കോതമംഗലം: വിദ്യാഭ്യാസവിദഗ്ധന്‍ ഡോ.എം.വി. പൈലിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ജന്മനാടായ ഊന്നുകല്ലില്‍ നടത്തി. ഊന്നുകല്‍ എസ്ഐ റ്റി.ഐ. ബോബന്റെ നേത്യത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി ആദരിച്ചു. കോതമംഗലം രൂപതാ ബിഷപ്പ് മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍, മുന്‍ മന്ത്രി പി.ജെ ജോസഫ്, ആന്റണി ജോണ്‍ എംഎല്‍എ, മുന്‍ എംഎല്‍എ ടി.യു. കുരുവിള, മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്ജ്, സ്കറിയ തോമസ് എന്നിവര്‍ ഊന്നുകല്ലിലെ വസതിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി വൈസ് ചാന്‍സലറുമായിരുന്ന ഡോ. എം.വി. പൈലിയുടെ മൃതദേഹം ജന്മനാടായ ഊന്നുകല്ലില്‍ സഹോദരനും മുന്‍ എംഎല്‍എയുമായ എം.വി. മാണിയുടെ വസതിയില്‍ ഇന്നലെ രാവിലെ പത്തോടെയെത്തിച്ച് പൊതുദര്‍ശനത്തിനുവച്ചു.
വസതിയില്‍ നടന്ന പ്രാര്‍ത്ഥനകള്‍ക്കുശേഷം ഊന്നുകല്‍ ലിറ്റില്‍ ഫ്ളവര്‍ ഫൊറോന പള്ളിയില്‍ കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍ ചെറിയാന് കാഞ്ഞിരക്കൊമ്പിലിന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു സംസ്കാര ശുശ്രൂഷകള്‍. പള്ളി സെമിത്തേരിയിലെ പ്രാര്ത്ഥനകള്ക്കുശേഷമായിരുന്നു പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍.
സംസ്ക്കാര ചടങ്ങുകള്‍ക്കുശേഷം ഊന്നുകല്‍ ടൗണില്‍ നടന്ന അനുശോചന സമ്മേളനത്തില്‍ കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ബെന്നി അധ്യക്ഷയായി. പ്രോ. വൈസ് ചാന്‍സലര്‍മാരായ വി.ജെ. പാപ്പു, ടി.പി. ശങ്കരന്‍കുട്ടി, വാര്‍ഡംഗം ജോഷി കുര്യാക്കോസ്, എ.ടി. പൗലോസ്, യു.കെ. കാസിം, കെ.കെ. പൗലോസ്, ഷിബു പറമ്പത്ത്, ബോസ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: