ഗുരുവായൂര്‍: കിഴക്കേനടയില്‍ നിന്ന് വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കുന്ന വ്യാപാരികള്‍ക്ക് പുനരധിവാസത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഗുരുവായൂര്‍ മര്‍ച്ചന്റ് അസോസിയേഷന്റെയും കുടിയിറക്കപ്പെടുന്ന വ്യാപാരികളുടെയും കൂടെ നിന്ന് ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുള്‍ ഹമീദ് യോഗം ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ നിയോജകമണ്ഡലം ചെയര്മാന് ലൂക്കോസ് തലക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം കണ്‍വീനര്‍ ജിജി തോമസ്, ട്രഷറര്‍ കെ.കെ. സേതുമാധവന്, ജിഎംഎ പ്രസിഡന്റ് ടി.എന്‍. മുരളി, ജന. സെക്രട്ടറി റഹ്മാന് തിരുനെല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.
വ്യാപാരികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി തന്ത്രിയും
ഗുരുവായൂര്‍: കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് പുനരധിവാസം നല്‍കണമെന്ന ആവശ്യത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്ഷേത്രം തന്ത്രി. സാമൂതിരിയുടെ കാലത്ത് പണി കഴിപ്പിച്ച സത്രം കോംപ്ലക്സിലെ കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെയാണ് തന്ത്രി ചേന്നാസ് ഡോ.പി.സി. ദിനേശന് നമ്പൂതിരിപ്പാട് രംഗത്തെത്തിയത്.
സാമൂതിരിയുടെ കാലം മുതല്‍ ഈ മുറികളില്‍ കച്ചവടം നടത്തിയവരുടെ പിന്തലമുറക്കാരും അനന്തരാവകാശികളുമാണ് ഇപ്പോഴുള്ളതെന്നും അവരോട് മനുഷ്യത്വരഹിതമായ നടപടികള്‍ സ്വീകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ പിതാവ് ചേന്നാസ് ദിവാകരന് നമ്പൂതിരിപ്പാട് ഭരണസമിതി അംഗമായിരുന്ന കാലത്ത് ഈ വ്യാപാരികളുടെ പുനരധിവാസത്തിനായി ശക്തമായി നിലകൊണ്ടിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: