ന്യൂദല്‍ഹി: അനില്‍ അംബാനിക്ക് ജ്യേഷ്ഠന്റെ പുതുവത്സര സമ്മാനമെത്തിയത് അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍. റിലയന്‍സ് എന്ന ബ്രാന്‍ഡ് നെയിം ലോകത്തിന്റെ നെറുകയിലെത്തിച്ച ധീരുഭായി അംബാനിയുടെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 28നാണ് കടത്തിലായ അനിയന് അനില്‍ അംബാനിയെ രക്ഷിക്കാന്‍ ജ്യേഷ്ഠന് മുകേഷ് അംബാനി ആര്‍കോമിന്റെ 23,000 കോടിയുടെ ഓഹരികള്‍ വാങ്ങി പുതുവത്സരസമ്മാനം നല്‍കിയത്.
നിലവില്‍ 45,000 കോടിയുടെ കടബാധ്യതയാണ് അനില്‍ അംബാനിക്കുള്ളത്. റിലയന്‍സ് കമ്മ്യൂണിക്കഷന്സിന്റെ സ്പെക്ട്രം, ടവറുകള്‍, ഫൈബര്‍, വയര്‍ലെസ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയാണ് വാങ്ങുക. ജിയോ ഓഹരികള്‍ വാങ്ങിയതോടെ ആര്‍കോം ഇനി ജിയോയുടെ ഭാഗമായിട്ടാകും പ്രവര്‍ത്തിക്കുക.മറ്റ് രണ്ട് നിക്ഷേപകര്‍ കൂടി ഓഹരികള്‍ വാങ്ങാന്‍ താല്പര്യപ്പെടുന്നുണ്ട്.വാങ്ങിയ ഓഹരികളെല്ലാം ജിയോ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ഉപയോഗിക്കും.
സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് 2005ല്‍ വേര്‍പിരിഞ്ഞ ജ്യേഷ്ഠനും അനിയനും ഇതോടെ ഒന്നിക്കുകയാണ്. വേര്പിരിയുമ്പോള് മൊബൈല്‍ ബിസിനസ് കൈകാര്യം ചെയ്തത് അനില്‍ അംബാനിയാണ്. പിന്നീട് ജിയോയിലൂടെ ജ്യേഷ്ഠന് മുകേഷ് അംബാനിയും മൊബൈല്‍ രംഗത്തേക്ക് കടക്കുകയായിരുന്നു. നവംബറോടെ 2ജി, 3ജി സേവനങ്ങളടക്കം റിലയന്‍സ് നിര്‍ത്തിയിരുന്നു. 2010വരെയും ഇന്ത്യയിലെ മൊബൈല്‍ ഓപ്പറേറ്റര്‍മാരില്‍ രണ്ടാം സ്ഥാനം ആര്കോമിനായിരുന്നു.
എന്നാല്‍ 2016 സെപ്റ്റംബര്‍ അഞ്ചിന് മൊബൈല്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ചുള്ള ജിയോയുടെ വരവില്‍ പിടിച്ചു നില്ക്കാന് ഒരു മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്കും കഴിഞ്ഞിരുന്നില്ല. അത്ഭുതപ്പെടുത്തുന്ന ഓഫറുകളാണ് തുടക്കംമുതല്‍ നല്‍കിയത്. സൗജന്യ ഇന്റര്‍നെറ്റ് സേവനവും ഡാറ്റ ഓഫറുമെല്ലാം കൂടുതല്‍ വരിക്കാരെ ആകര്‍ഷിക്കുകയായിരുന്നു. ജിയോ വിപണിയില്‍ എത്തിയതിനു ശേഷം മാത്രം 16,00 കോടിയുടെ നഷ്ടമാണ് റിലയന്‍സിനുണ്ടായത്. കടബാധ്യത തീര്‍പ്പാക്കാനുള്ള പദ്ധതികള്‍ ബാങ്കുകള്‍ ഡിസംബര്‍ വരെ നീട്ടിയെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇതൊന്നും നടപ്പായില്ല.
എയര്‍സെല്ലുമായി 14,000 കോടിയുടെ ധാരണയുണ്ടാക്കിയെങ്കിലും ഇതും പൊളിഞ്ഞു. ഇതിനു ശേഷം കനേഡിയന്‍ കമ്പനിയുമായും 11,000 കോടിയുടെ ധാരണയും ഉണ്ടാക്കി ഇതും ഫലം കണ്ടില്ല. റിലയന്‍സ് കമ്പനി പൂട്ടിയെന്ന വാര്‍ത്ത പരന്നതോടെ കമ്പനിയുടെ ഓഹരി വിലയിലും ഇടിവുണ്ടായി. ഇതേ തുടര്‍ന്ന് കടബാധ്യതകള്‍ തീര്‍ക്കുന്നതിനായി ആസ്തി വില്‍പ്പന പാക്കേജ് നടപ്പാക്കുമെന്ന് അനില്‍ അംബാനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. പാക്കേജ് പൂര്‍ത്തിയാകുന്നതോടെ ബാധ്യത 6,000 കോടിയായി കുറയുമെന്നാണ് അനില്‍ അംബാനിയുടെ കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: