ഏതൊരു സര്‍ക്കാരിന്റെയും മുഖമാണ് ആഭ്യന്തരവകുപ്പ്. അതിനേക്കാള്‍ പ്രധാനമാണ് ആ വകുപ്പിന് കീഴില്‍ വരുന്ന വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കാനുള്ള നല്ലൊരായുധമായാണ് ഭരണകൂടങ്ങള്‍ വിജിലന്‍സിനെ കാണുന്നത്.
പ്രതിപക്ഷത്തിരുന്നപ്പോള്‍ തങ്ങള്‍ക്കെതിരെ എടുത്ത കേസുകള്‍ മായ്ച്ചുകളയാനും വിജിലന്‍സിനെ കാലാകാലങ്ങളായി ഉപയോഗിക്കുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചില ഉദ്യോഗസ്ഥര്‍ക്ക് സര്‍വ സ്വാതന്ത്ര്യവും അനുവദിക്കും. തങ്ങള്‍ക്ക് നേരെ തിരിഞ്ഞാല്‍ അരിഞ്ഞുവീഴ്ത്തും. ഇല്ലെങ്കില്‍ ചവിട്ടിപുറത്താക്കും. ഇങ്ങനെ വിജിലന്‍സിനെ സര്‍ക്കസിലെ കുരങ്ങനെപോലാക്കി.
എക്സ് ബ്രാഞ്ച് എന്ന പേരിലായിരുന്നു ആദ്യകാലത്ത് വിജിലന്‍സ് പ്രവര്‍ത്തിച്ചിരുന്നത്. 1964 ലാണ് വിജിലന്‍സ് എന്ന പേരിലേക്ക് മാറുന്നത്. 1975 ല്‍ പ്രത്യേക ഭരണവിഭാഗമാക്കി. 1997 ലാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എന്ന് നാമകരണം ചെയ്യുന്നത്. സൗത്ത്, നോര്‍ത്ത്, ഈസ്റ്റ് സെന്‍ട്രല്‍ റെയ്ഞ്ചുകളിലായി 14 യൂണിറ്റുകളും രണ്ട് സ്പെഷ്യല്‍ യൂണിറ്റും മൂന്ന് സ്പെഷ്യല്‍ സെല്ലുകളും ഏഴ് നിയമോപദേശക സമിതികളും കോടതികളുമൊക്കെയായി. ഒരു ഡിജിപിയും ഒരു എഡിജിപിയും 34 ഡിവൈഎസ്പിമാരും 96 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുമുള്ള വലിയ വിഭാഗം.
കഴിഞ്ഞ ആറുമാസമായി വിജിലന്‍സില്‍ നല്കുന്ന പരാതികളെല്ലാം ആവിയായി പോകുകയാണ്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടുകള്‍പോലും തയ്യാറാക്കുന്നില്ല. പ്രത്യേകിച്ച് പ്രമുഖരുടെ പേരില്‍ നല്കുന്ന പരാതികളില്‍. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം പിണറായി സര്‍ക്കാരിന് നേരിടേണ്ടിവന്നു. അഞ്ഞൂറിലധികം പരാതികള്‍ ആറുമാസത്തിനുള്ളില്‍ അവസാനിപ്പിച്ച് റെക്കോര്‍ഡിട്ടു വിജിലന്‍സ്. 300 കേസുകളാണ് അതിവേഗ അന്വേഷണം നടത്തി തള്ളിക്കളഞ്ഞത്. കെഎംഎല്‍എല്‍ അഴിമതി, ഗതാഗത വകുപ്പിലെ അനധികൃത നിയമനം, മലബാര്‍ സിമന്റ്സ് അഴിമതി, സിഡ്കോ നിയമനം തുടങ്ങി ഒരുകൂട്ടം പരാതികളാണ് വിജിലന്‍സ് ഇങ്ങനെ അവസാനിപ്പിച്ചത്.
പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ ഉമ്മന്‍ചാണ്ടിയെ നാലാം പ്രതിയാക്കി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും ചോദ്യം ചെയ്യല്‍ നടന്നിട്ടില്ല. ആദ്യ അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്ക് രണ്ടാമത്തെ അന്വേഷണത്തില്‍ ക്ലീന്‍ചിറ്റ് നല്കുന്ന ഏക അന്വേഷണവിഭാഗമാണ് വിജിലന്‍സ്. ആദ്യ അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവരാണ് മുന്‍മന്ത്രിമാരായ കെ.എം. മാണിയും കെ. ബാബുവും. രണ്ടാമത്തെ അന്വേഷണത്തില്‍ ഇരുവരും കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ വിജിലന്‍സ് തെറ്റുതിരുത്തി മാതൃകകാട്ടി. ബാര്‍കോഴക്കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി വിജിലന്‍സ് തന്നെ കോടതിയെയും സമീപിച്ചു. ഈ കേസില്‍ രണ്ടാമത്തെ അന്വേഷണ റിപ്പോര്‍ട്ട് അട്ടിമറിച്ചതിന് അന്നത്തെ വിജിലന്‍സ് മേധാവി ശങ്കര്‍ റെഡ്ഡി അന്വേഷണം നേരിടുന്നുണ്ടെന്നത് വേറെ കാര്യം. കെ.എം. മാണിക്കെതിരായ കോഴി നികുതിവെട്ടിപ്പ് കേസിലും ക്ലീന്‍ ചിറ്റ് നല്കി. കേസെടുത്തത് അബദ്ധമായിപ്പോയെന്ന് ഉദ്യോഗസ്ഥന് ഹൈക്കോടതിയില്‍ സാഷ്ടാംഗം വീണു.
ബന്ധുനിയമന വിവാദത്തില്‍ മുന്‍ മന്ത്രി ഇ.പി. ജയരാജനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയായിരുന്നു ഒരു പരാതിക്കാരന്. എന്നിട്ടും ജയരാജന് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയതോടെ കേസ് കോടതി ചവറ്റുകുട്ടയിലെറിഞ്ഞു. പക്ഷേ വിധിക്കെതിരെ ഹൈക്കോടതിയില്‍ പോകാന്‍ പ്രതിപക്ഷ നേതാവിന് ധൈര്യം പോരാ. മുന്‍ വിജിലന്‍സ് മേധാവി ശങ്കര്‍ റെഡ്ഡിക്ക് അനധികൃത സ്ഥാനക്കയറ്റം നല്‍കിയെന്ന കേസില്‍ താന്‍ ഒന്നാംപ്രതിയാണെന്ന് ചെന്നിത്തലയ്ക്ക് ഓര്‍മവന്നത് അപ്പോഴാണ്. കശുവണ്ടി ഇറക്കുമതിക്കേസില്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയെ ഒറ്റനോട്ടത്തില്‍ തന്നെ വിജിലന്‍സ് കുറ്റവിമുക്തയാക്കി. മുന്‍ മന്ത്രി അനൂപ് ജേക്കബിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനത്തിനും ‘ഗുഡ് സര്‍ട്ടിഫിക്കറ്റ്’ നല്കി.
സംസ്ഥാനത്തെ 18 ഐഎഎസ് ഉദ്യോഗസ്ഥരും, മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരും ഇപ്പോഴും വിജിലന്‍സ് അന്വേഷണം നേരിടുന്നവരാണെന്നത് അരമനരഹസ്യമാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറി തസ്തികയിലുള്ള കെ.ജി. മോഹന്‍, ടോംജോസ് എന്നിവര്‍ക്കെതിരെയുള്ള സ്വത്ത് സമ്പാദനക്കേസില്‍ കഴമ്പില്ലെന്നും വിജിലന്‍സ് കണ്ടെത്തി. ഇക്കാര്യം കൈയോടെ കോടതിയെ അറിയിച്ചിട്ടുമുണ്ട്. വി.എസ്. അച്യുതാനന്ദന്റെ മകന് വി.എസ്. അരുണ്‍കുമാറിന്റെ അനധികൃതസ്വത്ത് സമ്പാദനത്തിലും പിണറായിയുടെ വിജിലന്‍സിന് ഒന്നും കണ്ടെത്താനായില്ല.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തില്‍ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനും നല്കി ക്ലീന്‍ ചിറ്റ്. 18 അഴിമതി ആരോപണങ്ങള്‍ നേരിട്ടിരുന്ന ടി.ഒ. സൂരജിനെതിരെ ഇപ്പോള്‍ നിലവില്‍ രണ്ടുകേസുകള്‍ മാത്രമാണ് ഉള്ളത്. എഡിജിപി ടോമിന് തച്ചങ്കരിക്കെതിരെയുള്ള പരാതികളും അവസാനിപ്പിച്ച മട്ടാണ്. സ്പോര്‍ട്സ് ലോട്ടറി അഴിമതിയില്‍ ടി.പി. ദാസനെതിരെയുള്ള പരാതിയാണ് അന്വേഷിക്കുന്നത്. അതിലും ക്ലീന്‍ ചിറ്റ് ഉറപ്പാക്കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും മുന്‍ അംഗം അജയ് തറയിലിനെതിരെയുമുള്ള അതിവേഗ അന്വേഷണം ചിലപ്പോള്‍ എഫ്ഐആര്‍ വരെ എത്തും.
മുന്‍ ഗാതഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ കായല്കൈയേറ്റത്തിന് നാലുമാസം മുമ്പ് നല്കിയ പരാതിയുടെ അവസ്ഥ അറിയാന്‍ വിവരാവകാശം നല്കി കാത്തിരിക്കുകയാണ് പരാതിക്കാരന്. നടന് മമ്മൂട്ടിയുടെ കടവന്ത്രയിലെ ഫ്ളാറ്റ് നിര്‍മാണത്തിനെതിരെ പരാതി നല്‍കിയിട്ട് മാസം ആറുകഴിഞ്ഞു. ബാലാവകാശ കമ്മീഷനിലെ അനധികൃത നിയമനത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരെയുള്ള പരാതിയിന്മേല് നടക്കുന്ന അന്വേഷണവും എങ്ങുമെത്തിയില്ല. പരാതിക്കാരന്റെ മൊഴിപോലുമെടുക്കാതെ പരാതിയില്‍ കഴമ്പില്ലെന്നുകാട്ടി വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഇതാണ് കഴിഞ്ഞ ആറുമാസക്കാലത്തെ വിജിലന്‍സിന്റെ പ്രവര്‍ത്തനം.
70 വര്‍ഷത്തിലധികമായി വിജിലന്‍സ് ആക്ട് എന്ന ആശയം നടപ്പായിട്ടില്ല. വിജിലന്‍സ് മാന്വലിനെ സര്‍ക്കാര്‍ ഉത്തരവായി കണക്കാക്കിയാണ് പ്രവര്‍ത്തനം. ആറുമാസക്കാലമായി സംസ്ഥാനത്ത് സ്വതന്ത്ര ചുമതലയുള്ള വിജിലന്‍സ് മേധാവി ഇല്ല. വിജിലന്‍സിന് നാഥനുണ്ടോ എന്ന് ഹൈക്കോടതിവരെ ചോദിച്ചു. പോലീസ് മേധാവിയായ ലോക്നാഥ് ബെഹ്റ തന്നെയാണ് വിജിലന്‍സിന്റെയും മേധാവി. പോലീസ്സ്റ്റേഷന് പെയിന്റടിക്കാന്‍ ടെന്‍ഡര്‍ വിളിക്കാതെ പെയിന്റ് കമ്പനിക്ക് അഞ്ചുകോടി നല്‍കിയെന്ന കേസില്‍, സ്വയം ക്ലീന്‍ചിറ്റ് നല്കി ബെഹ്റ വിജിലന്‍സിന് ഒരു പൊന്‍തൂവല്‍ കൂടി സമ്മാനിച്ചു. കേസെടുക്കണോയെന്ന് തീരുമാനിക്കാനുള്ള അധികാരം 2017 മാര്‍ച്ച് 29ന് ആഭ്യന്തരസെക്രട്ടറി വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്കി.
ഇതോടെ ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളും ഉള്‍പ്പെടുന്ന അഴിമതി പരാതികളില്‍ വിജിലന്‍സ് ഡയറക്ടറുടേതായി അവസാനവാക്ക്. ഇതിനു പിന്നാലെ പൊതുജനങ്ങള്‍ പരാതികളുമായി വിജിലന്‍സിനെ സമീപിക്കാതായി. അഞ്ചുമാസത്തിനിടെ ആകെ ലഭിച്ച 98 പരാതികളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് കേസെടുത്തത്. ഇങ്ങനെ അന്വേഷണ ഉദ്യോഗസ്ഥരെ മൂക്കുകയറിട്ടും തൊഴുത്ത് മാറ്റികെട്ടിയും ഒക്കെ വിജിലന്‍സിനെ പൂര്‍ണമായും ഷണ്ഡീകരിച്ചു ഭരണകര്‍ത്താക്കള്‍. വിജിലന്റല്ലാത്ത വിജിലന്‍സ് ആണ് സംസ്ഥാനത്തേതെന്ന ഹൈക്കോടതി നിരീക്ഷണം അക്ഷരാര്‍ഥത്തില്‍ ശരിയാണെന്ന് തെളിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: