ്റാത്ത അവസ്ഥ നിലനില്ക്കുകയും ചെയ്യുന്നതിനാല്‍ റിസര്‍വ് ബാങ്ക് ഇതിനകം 10 ദേശസാല്‍കൃത വാണിജ്യ ബാങ്കുകളെ അടിയന്തര പരിഹാര നടപടി (പ്രോംറ്റ് കറക്ടീവ് ആക്ഷന്‍) പട്ടികയില്‍ ഉള്‍പ്പെടുത്തി ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനര്‍ത്ഥം ഈ ബാങ്കുകള്‍ പൂട്ടാന്‍ പോകുന്നു എന്നല്ല; കരുതലോടെ നീങ്ങാന്‍ ആവശ്യപ്പെടുന്നതിനും കൂടുതല്‍ മൂലധന സമാഹരണത്തിന് വഴിതേടാനുമാണ്.
ദേശസല്‍കൃത ബാങ്കുകളെ കയ്യിലുള്ള പണം കടംനല്‍കാന്‍ പ്രാപ്തരാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇതിനകം വന്‍തുക മൂലധനമായി നല്കുകയുണ്ടായി. എന്നാലും കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ തന്നെ ശ്രമം നടത്തണം. അതിനാവശ്യമായ നിയമവും നിലവില്‍ വന്നു. ഇനി സമയബന്ധിതമായി ബാങ്കുകള്‍ വായ്പ്പത്തുക തിരിച്ചുകൊണ്ടുവന്ന് നല്ല രീതിയിലുള്ള നടത്തിപ്പ് ഉറപ്പുവരുത്തുകയും ലാഭമുണ്ടാക്കുകയും വേണം. ഇനിയും പരാജയപ്പെട്ടാല്‍ അത്തരം ബാങ്കുകളെ നല്ല രീതിയില്‍ നടത്തപ്പെടുന്ന ബാങ്കുകള്‍ ഏറ്റെടുത്ത് ലയിപ്പിക്കുക എന്ന പരിഹാരമേ ഉണ്ടായിരിക്കൂ.
ഒരുപക്ഷേ, ഇതിന്റെ ചുവടുപിടിച്ചുകൊണ്ടായിരിക്കാം ചില ബിസിനസ്സ് മാധ്യമങ്ങള്‍ ബാങ്ക് ലയന സാധ്യത മുഖ്യ വാര്‍ത്തയായി പ്രചരിപ്പിച്ചത്. പക്ഷേ ഇപ്പോഴത്തെ ഊഹവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ തെറ്റായ വ്യാഖ്യാനം സമൂഹ മാധ്യമങ്ങളില്‍ പടര്‍ന്നു. അതില്‍നിന്ന് ഒരുകാര്യം വ്യക്തമാകുന്നു; കഥകള്‍ പടച്ചുവിടാന്‍ ഇപ്പോള്‍ കഴിവ് തെളിയിച്ച പലരും കേന്ദ്രത്തില്‍ മോദിയുടെ സര്‍ക്കാര്‍ വന്നതിനുശേഷമാണ് ബിസിനസ് പത്രങ്ങള്‍ വായിക്കാനും ബിസിനസ് ചാനലുകള്‍ കേള്‍ക്കാനും തുടങ്ങിയത്.
വാണിജ്യ ബാങ്കുകളുടെ ലയനം പല കാരണത്താലും നിലവിലുള്ള സാഹചര്യത്തില്‍ അനിവാര്യമാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. അത്തരം അഭിപ്രായം നീണ്ടകാലമായി തുടരുന്നു.
ഉടമസ്ഥതയുടെ പേരില്‍ സര്‍ക്കാരാണ് അന്തിമമായി ലയനതീരുമാനം ശരിവയ്ക്കേണ്ടതെങ്കിലും ബോര്‍ഡ് നിയന്ത്രണത്തിലുള്ള ബാങ്കുകളുടെ ഭാവി തീരുമാനം എന്താണെന്ന് തീരുമാനിക്കേണ്ട സ്വാതന്ത്ര്യം നിശ്ചിത ബോര്‍ഡിനുണ്ട് എന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ലയനം ഇരുവര്‍ക്കും ലഭിക്കാവുന്ന നേട്ടങ്ങളേയും ഇടപാടുകാരുടെ താല്‍പ്പര്യങ്ങളേയും അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. അത് ബാങ്കുകള്‍ തമ്മിലുള്ള തീരുമാനവുമായിരിക്കണം. ഇതാണ് ശരിയായ സര്‍ക്കാര്‍ നിലപാട്. ബാങ്കുകളുടെ നടത്തിപ്പില്‍ പുറത്തുനിന്ന് ഇടപെടാതെ സ്വതന്ത്രമായി തീരുമാനിക്കാന്‍ അവര്‍ക്ക് അധികാരം നല്കുന്നു. അതാണ് ഇപ്പോഴത്തെ ധനമന്ത്രിയുടെ പ്രശംസനീയമായ നിലപാട്.
കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ വന്ന ധനമന്ത്രിമാരും ബാങ്കിങ് മേഖലയിലെ ഉന്നതരും മുതല്‍ ബാങ്കുകളിലെ ജനറല്‍ മാനേജര്‍മാര്‍ വരെയുള്ളവര്‍ സംസാരിച്ചുകൊണ്ടിരുന്ന വിഷയമായിരുന്നു വാണിജ്യ ബാങ്കുകളുടെ ‘അഭികാമ്യമായ’ ലയനം. അതിന് അവര്‍ക്ക് ഒട്ടനവധി കാരണങ്ങളും നിരത്താനുണ്ടായിരുന്നു.
ഒരേ മേഖലയില്‍ 21 സ്ഥാപനങ്ങള്‍ പൊതുമേഖലാ ഉടമസ്ഥതയിലാണെന്ന് പറയുമ്പോള്‍ സ്വാഭാവികമായും ചില ചോദ്യങ്ങള്‍ ബാക്കിയാവുന്നു. ഇത്രയും കൂടുതല്‍ സ്ഥാപനങ്ങളുടെ സര്‍ക്കാര്‍ ഉടമസ്ഥത രാഷ്ട്രീയമായി ചൂഷണം ചെയ്യാനല്ലാതെ മറ്റെന്തിനാണ്? തിരിച്ചുകിട്ടാത്ത വന്‍കിട കടങ്ങളില്‍ മിക്കവയും രാഷ്ട്രീയമായ ചൂഷണത്തിന്റെ പരിണതഫലമാണ്. ലയനം ഒരുപക്ഷേ അത്തരം സാധ്യതകളെ പൂര്‍ണ്ണമായും തടയുകയില്ലെങ്കിലും ലയനത്തിലൂടെ ഉടലെടുക്കുന്ന ഭീമന് സ്ഥാപനത്തിന് ചില അക്കൗണ്ടുകളുടെ പരാജയത്തില്‍ കാര്യമായി പരിക്കുപറ്റാന്‍ സാധ്യത കുറവാണ്.
ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ആഗോളതലത്തില്‍ എണ്ണപ്പെടാനുള്ള വലുപ്പത്തില്‍ തദ്ദേശവാണിജ്യ ബാങ്കിങ് സ്ഥാപനമുണ്ടായിരിക്കണം. വാണിജ്യ ബാങ്കിങ് രംഗത്ത് വലുപ്പം ഒരു സുപ്രധാനമായ ഘടകമാണ്. അതിവേഗം വളരുന്ന സംമ്പദ്ഘടനയില്‍ കൂറ്റന്‍ വ്യവസായ സംരംഭങ്ങളെ സഹായിക്കാനുള്ള കരുത്ത് തദ്ദേശ വാണിജ്യ ബാങ്കുകള്‍ക്കുണ്ടായിരിക്കണം. മാത്രമല്ല, ബാങ്കുകളുടെ നടത്തിപ്പിന് ക്ഷമത എന്ന ഘടകം സാമ്പത്തിക വളര്‍ച്ചയിലും തളര്‍ച്ചയിലും അതിന്റെ ശക്തമായ നിലനില്‍പ്പിന് അത്യാവശ്യമാണ്. ക്ഷമതയുള്ള ബാങ്കുകള്‍ക്ക് മാത്രമേ വിപണി ആഗ്രഹിക്കുന്ന രീതിയില്‍ വായ്പ്പത്തുകയുടെ നിരക്ക് ത്വരിതപ്പെടുത്താനും, കുറഞ്ഞ മാര്‍ജിനില്‍ കടം നല്കി അതിജീവിക്കാനും കഴിയൂ.
സാധാരണ ഗതിയില്‍ ലയനം സ്വമേധയാ എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെങ്കിലും, നടത്തിപ്പിലെ പിഴവ് കാരണം തകര്‍ച്ചയുടെ വക്കിലെത്തുന്ന ഒരു ബാങ്കിനെ മറ്റൊരു ബാങ്കിനോട് ഏറ്റെടുത്ത് ലയിപ്പിക്കാന്‍ റിസര്‍വ്വ് ബാങ്ക് ആവശ്യപ്പെടാറുണ്ട്. ഇത് നടത്തിപ്പിലെ പിഴവ് തിരുത്തി നിക്ഷേപകരെ സുരക്ഷിതരാക്കാനും ഉപഭോക്താക്കളുടെ താല്പര്യം സംരക്ഷിക്കാനുമാണ്.
ബാങ്കുകളുടെ ലയനം രാജ്യത്ത് പുതിയ പ്രക്രിയയല്ല. ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന പൊതുമേഖലാ ബാങ്ക് അതിന്റെ അഞ്ച് അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിച്ച് ഒറ്റ ബാങ്ക് ആക്കിയത്. ആ ലയനത്തിന്റെ ഭാഗമായി എത്ര നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെട്ടു? ഭാവിയില്‍ പൊതുമേഖലാ ബാങ്കുകള്‍ ലയിക്കുകയാണെങ്കില്‍ ഏതാണ്ട് അതേ സമവാക്യത്തിലൂടെ തന്നെ ആയിരിക്കുമെന്ന് യുക്തിപൂര്‍വ്വം കരുതാം. രാജ്യത്ത് ഇതിനകം പല സാഹചര്യത്തിലും സ്വമേധയാ അല്ലെങ്കില്‍ നിര്‍ബന്ധിതമായി ധാരാളം ബാങ്ക് ലയനങ്ങള്‍ നടന്നിട്ടുണ്ട്.
കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ തന്നെ വ്യത്യസ്ത സാഹചര്യത്തില്‍ ലയനത്തിലൂടെ മൂന്നു ബാങ്കുകള്‍ അപ്രത്യക്ഷമായി; 2005 ല്‍ നെടുങ്ങാടി ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് ഏറ്റെടുത്ത് ലയനം പൂര്‍ത്തിയാക്കി. 2006 ല്‍ ലോര്‍ഡ് കൃഷ്ണാ ബാങ്ക് അന്നുണ്ടായിരുന്ന സെഞ്ചൂറിയന്‍ ബാങ്ക് ഓഫ് പഞ്ചാബ് എന്ന ബാങ്കില്‍ ലയിച്ച് രണ്ട് വര്‍ഷത്തിനുശേഷം അത് എച്ച്ഡിഎഫ്സി ബാങ്കില്‍ വീണ്ടും ലയിച്ചു. ഈ വര്‍ഷം നേരത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കുകയുണ്ടായി.
ടൈംസ് ബാങ്ക്, ബാങ്ക് ഓഫ് പഞ്ചാബ്, ഗ്ലോബല്‍ ട്രസ്റ്റ് ബാങ്ക്, സെഞ്ചൂറിയന്‍ ബാങ്ക് എന്നീ പുതുതലമുറ ബാങ്കുകളും, യുനൈറ്റഡ് വെസ്റ്റേണ്‍ ബാങ്ക്, ഭാരത് ഓവര്‍സീസ് ബാങ്ക്, വൈശ്യാ ബാങ്ക്, ബാങ്ക് ഓഫ് രാജസ്ഥാന് എന്നീ പഴയ തലമുറ സ്വകാര്യ ബാങ്കുകളും പല ബാങ്കുകളിലായി ലയിച്ചതും, ഐഡിബിഐ ബാങ്ക്, ഐഎഫ്സിഐ ബാങ്ക് പോലുള്ള സ്വകാര്യ പുതുതലമുറ വാണിജ്യ ബാങ്കുകള്‍ അവയുടെ മുഖ്യ ഉടമസ്ഥ സ്ഥാപനങ്ങളായ ഐഎഫ്സിഐ, പൊതുമേഖല സ്ഥാപനമായിരുന്ന ഐഡിബിഐ എന്നിവയില്‍ പ്രതിലോമമായി ലയിച്ചതും (റിവേഴ്സ് മെര്‍ജര്‍) അടുത്ത കാലത്താണ്. ഈ ലയന പ്രക്രിയകളില്‍ എല്ലാം എത്ര സേവന നിക്ഷേപകര്‍ക്കാണ് പണം നഷ്ടപ്പെട്ടത്?
ഹര്‍ഷദ് മേത്തയുമായി ബന്ധപ്പെട്ട 1992ലെ ഓഹരി കുംഭകോണത്തില്‍ പങ്കുണ്ടായിരുന്നു എന്ന് സംശയിച്ച നെടുങ്ങാടി ബാങ്ക് ബോര്‍ഡില്‍ രാജേന്ദ്ര ബാന്തിയ, ശ്രീകാന്ത് മന്ത്രി എന്നിവര്‍ കടന്നുകൂടിയിരുന്നു. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്റ്റോക്ക് ബ്രോക്കര്‍മാരുടെ ചട്ടവിരുദ്ധമായ അധിക സ്വാധീനവും അധികാരവും വഴി തകര്‍ച്ചയുടെ വക്കിലെത്തിയ നെടുങ്ങാടി ബാങ്കിലെ ഓഹരി ഉടമസ്ഥര്‍ക്ക് പണം നഷ്ടപ്പെട്ടപ്പോഴും സേവന നിക്ഷേപകര്‍ക്ക് അന്തിമമായി നഷ്ടം നേരിടേണ്ടി വന്നിരുന്നില്ല. അവര്‍ ഒരു ശക്തമായ പൊതുമേഖലാ ബാങ്കിന്റെ കീഴില്‍ കൂടുതല്‍ സുരക്ഷിതരാവുകയാണുണ്ടായത്. ഓരോ ലയനവും ഇടപാടുകാരുടെ താല്പര്യത്തിന്ന് പ്രത്യേക പരിഗണന കൊടുക്കാറുണ്ട്, ഭാവിയിലും അങ്ങനെ മാത്രമേ ലയനം നടക്കുകയുള്ളൂ. വിദഗ്ദ്ധരുടെ ഇടയില്‍ ലയനത്തെക്കുറിച്ച് അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കാം. എന്തായാലും ഓരോ ബാങ്കിന്റെയും മാനേജ്മെന്റിന്റെ ശുഷ്കാന്തിയായിരിക്കും അതിന്റെ ഭാവി നിശ്ചയിക്കുക.
(സാമ്പത്തികവിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)
ഉദയകുമാര്‍ കെ.വി
പ്രതികരിക്കാൻ ഇവിടെ എഴുതുക: