കൊച്ചി: ആയുര്‍വേദ ഔഷധങ്ങളുടെ വില കുത്തനെ ഉയരുന്നത് രോഗികളെ വലയ്ക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഔഷധി നേരിയ തോതില്‍ വില കൂട്ടിയപ്പോള്‍ സ്വകാര്യ ഔഷധ നിര്‍മ്മാതാക്കള്‍ കുത്തനെയാണ് വില ഉയര്‍ത്തിയത്.
ആസവങ്ങള്‍, അരിഷ്ടം, ഘൃതം, ഗുളിക, ഭസ്മം, ഭസ്മം കാപ്സ്യൂള്‍സ്, ചൂര്‍ണം, കഷായം, ഗുളിക, മെഡിക്കേറ്റഡ് ഓയില്‍സ്, സോഫ്റ്റ് ജെന്‍ കാപ്സൂള്‍സ് തുടങ്ങിയവയുടെ വില 5മുതല്‍ 20 ശതമാനം വരെയാണ് കൂടിയത്.
ദശമൂലാരിഷ്ടം 450 മില്ലിക്ക് 110ല്‍ നിന്നും 115ലേക്കും, ജീരകാരിഷ്ടം 96ല്‍ നിന്നും 125ലേക്കും ഉയര്‍ന്നു. അഭയാരിഷ്ടം 64ല്‍ നിന്നും 75ലേക്കും ബലാരിഷ്ടം 76ല്‍ നിന്നും80ലേക്കും ഉയര്‍ന്നു. അശോകാരിഷ്ടം 65ല്‍ നിന്നും 80ലേക്കും അമൃതാരിഷ്ടം 68ല്‍ നിന്ന് 80ലേക്കും ഉയര്‍ന്നു. സ്വകാര്യ ആയുര്‍വേദ സ്ഥാപനങ്ങള്‍ ഈടാക്കുന്ന നിരക്കാണിത്. ഇതിനേക്കാള്‍ അല്‍പ്പം വിലക്കുറവുണ്ട് ഔഷധിയില്‍.
എന്നാല്‍, ഔഷധി വില്‍പ്പന കേന്ദ്രങ്ങള്‍ എല്ലായിടത്തുമില്ലാത്തതിനാല്‍ കൂടിയ വിലയ്ക്ക് മരുന്ന് വാങ്ങേണ്ട ഗതികേടിലാണ് രോഗികള്‍. ഔഷധനിര്‍മാണത്തിനാവശ്യമായ പച്ചമരുന്നിന്റെയും മറ്റ് അസംസ്കൃതവസ്തുക്കളുടെയും വിലക്കയറ്റം എന്നുപറഞ്ഞാണ് ഔഷധക്കമ്പനികള്‍ വില കുത്തനെ കൂട്ടിയിരിക്കുന്നത്. വിലനിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയൊന്നുമുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: