കൃഷിക്ക് ഏറ്റവും അനുകൂലമായ സാഹചര്യങ്ങളാണ്, കേരളത്തിന് പ്രകൃതി സമ്മാനിച്ചിരിക്കുന്നത്. ഫലഭൂയിഷ്ടമായ മണ്ണ് കേരളത്തിന്റെ പ്രത്യേകതയാണ്. ഒരു ദിവസത്തിന്റെ പകുതി സമയവും നല്ല സൂര്യപ്രകാശം ലഭിക്കുന്നു. മഴയാണെങ്കില്‍ സമൃദ്ധം. ഇടവപ്പാതിയും, തുലാവര്‍ഷവുമായി ആണ്ടില്‍ 300 സെന്റിമീറ്റര്‍. ഈ അനുകൂല സാഹചര്യങ്ങള്‍ വഴി വൈവിധ്യമാര്‍ന്ന നിരവധി വിളകള്‍ കൃഷി ചെയ്യാനും, നല്ല ലാഭം നേടാനും കഴിയുമായിരുന്നു. അങ്ങനെ കൃഷി, സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ചാലകശക്തിയായി പ്രവര്‍ത്തിക്കുമായിരുന്നു. പക്ഷേ, കേരളത്തിലെ മാറി മാറി വന്ന സര്‍ക്കാരുകളുടെ കര്‍ഷക സൗഹൃദമല്ലാത്ത നയങ്ങളും, നിലപാടുകളും കര്‍ഷകരുടെ ആവേശത്തെയും, ഉത്സാഹത്തെയും നശിപ്പിച്ചു.
1956 ലാണല്ലോ ഇന്നത്തെ കേരളസംസ്ഥാനം ഉടലെടുത്തതും, എല്ലാ മലയാളികളെയും ഒരേ ഭരണത്തിന്റെ കീഴില്‍ കൊണ്ടുവന്നതും. അന്ന് പ്രശസ്തനായ സാമ്പത്തിക വിദഗ്ധന്‍, ഡോ.ലോകനാഥന് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെപ്പറ്റിയും, കൃഷി, വ്യവസായം, സേവന മേഖല എന്നീ രംഗങ്ങളിലെ ഭാവി സാധ്യതകളെപ്പറ്റിയും ആഴവും, സമഗ്രവുമായ ഒരു ആധികാരിക പഠനം നടത്തി, ബൃഹത്തായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അന്ന് 8 ലക്ഷം ഹെക്ടറിലായിരുന്നു നെല്‍ക്കൃഷിയുണ്ടായിരുന്നത്. നെല്‍ക്കൃഷി വിസ്തൃതി വര്‍ദ്ധിപ്പിക്കാനോ, അരിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടാനോ ശ്രമിക്കേണ്ട കാര്യമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. പകരം ഉല്പാദനക്ഷമത വര്‍ദ്ധിപ്പിച്ച് ഉല്പാദനം ഉയര്‍ത്താനും, കൂടുതല്‍ ലാഭകരമായ സസ്യവിള കൃഷിയിലേക്ക് കേരളം ശ്രദ്ധ തിരിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. റബ്ബര്‍, കാപ്പി, ഏലം, തേയില, കുരുമുളക്, മഞ്ഞള്‍, ഇഞ്ചി, വാഴ, കശുമാവ് തുടങ്ങിയവ കൃഷി ചെയ്ത് വരുമാനം വര്‍ദ്ധിപ്പിക്കാനും, അരി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പണം കൊടുത്ത് വാങ്ങാനും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
വിളവെടുപ്പ് നേരത്ത് ന്യായവില ഉറപ്പാക്കാനായി കര്‍ഷകന്റെ ഉല്‍പ്പന്നം സര്‍ക്കാര്‍ സംഭരിക്കണം. വില, താമസമില്ലാതെ കര്ഷകന് നല്‍കണം. പക്ഷേ ഇവയൊന്നും പാലിക്കപ്പെട്ടില്ല. ഇന്നും ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായിട്ടില്ല. കേരളം ഭരിച്ച ഇടത് വലത് മുന്നണികള്‍ നെല്‍ക്കൃഷിയെയും, കര്‍ഷകനെയും അവഗണിച്ചു. കര്‍ഷക തൊഴിലാളികളെയും, കര്‍ഷകരെയും തമ്മിലടിപ്പിച്ച്, ഇരുചേരികളിലാക്കി. തൊഴിലാളികളുടെ ആത്മാര്‍ത്ഥ സഹകരണം ലഭിക്കാതെ വന്നതോടെ നെല്‍ക്കൃഷി അവതാളത്തിലായി. ന്യായവിലയുടെ കാര്യത്തിലും കര്ഷകന് നിരാശയായിരുന്നു. സര്‍ക്കാര്‍ നെല്ല് വാങ്ങി സംഭരിക്കാന്‍ തയ്യാറായപ്പോഴെല്ലാം വില ലഭിക്കാന്‍ കാലതാമസമുണ്ടായി. ഇന്ന് നെല്‍പ്പാടങ്ങളുടെ വിസ്തൃതി വെറും രണ്ട് ലക്ഷം ഹെക്ടര്‍ മാത്രമാണ്. നെല്ല് ന്യായവിലയ്ക്ക് സംഭരിക്കുമെന്നും, അതിന്റെ വില ഒരാഴ്ചയ്ക്കകമെങ്കിലും നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണം. നെല്‍ക്കൃഷി ലാഭകരമാക്കാന്‍ ‘ഒരു നെല്ലും, ഒരു മീനും’ എന്ന പദ്ധതി പ്രോത്സാഹിപ്പിക്കണം.
നെല്ല് കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട വിളയായിരുന്നു നാളികേരം. സര്‍ക്കാരിന്റെ അവഗണന നാളികേരത്തിന്റെ അധഃപതനത്തിലേക്ക് നയിച്ചു. മറുവശത്ത് രോഗങ്ങള്‍ കേരവൃക്ഷത്തെ ആക്രമിക്കുമ്പോള്‍ ശാസ്ത്രജ്ഞരും നിസ്സഹായരായി. കൃഷിയെപ്പറ്റി കര്‍ഷകര്‍ക്ക് ശാസ്ത്രീയ ജ്ഞാനം പകര്‍ന്നു കൊടുക്കാന്‍ നാളികേര ബോര്‍ഡിനും കഴിഞ്ഞില്ല. ഗവേഷണം കാര്‍ഷിക സര്‍വകലാശാലയുടെയും, വിജ്ഞാനവ്യാപനം സംസ്ഥാന കൃഷി വകുപ്പിന്റെയും ചുമതലയായി കരുതപ്പെട്ടു. ഇന്നും ഇതേ നില തുടരുകയാണ്.
റബ്ബര്‍ ആയിരുന്നു കഴിഞ്ഞ 60 കൊല്ലക്കാലത്ത് കേരളത്തില്‍ വന്‍ പുരോഗതി നേടിയ കൃഷി. ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ വാര്‍ഷിക ഉല്‍പ്പാദനം 1500 ടണ്‍ മാത്രമായിരുന്നു. മൂന്ന് കൊല്ലം മുമ്പ് അത് ഒമ്പതര ലക്ഷം ടണ്‍ ആയി ഉയര്‍ന്നു. കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പുവരുത്താന്‍ റബ്ബര്‍ ബോര്‍ഡും, കേന്ദ്ര സര്‍ക്കാരും എന്നും ശ്രദ്ധിച്ചിരുന്നു. ഇന്ത്യയിലെ റബ്ബര്‍ ഉല്പാദനത്തില് 90 ശതമാനവും കേരളത്തില്‍ നിന്നാണ്. കേരളത്തിലെ കൃഷിക്കാരില്‍ 95 ശതമാനവും ചെറുകിട കര്‍ഷകരും. അവരുടെ തോട്ടത്തിന്റെ ശരാശരി വിസ്തീര്‍ണ്ണം അര ഹെക്ടറും. എന്നാല്‍ കഴിഞ്ഞ അഞ്ചാറ് വര്‍ഷമായി അന്താരാഷ്ട്ര വിപണിയില്‍ വ്യാപാരമാന്ദ്യം കാരണം റബ്ബര്‍ വിലയിടിഞ്ഞു. ഇന്ത്യയിലെ ടയര്‍ വ്യവസായികള്‍ ഈ അവസരം മുതലാക്കി ആവശ്യത്തിലധികം റബ്ബര്‍ ഇറക്കുമതി ചെയ്തു. 77,000 ടണ്ണില്‍ നിന്നും 4,42,000 ടണ്ണിലേക്ക് ഇറക്കുമതി ഉയര്‍ന്നു.
കമ്പനികള്‍ ആഭ്യന്തര വിപണിയില്‍ നിന്ന് മാറി നിന്ന് റബ്ബറിന്റെ വിലയിടിച്ചു. ന്യായവിലയ്ക്ക് റബര്‍ സംഭരിച്ച് കര്‍ഷകരെ രക്ഷിക്കാന്‍ അന്നത്തെ യുപിഎ സര്‍ക്കാരും തയ്യാറായില്ല.
ഇനിയും പിടിച്ച് നിന്ന് ചൂഷണത്തിന് ഇരയാകാന്‍ കര്‍ഷകര്‍ തയ്യാറല്ല. റബ്ബറിന് പകരം എണ്ണപ്പനയും, ഇടവിളയായി കശുമാവും അല്ലെങ്കില്‍ എണ്ണപ്പനയും ഇടവിളയായി കൊക്കോയും കൃഷി ചെയ്യാന്‍ റബ്ബര്‍ കര്‍ഷക സംരക്ഷണ സമിതിയും മറ്റ് ചില കര്‍ഷക സംഘടനകളും തീരുമാനമെടുത്തു കഴിഞ്ഞു. എണ്ണപ്പന, കശുമാവ്, കൊക്കോ എന്നീ മൂന്ന് വിളകളും കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്; ലാഭകരമായി കൃഷി ചെയ്യാനും കഴിയും. മൂന്നാം കൊല്ലവും, നാലാം കൊല്ലവും മുതല്‍ സമൃദ്ധമായി ഉല്‍പ്പാദനം നടക്കും. കൃഷി വകുപ്പ് ഇവ പ്രചരിപ്പിക്കുവാന്‍ ശക്തമായ യജ്ഞം നടത്തണം. കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് പുതുജീവന്‍ നല്ക്കാന് ഇത്തരം ഒരു തീവ്രയജ്ഞ പരിപാടിക്ക് കഴിയും.
(തമിഴ്നാട് മുന്‍ അഡീ. ചീഫ് സെക്രട്ടറിയും, റബ്ബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനും, ഇന്‍ഫാം ദേശീയ പ്രസിഡന്റുമാണ് ലേഖകന്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: