ഇടത് മുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് സംസ്ഥാനത്ത് ഏറെ ഗുണം ഉണ്ടാക്കിയത് കൈയേറ്റ മാഫിയയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മാഫിയ സംഘം ഇടുക്കി ജില്ലയിലെ തന്ത്രപ്രധാനമായ പ്രദേശത്തെ ഭൂമി സ്വന്തമാക്കാന്‍ നടത്തിയ ശ്രമങ്ങളും, ഈ നീക്കങ്ങള്‍ക്ക് പിന്തുണ അറിയിച്ച് സര്‍ക്കാര്‍ നടത്താനൊരുങ്ങുന്ന നിയമ നിര്‍മ്മാണവും ഒക്കെ പരിസ്ഥിതി പ്രേമികളെയും ബഹുജനങ്ങളെയും ആശങ്കാകുലരാക്കുന്നു. പിന്നിട്ട ഒരു വര്‍ഷക്കാലും ഇടുക്കിയിലെ ഭൂമി കൈയേറ്റം പലതവണ സംസ്ഥാന സര്‍ക്കാരിന്റെ ഉറക്കം കെടുത്തി.
കൈയേറ്റക്കാരെ തള്ളിപ്പറയാതെ, കൈയേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ പരസ്യമായി ആക്ഷേപിക്കാനും അസഭ്യം പറയാനും ഇടത് ജനപ്രതിനിധികള്‍ കാണിക്കുന്ന താല്പര്യം തന്നെ കൈയേറ്റക്കാര്‍ക്കുള്ള പച്ചക്കൊടിവീശലാണ്.
ഇടുക്കിയിലെ കൈയേറ്റക്കാര്‍
ഇടുക്കി ജില്ലയിലെ കൈയേറ്റക്കാരുടെയും പാറമാഫിയയുടെയും പ്രകൃതി ചൂഷണത്തിനെതിരെ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന എ.വി ജോര്‍ജ് തയ്യാറാക്കിയ റിപ്പോര്‍ട്ടായിരുന്നു 2017 ജനുവരിയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്. ഈ റിപ്പോര്‍ട്ട് അന്നത്തെ ദേവികുളം സബ് കളക്ടറായിരുന്നു ശ്രീറാം വെങ്കിട്ടരാമന് ജില്ലാ പോലീസ് സൂപ്രണ്ട് സമര്‍പ്പിച്ചതോടെയാണ് ജില്ലയിലെ പരിസ്ഥിതി നാശത്തിനും കൈയേറ്റത്തിനുമെതിരെയുള്ള നടപടികള്‍ക്ക് വീണ്ടും വഴിമരുന്നിട്ടത്.
റിപ്പോര്‍ട്ട് പുറത്ത് വന്ന് ഒരാഴ്ച തികയും മുമ്പേ സിപിഎം വിരുദ്ധനല്ലാതിരുന്നിട്ടും പോലീസ് സൂപ്രണ്ട് എ.വി ജോര്‍ജിനെ ജില്ല വിട്ട് സ്ഥലം മാറ്റി. പരിസ്ഥിതി സംരക്ഷിക്കണമെന്ന് കരുതുന്നവര്‍ക്കും കൈയേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മനസ്സുള്ളവരുമായ ഉദ്യോഗസ്ഥര്‍ക്കുള്ള താക്കീതായിരുന്നു ഈ സ്ഥലം മാറ്റം. സ്ഥലം മാറ്റം അധികം ചര്‍ച്ചയായില്ലെങ്കിലും എസ്.പിയുടെ റിപ്പോര്‍ട്ട് ഏറെ വിവാദങ്ങള്‍ക്ക് കാരണമായി.
തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ചതുരങ്കപ്പാറയിലും ശാന്തന്‍പാറയിലും അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പാറമടകള്‍ക്കെതിരെയുള്ള നടപടിക്ക് ദേവികുളം സബ്കളക്ടര്‍ക്ക് തുണയായത് എ.വി ജോര്‍ജിന്റെ റിപ്പോര്‍ട്ടായിരുന്നു. സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് പാറപൊട്ടിച്ച് തമിഴ്നാട് അതിര്‍ത്തിവരെയെത്തുന്ന സ്ഥിതിയെത്തിയപ്പോഴാണ് വന്‍ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്ന പാറമട, ഹൈറേഞ്ചിലേക്ക് ഉഷ്ണക്കാറ്റുണ്ടാകാന് കാരണമാകുമെന്ന് എ.വി. ജോര്‍ജ് തിരിച്ചറിഞ്ഞത്. അന്നത്തെ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് മേധാവിയായിരുന്ന വി.എന്‍.സജിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ബ്രാഞ്ച് സംഘം ദിവസങ്ങളോളം യാത്ര ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇടുക്കിയെ കാര്‍ന്നുതിന്നുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ സചിത്രമായി അടയാളപ്പെടുത്തി റിപ്പോര്‍ട്ട് തയ്യാറാക്കി. ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ കൃത്യമാണോയെന്നറിയാന്‍ എസ്.പി തന്നെ നേരിട്ട് അന്വേഷണം നടത്തി.
ഇതിനുശേഷമാണ് ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തിലാണ് ഒരു വിഭാഗം റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പാറമടയ്ക്കെതിരെ ശക്തമായ നിലപാട് സബ്കളക്ടര്‍ സ്വീകരിച്ചത്. രണ്ട് പാറമടകളും എതിര്‍പ്പിനെ അവഗണിച്ച് പൂട്ടിയതോടെ ശ്രീറാം വെങ്കിട്ടരാമന് ഭരണവര്‍ഗ്ഗത്തിന്റെ കടുത്ത ശത്രുവായി മാറി. സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് അനുമതിയില്ലാതെ പാറപൊട്ടിച്ച് സംഭവത്തില്‍ പാറമട നടത്തിപ്പുകാരില്‍ നിന്ന് രണ്ട് കോടി രൂപ പിഴ ഈടാക്കണമെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനും ശ്രീറാം വെങ്കിട്ടരാമന് തയ്യാറായി.
പള്ളിവാസലില്‍ അനധികൃതമായി സര്‍ക്കാര്‍ ഭൂമി കെഎസ്ഇബിക്ക് മറിച്ചുവിറ്റ കേസും ഈ സമയത്താണ് ശ്രീറാം വെങ്കിട്ടരാമന് കണ്ടെത്തിയതും ഉന്നത റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്കിയതും. ഈ ഇടപാടില്‍ കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാടില്‍പെട്ട ജനപ്രതിനിധിയുടെ ബന്ധുവും ഉണ്ടായിരുന്നു. ഈ രണ്ട് സംഭവങ്ങളിലും നടപടിയെടുത്തതോടെ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള സിപിഎം ജില്ലാഘടകത്തിന്റെ നീക്കം ശക്തമായി. ഇതിനിടെയാണ് തിങ്കള്‍ക്കാട് പാറമടയില്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തിയത്. ഈ പാറമടയും പൂട്ടി. ചുരുങ്ങിയ കാലത്തിനുള്ളില്‍ സിപിഎം ജില്ലാ ഘടകത്തിന്റെയും മന്ത്രി എം.എം. മണിയുടെയും എതിര്‍പ്പിനെ മറികടന്ന് സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കാന്‍ സബ്കളക്ടര്‍ നേതൃത്വം നല്കി.
2017 മാര്‍ച്ചിലാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ പാപ്പാത്തിച്ചോല കുരിശ് കൈയേറ്റം ജന്മഭൂമി ഒന്നാം പേജ് വാര്‍ത്തയാക്കിയത്. ഈ വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കാന്‍ സബ്കളക്ടര്‍ നിര്‍ദ്ദേശം നല്കി. ഉടുമ്പന്‍ചോല തഹസീല്‍ദാര്‍ നല്കിയ റിപ്പോര്‍ട്ടില്‍ കുരിശ് സ്ഥാപിച്ച് മുന്നൂറേക്കറോളം ഭൂമി കൈയേറിയതായി കണ്ടെത്തി. സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയുടെ നേതാവായ വെള്ളൂക്കുന്നേല്‍ കുടുംബക്കാരനാണ് കൈയേറ്റത്തിന് നേതൃത്വം നല്‍കിയതെന്നും റവന്യൂ സംഘം കണ്ടെത്തി. മാര്‍ച്ച് 16 ന് കൈയേറ്റം ഒഴിപ്പിക്കാന്‍ തഹസീല്‍ദാറിന്റെ നേതൃത്വത്തിലുള്ള സംഘം പുറപ്പെട്ടു. സിപിഎം നേതാവായ ആല്‍ബിന്റെ നേതൃത്വത്തിലുള്ള സംഘം കൈയേറ്റമൊഴിപ്പിക്കുന്നത് തടഞ്ഞത്.
തഹസീല്‍ദാറുടെ വാഹനം പാപ്പാത്തിച്ചോല വരെ എത്തിക്കാനും കഴിഞ്ഞില്ല. ഇതോടെ ജന്മഭൂമി പുറത്തുവിട്ട പാപ്പാത്തിച്ചോലയിലെ ഭൂമി കൈയേറ്റം സംസ്ഥാന തലത്തില്‍ ശ്രദ്ധേയമായി. ഏപ്രില്‍ 20ന് പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥാപിച്ച കുരിശ് ശ്രീറാംവെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള സംഘം പിഴുതെടുത്തു. പുലര്‍ച്ചെ മൂന്ന് മണിക്ക് ചിന്നക്കനാല്‍ പ്രദേശത്ത് 143 പ്രഖ്യാപിച്ച് നടത്തിയ ഒഴിപ്പിക്കല്‍ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷുഭിതനാക്കി. ഇതോടെ ശ്രീറാംവെങ്കിട്ടരാമനെ മാറ്റണമെന്ന് സിപിഎം ജില്ലാഘടകം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ഭൂമി കൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമ്പോഴും അഞ്ചുനാട് വില്ലേജിലെ ഭൂമി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നിവേദിത പി. ഹരന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തണ്ടപ്പേര് പരിശോധനയും അദ്ദേഹം തുടര്‍ന്നു. ഇതിനെതിരെയും സിപിഎം പരസ്യസമരവുമായി രംഗത്തെത്തി. സമരത്തിന് കരുത്ത് പകരാന്‍ ശ്രീറാംവെങ്കിട്ടരാമന്റെ വാഹനം തടഞ്ഞ് ആക്രമിക്കാനും ശ്രമിച്ചു. ഇത്തരം ഭീഷണികള്‍ ഉണ്ടായിട്ടും നടപടികള്‍ തുടര്‍ന്നു. ഇതിനിടെ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന് സര്‍ക്കാര്‍ ഭൂമി കൈയേറിയതിനെക്കുറിച്ച് വാര്‍ത്തകള്‍ വന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനും സബ്കളക്ടര്‍ നിര്‍ദ്ദേശം നല്കി. അത് നിലനില്‍ക്കെ തന്നെ എംഎല്‍എയുടെ ഭൂമി പ്രശ്നം അന്വേഷിക്കാന്‍ കളക്ടര്‍ നേരിട്ട് രംഗത്തെത്തിയതും ഇപ്പോഴും അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതും വിചിത്രമായ മറ്റൊരു വസ്തുത.
കുറിഞ്ഞി ഉദ്യാനത്തിന്റെ സെറ്റില്‍മെന്റ് ഓഫീസര്‍ എന്ന നിലയില്‍ കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റങ്ങള്‍ കണ്ടെത്തുന്നതിനും ഇക്കാലയളവില്‍ ദേവികുളം സബ്കളക്ടറുടെ ഭാഗത്തുനിന്നും നീക്കമുണ്ടായി. ഇടുക്കി എം.പി ജോയിസ് ജോര്‍ജും ബന്ധുക്കളും കൊട്ടാക്കമ്പൂരില്‍ തട്ടിയെടുത്ത ഭൂമിയുടെ രേഖ കാണിക്കണമെന്ന് കാട്ടി കത്ത് നല്‍കാനും ശ്രീറാംവെങ്കിട്ടരാമന് തയ്യാറായി. ഇതോടെ ശ്രീറാമിനെ സബ്കളക്ടര്‍ സ്ഥാനത്തുനിന്നും നീക്കാതെ നിര്‍വ്വാഹമില്ലെന്ന സ്ഥിതി വന്നു. പിണറായി നേരിട്ട് ഇടപെട് ശ്രീറാമിനെ മാറ്റി. പിന്നീട് വി.ആര്. പ്രേംകുമാര്‍ എന്ന ഉദ്യോഗസ്ഥനാണ് ദേവികുളത്ത് സബ്കളക്ടറായി എത്തിയത്. ശ്രീറാംവെങ്കിട്ടരാമന് സ്വീകരിച്ച നടപടികളെക്കുറിച്ച് പഠിച്ച് കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടികളാണ് വി.ആര്. പ്രേംകുമാറും സ്വീകരിച്ചത്.
മൂന്നാര്‍ ടൗണിലും ഇക്കാനഗറിലും സിപിഎം നേതാക്കള്‍ നടത്തിയ കൈയേറ്റത്തെക്കുറിച്ചുള്ള അന്വേഷണമാണ് പ്രേംകുമാറില്‍ പ്രതീക്ഷ നല്‍കിയത്. നിയമം പഠിച്ച് നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥരെ അയക്കുകയും ഉദ്യോഗസ്ഥര്‍ കൃത്യമായി നടപടികള്‍ കൈക്കൊള്ളുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും അദ്ദേഹം സന്നദ്ധനായിരുന്നു. മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കാതെ കൈയേറ്റം ഒഴിപ്പിച്ചെന്ന് റിപ്പോര്‍ട്ട് നല്കിയ തഹസീല്‍ദാറെ സസ്പെന്‍ഡ് ചെയ്യാനും ഇദ്ദേഹം തയ്യാറായി. ഉടുമ്പന്‍ചോല താലൂക്കില്‍ ശങ്കരപാണ്ടിമേട്ടില്‍ നടത്തിയ കൈയേറ്റം ഒഴിപ്പിക്കാനായതും സബ്കളക്ടറുടെ നിലപാട് മൂലമായിരുന്നു. അടുത്തിടെ വി.ആര്. പ്രേംകുമാര്‍ സിപിഎമ്മുകാരുടെയും ഇടുക്കി എം.പിയുടെയും കണ്ണിലെ കരടായത് കൊട്ടാക്കമ്പൂരില്‍ ജോയിസ് ജോര്‍ജും ബന്ധുക്കളും കൈയേറിയ ഭൂമിയുടെ പട്ടയം റദ്ദാക്കിയതോടെയാണ്.
ഹിയറിങിന് തുടര്‍ച്ചയായി ജോയിസ് ജോര്‍ജും ബന്ധുക്കളും ഹാജരാകാതിരുന്നതോടെയാണ് ശക്തമായ മുന്നറിയിപ്പ് നല്കി സബ്കളക്ടര്‍ ജോയിസിനും ബന്ധുക്കള്‍ക്കും നോട്ടീസ് നല്‍കിയത്. ജോയിസ് ജോര്‍ജും ബന്ധുക്കളും എത്താതിരുന്നതോടെ 23 ഏക്കര്‍ ഭൂമിയുടെ പട്ടയം കുറിഞ്ഞി ഉദ്യാനത്തിന്റെ സെറ്റില്‍മെന്റ് ഓഫീസറായ സബ്കളക്ടര്‍ റദ്ദാക്കി. ഇതോടെ സബ്കളക്ടര്‍ക്കെതിരെ സിപിഎം നേതാക്കള്‍ പതിവുശൈലിയില്‍ അസഭ്യവര്‍ഷം നടത്തി അപമാനിച്ചു. പ്രകോപന പ്രസംഗങ്ങള്‍ അതിര് കടന്നിട്ടും പ്രതികരിക്കാതെ നടപടികളുമായി മുന്നോട്ടുപോവുകയാണ് സബ്കളക്ടര്‍. കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റക്കാരെ കണ്ടെത്തി പട്ടയം റദ്ദാക്കാനുള്ള നടപടി ആരംഭിച്ചതോടെ ഈ ശ്രമം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ നിയമം ലംഘിച്ച് രംഗത്തെത്തി.
സബ്കളക്ടറെ മാറ്റാനും നീക്കം നടക്കുന്നുണ്ട്. കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റക്കാരെ രക്ഷിച്ച് കോടികളുടെ പണം കൊള്ളയ്ക്ക് പദ്ധതിയിട്ട് കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി വെട്ടിക്കുറയ്ക്കാനും പാഴ്ശ്രമം നടത്തുകയാണ് സര്‍ക്കാര്‍. മൂന്നാറില്‍ 330 കള്ളക്കെട്ടിടങ്ങളും 227 ഭൂമി കൈയേറ്റങ്ങളുമാണ് റവന്യൂ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. കള്ളക്കെട്ടിടങ്ങളും കൈയേറ്റങ്ങളും സംരക്ഷിക്കാന്‍ നിയമം നിര്‍മ്മിക്കാനൊരുങ്ങുന്ന സര്‍ക്കാര്‍, മാഫിയകള്‍ക്കൊപ്പമാണ് എന്നതിന് തെളിവുകളേറെ.
നിയമലംഘനങ്ങള്‍ പുറത്തുകൊണ്ടുവന്നത് ജന്മഭൂമി
ഇടുക്കി ജില്ലയില്‍ 2017 ല്‍ നടന്ന ഞെട്ടിക്കുന്ന നിയമലംഘനങ്ങളും ഭൂമി കൈയേറ്റങ്ങളും റിപ്പോര്‍ട്ട് ചെയ്ത് കേരളത്തിലെ ദൃശ്യ-ശ്രവ്യമാധ്യമങ്ങള്‍ക്ക് വഴികാട്ടിയായത് ജന്മഭൂമിയാണ്. മൂന്നാര്‍ പള്ളിവാസലില്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്ത് കെഎസ്ഇബിയ്ക്ക് മറിച്ച് വിറ്റ് കോടികള്‍ ഭൂമാഫിയ സമ്പാദിച്ചത് ജന്മഭൂമിയാണ് ആദ്യം പുറത്തുവിട്ടത്. കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരും ഭൂമാഫിയയും ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്കെതിരെ റവന്യൂവകുപ്പും വിജിലന്‍സ് വിഭാഗവും ഇപ്പോള്‍ നടത്തുന്ന അന്വേഷണം ജന്മഭൂമിയുടെ വാര്‍ത്തയെ തുടര്‍ന്നാണ്. ഇടുക്കിയെ തകര്‍ക്കുന്ന പാറമാഫിയായ്ക്കെതിരെ ആദ്യം വാര്‍ത്ത പ്രസിദ്ധീകരിച്ചതും ജന്മഭൂമി തന്നെ.
ശാന്തന്‍പാറ, ഖജനാപ്പാറ എന്നിവിടങ്ങളില്‍ അനധികൃതമായി നടത്തിയിരുന്ന പാറമടകള്‍ ഇടുക്കിയിലേക്ക് ഉഷ്ണക്കാറ്റെത്തിക്കാന് കാരണമാകുമെന്ന് ജന്മഭൂമി വാര്‍ത്തയില്‍ ഉള്‍ച്ചേര്‍ത്തിരുന്നു. വാര്‍ത്തയെ തുടര്‍ന്ന് രണ്ട് പാറമടകള്‍ക്കും പൂട്ട് വീണു. സര്‍ക്കാരിന്റെ ഭൂമി കൈയേറി രണ്ട് പാറമടകളും പാറപൊട്ടിച്ചെന്ന് റവന്യൂ സംഘം കണ്ടെത്തി പിഴ ഈടാക്കുവാനും നടപടി സ്വീകരിച്ചു.
സംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയ പാപ്പാത്തിചോലയിലെ കുരിശ് കൈയേറ്റവും ജന്മഭൂമിയാണ് പുറത്ത് കൊണ്ടുവന്നത്. 2017 മാര്‍ച്ച് 4ന് പ്രസിദ്ധീകരിച്ച വാര്‍ത്ത ഒന്നരമാസത്തിന് ശേഷം മറ്റ് മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നു. ജന്മഭൂമി പുറത്തുവിട്ട വാര്‍ത്തയെ തുടര്‍ന്ന് അന്നത്തെ ദേവികുളം സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള സംഘം പാപ്പാത്തിചോലയിലെ വിവാദ കൈയേറ്റം ഒഴിപ്പിക്കുകയായിരുന്നു.
ജില്ലയില്‍ ചെറുതും വലുതുമായ നിരവധി കൈയേറ്റങ്ങള്‍ ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് ഒഴിപ്പിച്ചെടുത്തു. ഇതില്‍ പ്രധാനപ്പെട്ടത് ചിന്നക്കനാല്‍ ശങ്കരപാണ്ട്യമേട്ടിലെ കൈയേറ്റമായിരുന്നു. അഞ്ചേക്കറോളം ഭൂമിയാണ് ജന്മഭൂമിയുടെ മാത്രം വാര്‍ത്തയെ തുടര്‍ന്ന് ഒഴിപ്പിച്ചെടുത്തത്.
കുറിഞ്ഞി ഉദ്യാനം കത്തിച്ച സംഭവം ജന്മഭൂമി വാര്‍ത്താ സംഘമാണ് സാഹസികമായി കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമിയിലൂടെ യാത്ര ചെയ്ത് പുറംലോകത്തെത്തിച്ചത്. സെപ്തംബര്‍ 11ന് ജന്മഭൂമി പുറത്തുവിട്ട വാര്‍ത്ത 80 ദിവസത്തിന് ശേഷമാണ് കേരളത്തിലെ ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പാപ്പാത്തിചോല കൈയേറ്റം പോലെ തന്നെ കുറിഞ്ഞി ഉദ്യാനം കത്തിച്ച വാര്‍ത്തയും ജന്മഭൂമിയുടെ എക്സ്ക്ലൂസീവ് വാര്‍ത്തയായിരുന്നു.
കൊട്ടാക്കമ്പൂരില്‍ ഇടുക്കി എംപി ജോയിസ് ജോര്‍ജും കുടുംബവും ദളിതരുടെ ഭൂമി തട്ടിയെടുത്ത കേസില്‍ വഴിത്തിരിവുണ്ടാക്കിയത് ജന്മഭൂമി പ്രസിദ്ധീകരിച്ച ‘പൂവണിയാത്ത കുറിഞ്ഞി ഉദ്യാനം’ എന്ന പരമ്പരയിലൂടെയാണ്. 23 ഏക്കറിന്റെ പട്ടയമാണ് ദേവികുളം സബ്കളക്ടര്‍ വി.ആര്. പ്രേംകുമാര്‍ റദ്ദാക്കിയത്. ജോയിസ് ജോര്‍ജിന്റെയും ബന്ധുക്കളുടെയും ഭൂമി തട്ടിപ്പിന്റെ ഉള്ളറകള്‍ വ്യക്തമാക്കിക്കൊണ്ടുള്ള പരമ്പര ഇപ്പോഴും പ്രസക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: