തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ മതപാഠശാലകളില്‍ സിലബസ് കൊണ്ടുവരാന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. മതപാഠശാലകളില്‍ ഹൈന്ദവ ധര്‍മങ്ങള്‍ പഠിപ്പിക്കണം. ഇതിന്റെ പേരില്‍ മറ്റൊന്നും പഠിപ്പിക്കാന്‍ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു.
ഭസ്മം, ചന്ദനം, പനിനീര് എന്നിവയില്‍ രാസപദാര്‍ത്ഥം ചേര്‍ത്ത് വില്പന നടത്തുന്നത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് ബോര്‍ഡ് ശുപാര്‍ശ ചെയ്തു. പനിനീരില്‍ ആസിഡ് ചേര്‍ക്കുകയാണ്. ഇത് വീണാല്‍ വസ്ത്രങ്ങളുടെ നിറം പോലും മായും. ഭസ്മം, ചന്ദനം എന്നിവയും വ്യാജമായി നിര്‍മ്മിക്കുകയാണ്. ശബരിമലയില്‍ അടക്കം പ്രധാന ക്ഷേത്രങ്ങളില്‍ ചന്ദനം അരയ്ക്കുന്ന പ്ലാന്റുകള്‍ തുടങ്ങുന്നതും ആലോചിക്കും.
ദേവസ്വം ഭൂമി അന്യാധീനപ്പെടാന്‍ അനുവദിക്കില്ല. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും. മുന്‍ ബോര്‍ഡിന്റെ കാലത്ത് തഹസീല്‍ദാരെ ചുമതലപ്പെടുത്തി കുറേയേറെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചിരുന്നു. സെക്രട്ടേറിയറ്റില്‍ നടപ്പാക്കിയ മാതൃകയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പഞ്ചിങ് ഏര്‍പ്പെടുത്താനും തീരുമാനിച്ചു. ഇതിനായി അടിയന്തരമായി കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കും.
ദേവസ്വം ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന അധികം ജീവനക്കാരെ മാതൃസ്ഥാപനങ്ങളിലേക്ക് തിരികെ അയച്ചു. ഡ്യൂട്ടി വ്യവസ്ഥയില്‍ ആസ്ഥാനത്തെത്തുമ്പോള്‍ അവര്‍ ജോലി ചെയ്തിരുന്ന ക്ഷേത്രങ്ങളിലും മറ്റും പകരം ആളിനെ വയ്ക്കേണ്ടിവരും. വര്‍ക്ക് അറേഞ്ച്മെന്റ് അവസാനിപ്പിച്ചതോടെ പ്രതിവര്‍ഷം നാല്പത് ലക്ഷം രൂപ വരെ ലാഭിക്കാനാകുമെന്നും പ്രസിഡന്റ് പറഞ്ഞു.
പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് സാധനങ്ങള്‍ കൊണ്ടുപോകാനുള്ള റോപ്പ് വേ നിര്‍മാണം ആരംഭിക്കാനും തീരുമാനിച്ചു. നാല് കിലോമീറ്റര്‍ നീളത്തിലാണ് റോപ്പ് വേ നിര്‍മിക്കുന്നത്. അംഗങ്ങളായ കെ. രാഘവന്, കെ.പി. ശങ്കരദാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: