അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിയുള്ള സമഗ്രമായ വ്യവസായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്, സര്‍ക്കാരിന്റെ തുടക്കത്തില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ആ ദിശയില്‍ യാതൊരു മുന്നേറ്റവും 2017ലും ഉണ്ടായില്ലെന്ന് മാത്രമല്ല, വ്യവസായ വളര്‍ച്ചയില്‍ എന്തിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്നതില്‍ പോലും യാതൊരു വ്യക്തതയുമില്ലാതെ വട്ടം ചുറ്റുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതുവരെ വ്യവസായ നയം പോലും പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
മുന്‍ കാലങ്ങളിലും ഇവിടെ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പല സംരംഭങ്ങളും ആവിഷ്ക്കരിച്ചിരുന്നു. എന്നാല്‍, അവയൊന്നും ഫലപ്രാപ്തിയില്‍ എത്താതിരുന്നതിന്റെ പ്രധാനകാരണം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമായിരുന്നു. ഭൂമിയുടെ ലഭ്യതക്കുറവ്, റോഡ് ഗതാഗതസൗകര്യം ഇല്ലായ്മ, വൈദ്യുതി ലഭ്യതയിലെ ഉറപ്പില്ലായ്മ, തൊഴിലാളി യൂണിയനുകളുടെ കടുംപിടുത്തം എന്നിവയൊക്കെ സംരംഭകരെ വലിയൊരളവില്‍ അകറ്റിയിരുന്നു. ഈ പോരായ്മ പരിഹരിക്കാനുള്ള ചില പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടു എങ്കിലും ഒരു ചുവടുപോലും മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല.
വന്‍കിട വ്യവസായ രംഗത്ത് മുന്നേറാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, നമ്മുടെ പരമ്പരാഗത വ്യവസായങ്ങളും തകര്‍ന്നടിഞ്ഞു. കയറും, കശുവണ്ടിയും വ്യവസായ മന്ത്രിയുടെ പരിധിക്ക് പുറത്താണ്. കയര്‍ ധനമന്ത്രിയ്ക്കും, കശുവണ്ടി തൊഴില്‍ മന്ത്രിയ്ക്കും അധികഭാരമാണ്.
പരമ്പരാഗത വ്യവസായങ്ങളും ആധുനികരീതിയിലുള്ള വന്‍കിട-ഇടത്തരം വ്യവസായങ്ങളും ചെറുകിട വ്യവസായങ്ങളും ഖാദിഗ്രാമവ്യവസായങ്ങളും കരകൗശല വ്യവസായങ്ങളുമെല്ലാം ചേര്‍ന്നതാണ് കേരളത്തിന്റെ വ്യവസായരംഗം. എന്നാല്‍ സര്‍ക്കാരിനുമാത്രം ഇക്കാര്യത്തില്‍ വ്യക്തതയില്ല. കയറാണ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരമ്പരാഗത വ്യവസായം. കൈത്തറി, കശുവണ്ടി എന്നിവ തൊട്ടു പിന്നില്‍ നില്ക്കുന്നു. ഓട്, ബീഡി, സെറികള്‍ച്ചര്‍, ഈറ, തോട്ടം വ്യവസായങ്ങള്‍ എന്നിവ കൂടി ഉള്‍പ്പെടുന്നതാണ് പരമ്പരാഗത വ്യവസായ മേഖല.
ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ വ്യവസായ മന്ത്രിയായി ചുമതലയേറ്റ ഇ.പി. ജയരാജന് പ്രഖ്യാപിച്ചത് വ്യവസായം ആരംഭിക്കാന്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുമെന്ന്, എന്നാല്‍ ഈ ഏകജാലക സംവിധാനം ഇതുവരെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നടപ്പായില്ല. വാക്കുകളില്‍ മാത്രമൊതുങ്ങി പുതിയ വ്യവസായ നയം. ജയരാജന് പോയി എ.സി. മൊയ്തീന് വ്യവസായ മന്ത്രിയായി എന്നു മാത്രം. വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ നിയമ ഭേദഗതിയുള്‍പ്പെടെ പരിഗണിക്കുമെന്ന പ്രഖ്യാപനവും വീണ്വാക്കായി മാറി.
വ്യവസായികളെ വേട്ടയാടുന്ന സമീപനമാണിവിടെ ഇന്നും നിലനില്‍ക്കുന്നത്. അതിനാല്‍ വന്‍വ്യവസായ സ്ഥാപനങ്ങള്‍ ഇവിടെ തുടങ്ങാന്‍ ആരും തയ്യാറാകുന്നില്ല. തൊഴിലാളി സംഘടനകളെ വിശ്വാസത്തിലെടുത്ത് വ്യവസായ സൗഹൃദ സംസ്ഥാനമെന്ന പ്രതീതി ഉണ്ടാക്കാന്‍ പോലും കഴിഞ്ഞില്ല.
ജനകീയാസൂത്രണ കാലത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കാന്‍ നല്കിയ അധികാരങ്ങള്‍ വ്യവസായ വികസനത്തിന് വിലങ്ങുതടിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയിട്ടും ഇതില്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധിച്ചിട്ടില്ല. ഇപ്പോഴും സംസ്ഥാനത്ത് ഒരു പ്ലാന്‍ അംഗീകരിക്കാന്‍ ചുരുങ്ങിയത് ആറുമാസമെങ്കിലുമെടുക്കും. ഇതിന് മാറ്റം വേണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്. വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരത്തില്‍ ആവശ്യമായ ഭേദഗതി കൊണ്ടുവരണമെന്നും ആവശ്യം ഉയരുന്നു.
ഓരോ സംസ്ഥാനത്തിനും കരുത്തുറ്റ ചില മേഖലകളുണ്ട്. കര്‍ണ്ണാടകക്ക് ശക്തിയായി ഐടി, തമിഴ്നാടിന് ഓട്ടോമോട്ടീവ്, മാനുഫാക്ചറിങ് ഇവ. കേരളത്തില്‍ അത് വിനോദ സഞ്ചാരവും സേവനമേഖലയുമാണ്. റിയല്‍ എസ്റ്റേറ്റ്, റീട്ടെയ്ല്‍ മേഖലയിലും അവസരങ്ങളുണ്ട്. ഐടി രംഗത്തും തൊഴില്‍ സൃഷ്ടിക്കാം. മദ്യനയത്തില്‍ തിരുത്തല്‍ വരുത്താന്‍ കഴിഞ്ഞു എന്നത് മാത്രമാണ് ഈ രംഗത്ത് സര്‍ക്കാരിന് ചെയ്യാന്‍ കഴിഞ്ഞ ഏകകാര്യമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തിലേക്ക് വിനോദ സഞ്ചാരികളെയും രാജ്യാന്തരതലത്തിലെ കോണ്‍ഫറന്‍സുകളും ആകര്‍ഷിക്കാന്‍ ഇത് ആവശ്യമാണ്.
അടിസ്ഥാന സൗകര്യ വികസനത്തിനായാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് എന്ന കിഫ്ബി രൂപീകരിച്ചത്. അഞ്ചുവര്‍ഷം കൊണ്ട് 50,000 കോടി രൂപ വരെ സമാഹരിക്കാനും വിനിയോഗിക്കാനുമുള്ള പദ്ധതികളാണ് ഇതിനുകീഴില്‍ ലക്ഷ്യമിടുന്നത്. വിദേശമലയാളികള്‍ ഉള്‍പ്പടെ സ്വകാര്യ വ്യക്തികളില്‍ നിന്ന് എത്രമാത്രം മൂലധനം സമാഹരിച്ച് മുന്നേറാന്‍ കഴിയുമെന്ന് ഒരു വര്‍ഷം കൂടി കടന്നു പോകുമ്പോഴും യാതൊരു വ്യക്തതയുമില്ല.
കിഫ്ബിയെ അടിസ്ഥാനമാക്കിയാണ് വ്യവസായ മേഖലയിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ക്രമപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ പണം ഇല്ലാതെയുള്ള പദ്ധതികള്‍ ഭാവന മാത്രമായി മാറുന്നതാണ് ഈ രംഗത്ത് 2017 അവസാനിക്കുമ്പോള്‍ കേരളം അഭിമൂഖീകരിക്കുന്ന പ്രധാന വീഴ്ച.
ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സിന്റെ ഉത്പാദനശേഷി രണ്ട് ദശാബ്ദക്കാലത്തെ ഏറ്റവും ഉയര്‍ന്ന (61,000 മെട്രിക്ക് ടണ്‍) റെക്കോഡായി വര്‍ദ്ധിപ്പിച്ച് ലാഭം ഉയര്‍ന്നതാണ് സര്‍ക്കാര്‍ പ്രധാന നേട്ടമായി വാഴ്ത്തുന്നത്. നിര്‍ദ്ദിഷ്ട വ്യവസായ ഇടനാഴി സ്ഥാപിക്കുന്നതിനായി 5,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ടി നടപടികള്‍ ആരംഭിച്ചതായി സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ഒരിഞ്ചു പോലും മുന്നേറാന്‍ കഴിഞ്ഞിട്ടെല്ലന്നതാണ് വസ്തുത.
സ്റ്റാര്‍ട്ടപ്പ് സപ്പോര്‍ട്ട്, ഇന്‍വെസ്റ്റ്മെന്റ് സപ്പോര്‍ട്ട്, ടെക്നോളജി സപ്പോര്‍ട്ട് തുടങ്ങിയ സംരംഭകത്വ സഹായ പദ്ധതിയില്‍ കേരളത്തിന് മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ട്. പുതുതലമുറയില്‍ സംരംഭകത്വം വളര്‍ത്തുവാന്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 257 ഇഡി ക്ലബ്ബുകള്‍ രൂപീകരിച്ചു. 6,425 വിദ്യാര്‍ത്ഥികള്‍ ഇതില്‍ പങ്കാളികളാണ്. കേന്ദ്രസര്‍ക്കാരിന്റെ മികച്ച പിന്തുണയും ഈ രംഗത്തെ കുതിപ്പിന് സഹായകമാണ്. വ്യവസായ വാണിജ്യ വകുപ്പിന്റെ സഹായത്തോടെ സംസ്ഥാനത്ത് പുതുതായി പതിനായിരത്തിലേറെ സൂക്ഷ്മ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ ആരംഭിച്ചതായി സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ആ രംഗത്ത് പ്രകടമായ യാതൊരു മുന്നേറ്റവും ഉണ്ടായിട്ടില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്.
സംരംഭകര്‍ക്കായുള്ള ബോധവല്‍ക്കരണ പരിപാടികള്‍, വിവിധ പരിശീലന പരിപാടികള്‍ തുടങ്ങിയവ മുറപോലെ നടക്കുന്നതല്ലാതെ മാതൃകകള്‍ പരിചയപ്പെടുത്തി തുടക്കക്കാര്‍ക്ക് വേണ്ട സഹായവും പിന്തുണയും നല്‍കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു.
സംസ്ഥാനത്തെ 40 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 13 എണ്ണം മാത്രമാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്. വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 71.34 കോടിയാണ്. ചവറ കെഎംഎംഎല്‍ മാത്രമാണ് വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്.
സ്കൂള്‍ കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം പദ്ധതി നടപ്പിലാക്കുകവഴി കൈത്തറി മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിഞ്ഞതായാണ് സര്‍ക്കാരിന്റെ അവകാശവാദം. നടപ്പു വര്‍ഷത്തെ പ്രധാന നേട്ടമായും സര്‍ക്കാര്‍ ഈ പദ്ധതിയെ കാണുന്നു.
പരമ്പരാഗത വ്യവസായ മേഖലയില്‍ കരകൗശലകലാകാരന്മാര്, ശില്പികള് എന്നിവരുടെ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ ഇതു വരെ കഴിഞ്ഞിട്ടില്ല. ഖാദി ഗ്രാമ വ്യവസായത്തിലെ തൊഴിലാളികള്‍ക്കായി എന്റെ ഗ്രാമം എന്ന പ്രത്യേക തൊഴില്‍ ദായക പദ്ധതിയിലൂടെ 12 പുതിയ വ്യവസായ യൂണിറ്റുകള്‍ തുടങ്ങുന്നതിനുള്ള നടപടികളും ആരംഭഘട്ടത്തിലൊതുങ്ങി.
കേരളത്തിന്റെ തനത് പരമ്പരാഗത ഉത്പന്നങ്ങള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ച് വിപണി സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഇതിനായി ആധുനീകരണത്തിലൂടെ പരമ്പരാഗത മേഖലയുടെ വളര്‍ച്ച ഉറപ്പാക്കുന്നതിനായുള്ള പരിപാടികളൊന്നും തന്നെ നടപ്പാക്കാന്‍ ഇനിയും കഴിയാത്തത് സര്‍ക്കാരിന് വ്യക്തമായ ദിശാബോധം ഇല്ലെന്ന് വ്യക്തമാക്കുന്നു.
ഉത്പന്നങ്ങള്‍ക്ക് ന്യായ വില ലഭിക്കാത്തതും, ചകിരിയുടെ കടുത്ത ക്ഷാമവുമാണ് കയര്‍മേഖല നേരിടുന്ന പ്രധാന പ്രതിസന്ധി, കൂലി കുറവായതിനാല്‍ തൊഴിലാളികള്‍ ഈ രംഗം ഉപേക്ഷിക്കുകയാണ്. കശുവണ്ടി മേഖലയുടെ അവസ്ഥയും മറ്റൊന്നല്ല. പരമ്പരാഗത മേഖലയിലെ അമിത രാഷ്ട്രീയവും പ്രതിസന്ധിയാണ്. വ്യവസായരംഗം ഇപ്പോഴും ഐടിയുടെ മോഹവലയത്തില്‍ കുരുങ്ങിക്കിടക്കുകയാണ്. വ്യക്തമായ യാതൊരു ലക്ഷ്യവും കേരളത്തിന്റെ വ്യവസായവകുപ്പിന് ഇതുവരെ ഇല്ല. കുറെ വ്യവസായികളുടെ പേരു പറയുന്നതല്ലാതെ ആരും വരുന്നതിന്റെ ലക്ഷണമൊന്നും കാണാനുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: