കാക്കനാട്: കൊച്ചിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്കൂളുകള്‍ അടക്കം ജില്ലയിലെ അംഗീകാരമില്ലാത്ത സ്കൂളുകള്‍ അടച്ചുപൂട്ടാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം നടപ്പായില്ല. അദ്ധ്യായ വര്‍ഷം തുടങ്ങി ദിവസങ്ങള്‍ക്കകമാണ് ജില്ലയിലെ അംഗീകാരമില്ലാത്ത സ്കൂളുകള്‍ അടച്ചുപൂട്ടാനുള്ള നടപടി സ്വീകരിക്കാന്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം ലഭിച്ചത്. ഇതനുസരിച്ച് അംഗീകാരമില്ലാത്ത സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നടപടി സ്വീകരിച്ചെങ്കിലും സ്കൂള്‍ മാനേജ്മെന്റുകള്‍ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചത് വിദ്യാഭ്യാസ വകുപ്പിന് തിരിച്ചടിയായി.
സംസ്ഥാന സിലിബസ് പാഠ്യവിഷയമാക്കിയ 29 സ്കൂളുകള്‍ക്ക് അംഗീകാരമില്ലാത്തതാണെന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. അംഗീകാരം എല്പിക്ക്് മാത്രമാണെങ്കില്‍ ആ വിഭാഗം നിലനിര്‍ത്തി യുപി അടച്ച് പൂട്ടാന്‍ നല്കിയ നിര്‍ദേശവും നടപ്പിലായില്ല. സ്കൂള്‍ പെട്ടെന്ന് അടച്ചുപൂട്ടുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മാനേജ്മെന്റുകള്‍ കോടതിയില്‍ വാദിച്ചത്. മാനേജ്മെന്റുകളുടെ വാദം അംഗീകരിച്ച കോടതി ആവശ്യപ്പെട്ടവര്‍ക്കെല്ലാം സ്റ്റേ അനുവദിക്കുകയും ചെയ്തു.
വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ അഫിലിയേഷന് അപേക്ഷിച്ചിട്ടും അംഗീകാരം ലഭിക്കാത്ത സ്കൂളുകളാണിത്. അംഗീകാരമില്ലാത്ത സിബിഎസ്ഇ സ്കൂളുകളില്‍ പലതും അംഗീകൃത സ്കൂളുകളുടെ മറവില്‍ പ്രവര്‍ത്തിക്കുന്നവയാണ്.
സ്റ്റേറ്റ്, സിബിഎസ്ഇ സിലിബസ് പഠിപ്പിക്കുന്ന 60 ഓളം അനധികൃത സ്കൂളുകള്‍ ജില്ലയില്‍ പ്രവര്ത്തിക്കുന്നണ്ടെന്നാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടല്‍. അസി.എഡ്യുക്കേഷന്‍ ഓഫീസര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മുഖേനയാണ് അനധികൃത സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് കണക്കെടുപ്പ് നടത്തിയത്.
മതസ്പര്‍ദ്ധ വളര്‍ത്തുന്ന സിലിബസ് പഠിപ്പിക്കുന്നുവെന്ന ആരോപണം നേരിടുന്ന കൊച്ചിയിലെ രണ്ട് പീസ് ഇന്റര്‍നാഷണല്‍ സ്കൂളുകളും വിദ്യാഭ്യാസ വകുപ്പിന്റെ അടച്ച് പൂട്ടല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: