തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇതിനു മുന്നോടിയായി വിവിധ കമ്മിറ്റികളുടെ അവലോകന യോഗം മന്ത്രിമാരായ പ്രൊഫ.സി.രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു. ആറിന് രാവിലെ പത്തിന് തേക്കിന്‍കാട് മൈതാനത്തെ പ്രധാനവേദിയായ നീര്മാതളത്തില് മുഖ്യമന്ത്രി പിണറായി വിജയന് കലോത്സവം ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും.
സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്, മന്ത്രിമാരായ എ.സി. മൊയ്തീന്, വി.എസ്.സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കലോത്സവത്തിന് മുന്നോടിയായി 8.45 ന് ദൃശ്യവിസ്മയം അരങ്ങേറും. പൂര്‍ണമായും ഗ്രീന്‍പ്രോട്ടോക്കോള്‍ അനുസരിച്ചാണ് കലോത്സവം നടക്കുക. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി 501 അംഗ പ്രോഗ്രാം കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.
ഇവര്‍ക്ക് പരിശീലനവും നല്കിട്ടുണ്ട്. ഇന്ന് പ്രോഗ്രാം കമ്മിറ്റിയുടെ സമ്പൂര്‍ണ യോഗം ചേര്‍ന്ന് അവസാന ഒരുക്കങ്ങള്‍ വിലയിരുത്തും.
ഭക്ഷണത്തിന്
വിപുലമായ സൗകര്യം
ഭക്ഷണകാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന് വേണ്ടി മാത്രം 20 കമ്മിറ്റികളെയാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരേസമയം 3200 പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന തരത്തിലാണ് തരത്തിലുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിന് വേണ്ടി 16 ഭക്ഷണ കാബിനുകള്‍ തയ്യാറാക്കിട്ടുണ്ട്. പ്രഭാത ഭക്ഷണം രാവിലെ ഏഴു
മുതല്‍ ഒന്‍പത് വരെയും ഉച്ചഭക്ഷണം 11.30 മുതല്‍ മൂന്ന് മണി വരെയും നല്‍കും. നാലുമണി മുതല്‍ അഞ്ച് മണി വരെ ചായയും രാത്രിഭക്ഷണം 7.30 മുതല്‍ 10 മണിവരെയുമാണ് നല്‍കുക. പോലീസ്, മറ്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍, അദ്ധ്യാപകര്‍, മാധ്യമ പ്രതിനിധികള്‍ എന്നിവര്‍ക്ക് ഭക്ഷണത്തിനായി പ്രത്യേക സൗകര്യം ഒരുക്കിട്ടുണ്ട്.ഇലയിലാണ് ഭക്ഷണം വിളമ്പുന്നത്.
വാഹന സൗകര്യം ഇങ്ങനെ
16 സ്കൂളുകളില്‍ നിന്നായി 32 ബസുകള്‍ കലോത്സവത്തിനായി തയ്യാറാക്കിട്ടുണ്ട്. 250 ഓട്ടോറിക്ഷകളും അഞ്ചു ദിവസങ്ങളിലായി വിദ്യാര്‍ഥികളുടെ യാത്രക്കായി സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് പുറമേ രണ്ട് കെഎസ്ആര്‍ടിസി ബസുകളും എത്തിക്കും. റെയില്‍വേ സ്റ്റേഷന് കേന്ദ്രീകരിച്ച് പുലര്‍ച്ചെ രണ്ട് മണിവരെയും വാഹനസൗകര്യം ഏര്‍പ്പെടുത്തും.
താമസത്തിന്
21 വിദ്യാലയങ്ങള്‍
കലോത്സവത്തില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്കായി വിപുലമായ താമസ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 21 വിദ്യാലയങ്ങളിലാണ് താമസസൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇവിടെ മത്സരാര്‍ത്ഥികള്‍ക്കൊപ്പം മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ താമസിക്കാന്‍ അനുവാദമില്ല. മത്സരാര്‍ത്ഥികള്‍ക്കൊപ്പം അദ്ധ്യാപകര്‍ക്ക് താമസിക്കണമെങ്കില്‍ ബന്ധപ്പെട്ട തിരിച്ചറിയല്‍ രേഖകള്‍ കൈവശം ഉണ്ടായിരിക്കണം. താമസസ്ഥലങ്ങളില്‍ പോലീസിന്റെ കര്‍ശന നിയന്ത്രണവും നീരിക്ഷണവും ഉണ്ടാകും.
സ്വര്‍ണ്ണക്കപ്പിന്
നാളെ സ്വീകരണം
തൃശൂര്‍: സാംസ്കാരിക തലസ്ഥാനത്തേക്ക് എത്തുന്ന സ്വര്‍ണ്ണക്കപ്പിന് നാളെ സ്വീകരണം. കോഴിക്കോട് നിന്ന് വരുന്ന കപ്പിന് നാളെ രാവിലെ 10ന് ജില്ലാതിര്‍ത്തിയായ കടവല്ലൂരിലെ അമ്പലം ജങ്ഷനിലാണ് വരവേല്‍പ്പ് നല്‍കുന്നത്. തുടര്‍ന്ന് പെരുമ്പിലാവ് ടിഎംവിഎച്ച്എസ്എസിലെത്തുന്ന കപ്പ് മന്ത്രിമാരായ എ.സി.മൊയ്തീന്, പ്രൊഫ.സി.രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങും. തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിന് നഗരത്തിലെത്തും.
കലവറ നിറക്കലും പാലുകാച്ചലും
അഞ്ചിന്
തൃശൂര്‍: കലോത്സവത്തിലെ കലവറ അഞ്ചിന് ഉണരും. രാവിലെ 10ന് പാലുകാച്ചലും 11ന് കലവറ നിറക്കലും നടക്കും. കലവറ നിറക്കലിന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ നേതൃത്വം നല്‍കും. വിദ്യാര്‍ഥികളില്‍ നിന്നും കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ ശേഖരിച്ചാണ് കലവറ നിറക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: