പാലക്കാട്: ജില്ലാ ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥമൂലം ഗര്‍ഭസ്ഥ ശിശുക്കള്‍ മരിക്കാനിടയായ സംഭവത്തില്‍ നീതികിട്ടിയില്ലന്ന ആരോപണവുമായി പിതാവ്. കോങ്ങാട് പാറശ്ശേരി വീട്ടില്‍ സേതുമാധവനാണ് മനുഷ്യാവകാശ കമ്മീഷനില്‍ നിന്നും വിവരാവകാശ കമ്മീഷനില്‍ നിന്നും നീതികിട്ടിയില്ലെന്ന ആരോപണവുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.
2013 ഏപ്രില്‍15 നാണ് സേതുമാധവന്റെ ഭാര്യ ഷീജയുടെ ഇരട്ടക്കുഞ്ഞുങ്ങള്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് മരിച്ചത്. ഡോക്ടറുടെ ചികിത്സാപിഴവുമൂലമാണ് കുഞ്ഞുങ്ങള്‍ മരിക്കാനിടയായതെന്നു പാലക്കാട് ഡിഎംഒ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആരോഗ്യ വകുപ്പ് വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് തനിക്കു കിട്ടിയില്ലെന്നും മനുഷ്യാവകാശ കമ്മീഷനില്‍ നിന്ന് തുടര്‍നടപടികളുണ്ടായില്ലെന്നും സേതുമാധവന് ആരോപിച്ചു.
തുടക്കം മുതല്‍ തന്നെ ജില്ലാ ആശുപത്രിയില്‍ ചികിത്സ നടത്തിയിട്ടും ഇരട്ടക്കുഞ്ഞുങ്ങളാണെന്നു ഡോക്ടര്‍ പറഞ്ഞില്ലെന്നും, ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞുങ്ങള്‍ മരിച്ചെന്ന വിവരം അറിയിക്കുകയാണുണ്ടായതെന്നുമായിരുന്നു ദമ്പതികളുടെ പരാതി. ആംബുലന്‍സ് വിട്ടുകൊടുക്കാന്‍ തയ്യാറാകാത്തതിനാല്‍ സ്വകാര്യ വാഹനത്തിലാണ് ഷീജയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്.
പരാതി ലഭിച്ച് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും കേസ് പരിഗണിക്കാതിരുന്ന മനുഷ്യാവകാശ കമ്മീഷന് ഒടുവില്‍ പബ്ലിക് ലീഗല്‍ അതോറിറ്റിക്ക് പരാതി കൊടുക്കാന്‍ ആവശ്യപ്പെട്ട് കേസ് തീര്‍പ്പാക്കുകയായിരുന്നു. നീതികിട്ടിയില്ലെന്നാരോപിച്ച് സേതുമാധവന് കളക്ടറുടെ കാര്യാലയത്തിന് മുന്നില്‍ നിരാഹാര സമരവും നടത്തിയിരുന്നു.
തന്റെയും ആരോപണവിധേയയായ ഡോക്ടറുടെയും മൊഴിയുടെയും ഡിഎംഒയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെയും പകര്‍പ്പാണ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്.റിപ്പോര്‍ട്ട് കിട്ടിയെങ്കിലും മൊഴിപ്പകര്‍പ്പ് കിട്ടിയില്ല.
ഇതിനെതിരെ വിവരാവകാശ കമ്മീഷനില്‍ അപ്പീല്‍ നല്‍കിയിട്ട് ഇതുവരെ മറുപടി കിട്ടിയില്ലെന്നും അദ്ദേഹം ആരോപിച്ചു.ജനകീയ സമരസമിതി പ്രവര്‍ത്തകരായ ഗോപിനാഥ് പൊന്നാനി,പി എന്‍ നന്ദകുമാര്‍, ഉണ്ണികൃഷ്ണന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: