അതിഥി ദേവോ ഭവഃ. വിനോസഞ്ചാര മേഖലയുടെ മുഖമുദ്രയാണിത്. അതിഥികളെ വരവേറ്റ് ഭക്ഷണവും പാര്‍പ്പിട സൗകര്യങ്ങളൊരുക്കി സല്ക്കരിക്കുന്നതിലും മറ്റും ഹോട്ടല്‍ വ്യവസായ ശൃംഖലയ്ക്ക് നിര്‍ണ്ണായക പങ്കാണുള്ളത്. കോടിക്കണക്കിന് വിദേശനാണ്യം ടൂറിസം-ഹോട്ടല്‍ ഇന്‍ഡസ്ട്രിയിലൂടെ വര്‍ഷംതോറും ഇന്ത്യക്ക് ലഭിക്കുന്നുണ്ട്. ഇതിന് പിന്നിലെ ചാലകശക്തി വിദഗ്ധ പഠന-പരിശീലനങ്ങള്‍ നേടിയ ‘ഷെഫും’ ഹോട്ടല്‍ മാനേജരുമൊക്കെയാണെന്ന് കാണാം. ഇത്തരം പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്ന പാഠ്യപദ്ധതികളിലൊന്നാണ് ബിഎസ്സി ഹോസ്പിറ്റാലിറ്റി ആന്റ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്.
പഠനം എങ്ങനെ, എവിടെ?
കേരളത്തില്‍ കോവളം (തിരുവനന്തപുരം), വെസ്റ്റ്ഹില്‍ (കോഴിക്കോട്), വൈത്തിരി (വയനാട്), മൂന്നാര്‍ (ഇടുക്കി) ഉള്‍പ്പെടെ രാജ്യത്തെ 58 ഹോട്ടല്‍ മാനേജ്മെന്റ് ആന്റ്കാറ്ററിംഗ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ബിഎസ്സി ഹോസ്പിറ്റാലിറ്റി ആന്റ്ഹോട്ടല് അഡ്മിനിസ്ട്രേഷന് കോഴ്സ് പഠിക്കാന്‍ അവസരമുണ്ട്. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജിയുടെ (NCHMCT) നിയന്ത്രണത്തില്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയോട് (IGNOU) അഫിലിയേറ്റ് ചെയ്താണ് കോഴ്സ് നടത്തുന്നത്. ഹോസ്പിറ്റാലിറ്റി മേഖലക്കാവശ്യമായ അറിവും നൈപുണ്യവും പ്രായോഗിക പരിശീലനവുമൊക്കെ നല്കി മികച്ച പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുകയാണ് ഈ പാഠ്യപദ്ധതിയുടെ ലക്ഷ്യം.
കേന്ദ്രസര്‍ക്കാരിന് കീഴില്‍ ഇരുപത്തൊന്നും വിവിധ സംസ്ഥാന സര്‍ക്കാരിന് കീഴില്‍ ഇരുപത്തിരണ്ടും പൊതുമേഖലയില്‍ ഒന്നും അംഗീകൃത സ്വകാര്യ മേഖലയില്‍ പതിനാലും ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി ഇ്ന്സ്റ്റിറ്റിയൂട്ടുകളിലുമാണ് NCHMCT യുടെ നിയന്ത്രണത്തില്‍ ബിഎസ്സി ഹോസ്പിറ്റാലിറ്റി ആന്റ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന് കോഴ്സ് നടത്തുന്നത്. മേഖല തിരിച്ചുള്ള സ്ഥാപനങ്ങളുടെ ലിസ്റ്റ് www.nchm.nic.in എന്ന വെബ്സൈറ്റില്‍ ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലുണ്ട്. ദേശീയതലത്തില്‍ NCHMCT നടത്തുന്ന സംയുക്ത പ്രവേശന പരീക്ഷയുടെ (NCHM-JEE 2018) റാങ്ക് പരിഗണിച്ചാണ് അഡ്മിഷന്.
യോഗ്യത: ഇംഗ്ലീഷ് ഒരു വിഷയമായി ഹയര്‍ സെക്കന്‍ഡറി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. മാര്‍ക്ക് നിബന്ധനയില്ല. ൈഫനല്‍ യോഗ്യതാപരീക്ഷയെഴുതാന് പോകുന്നവര്‍ക്കും അപേക്ഷിക്കാം. 2018 സെപ്റ്റംബര്‍ 30 നകം യോഗ്യത നേടിയിരിക്കണം. പ്രായം 2018 ജൂലൈ ഒന്നിന് 22 വയസ് കവിയാന്‍ പാടില്ല. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 25 വയസ്സുവരെയാകാം. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമുള്ളവരാകണം.
അപേക്ഷ: ജനറല്‍, ഒബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് പ്രവേശനപരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷാഫീസ് 800 രൂപയാണ്. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 400 രൂപ മതി. അപേക്ഷ ഓണ്‍ലൈനായി http://apply admission.net/nchmjee2018 ല്‍ ഇപ്പോള്‍ സമര്‍പ്പിക്കാവുന്നതാണ്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്. വിശദവിവരങ്ങളടങ്ങിയ ബ്രോഷര്‍ www.nchm.nic.in- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
സംയുക്ത പ്രവേശനപരീക്ഷ: NCHM-JEE 2018 ദേശീയതലത്തില്‍ ഏപ്രില്‍ 28 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരുമണിവരെ നടക്കും. തെരഞ്ഞെടുക്കപ്പെട്ട 33 കേന്ദ്രങ്ങളിലാണ് പരീക്ഷ. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി പരീക്ഷാകേന്ദ്രങ്ങളാണ്. ചെന്നൈ, മധുര, ഗോവ, പുതുച്ചേരി, ബംഗളൂരു, ഹൈദ്രാബാദ്, മുംബൈ, ദല്‍ഹി, പാറ്റ്ന, പൂണെ, വാരാണസി, കൊല്‍ക്കത്ത എന്നിവ ടെസ്റ്റ് സെന്ററുകളില്‍പ്പെടും. പരീക്ഷാര്‍ത്ഥിയുടെ സൗകര്യാര്‍ത്ഥം ഏതെങ്കിലുമൊരു ടെസ്റ്റ് സെന്റര്‍ തെരെഞ്ഞടുക്കാം.ഒബ്ജക്റ്റീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള ടെസ്റ്റില്‍ ന്യൂമെറിക്കല്‍ എബിലിറ്റി ആന്റ് അനലിറ്റിക്കല്‍ ആപ്ടിട്യൂഡ് (30 ചോദ്യങ്ങള്‍), റീസണിംഗ് ആന്റ് ലോജിക്കല്‍ ഡിഡക്ഷന് (30), ജനറല്‍ നോളഡ്ജ് ആന്റ് കറന്റ് അഫയയേഴ്സ് (30), ഇംഗ്ലീഷ് ലാംഗ്വേജ് (60), ആപ്ടിട്യൂഡ് ഫോര്‍ സര്‍വ്വീസ് സെക്ടര്‍ (50) എന്നിവയില്‍ പരിജ്ഞാനമളക്കുന്ന 200 ചോദ്യങ്ങളുണ്ടാവും. ശരി ഉത്തരത്തിന് ഒാരോ മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ 0.25 മാര്‍ക്ക് വീതം കുറയും. മൂല്യനിര്‍ണ്ണയത്തിന് നെഗറ്റീവ് മാര്‍ക്കിംഗ് രീതിയാണ്. പരീക്ഷാഫലം മേയ് മൂന്നാം വാരം വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. NCHM-JEE 2018 റാങ്ക്ലിസ്റ്റില്‍നിന്നുമാണ് പ്രവേശനം.
സംവരണം: പട്ടികജാതിക്കാര്‍ക്ക് 15 ശതമാനവും പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 7.5 ശതമാനവും ഒബിസി നോണ്‍ക്രീമിലെയര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 27 ശതതമാനവും സീറ്റുകളില്‍ സംവരണമേര്പ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് 5 ശതമാനം സീറ്റുകളില്‍ സംവരണം ലഭിക്കും.
പഠനവിഷയങ്ങള്‍: ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്റ് ബിവറേജ് സര്‍വ്വീസ്, ഫ്രണ്ട് ഒാഫീസ് ഓപ്പറേഷന്, ഹൗസ്കീപ്പിംഗ് എന്നിവയ്ക്ക് പുറമെ ഹോട്ടല്‍ അക്കൗണ്ടന്‍സി, ഫുഡ് സേഫ്റ്റി ആന്റ് ക്വാളിറ്റി, ഹ്യൂമെന്‍ റിസോഴ്സ് മാനേജ്മെന്റ്, ഫെസിലിറ്റി പ്ലാനിംഗ്, ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സ്ട്രാറ്റജിക് മാനേജ്മെന്റ്, ടൂറിസം മാര്‍ക്കറ്റിംഗ് ആന്റ് മാനേജ്മെന്റ് മുതലായ വിഷയങ്ങളും ഈ ബിഎസ്സി ഡിഗ്രി കോഴ്സില്‍ പഠിപ്പിക്കും. പ്രായോഗിക പരിശീലനവും നല്‍കുന്നതാണ്.
കോഴ്സ് ഫീസ്: സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ട്യൂഷന് ഫീസ് ഉള്‍പ്പെടെ ആദ്യ സെമസ്റ്ററില്‍ മൊത്തം 64700 രൂപയും രണ്ടാമത്തെ സെമസ്റ്ററില്‍ 42200 രൂപയും മൂന്നാമത്തെ സെമസ്റ്ററില്‍ 55800 രൂപയും നാലാമത്തെ സെമസ്റ്ററില്‍ 43100 രൂപയും അഞ്ചാമത്തെ സെമസ്റ്ററില്‍ 61800 രൂപയും ആറാം സെമസ്റ്ററില്‍ 49100 രൂപയും വിവിധ ഇനങ്ങളിലായി ഫീസ് നല്‍കണം.
തൊഴില്‍ സാധ്യത: പഠിച്ചിറങ്ങുന്നവര്‍ക്ക് ഹോട്ടല്‍ വ്യവസായ/അനുബന്ധ സ്ഥാപനങ്ങളില്‍ മാനേജ്മെന്റ് ട്രെയിനി, ഗസ്റ്റ്/കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ്, ഫ്ളൈറ്റ് കിച്ചന്/ഓണ്‍ബോര്‍ഡ് ഫ്ളൈറ്റ് സര്‍വ്വീസസ്, ഇന്ത്യന്‍ നേവി, ഹോസ്പിറ്റാലിറ്റി സര്‍വ്വീസസ്, ടൂറിസം ഡവലപ്മെന്റ് കോര്പ്പറേഷന് എന്നിവിടങ്ങളില്‍ എക്സിക്യൂട്ടീവ്/സൂപ്പര്‍വൈസര്‍; റിസോര്‍ട്ട് മാനേജര്‍; ഹോട്ടല്‍ മാനേജ്മെന്റ്/ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഫാക്കല്‍റ്റി തുടങ്ങിയ തൊഴില്സാധ്യതകളാണുള്ളത്. സ്വയംതൊഴില്‍ സംരംഭങ്ങളിലേര്പ്പെടാനും പഠനം സഹായകമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: