ചാരക്കേസ് എന്നു കേള്‍ക്കുമ്പോള്‍ മുന്‍മന്ത്രിയും കെപിസിസി പ്രസിഡന്റും കെ. കരുണാകരന്റെ മകനുമായ കെ. മുരളീധരന്‍ ഞെട്ടിയുണരുക പതിവാണ്. ചാരക്കേസ് ആര്‍ക്കെങ്കിലും ദോഷം ചെയ്യുന്നുവെന്ന് തോന്നുമ്പോള്‍ മുരളീധരന് വല്ലത്തൊരു അസ്വസ്ഥതയും വെപ്രാളവും ബേജാറും!
ഇത്തവണ കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്‍ നടത്തിയ ചില വെളിപ്പെടുത്തലുകളിലൂടെ ഉമ്മന്‍ചാണ്ടി ആരെന്ന് ജനങ്ങള്‍ക്ക് പകല്‍വെളിച്ചംപോലെ വ്യക്തമായപ്പോള്‍ മുരളീധരന്‍ പതിവുപോലെ സടകുടഞ്ഞെണീറ്റ് ശബ്ദമുണ്ടാക്കാന്‍ ആരംഭിച്ചു. മറ്റെല്ലാം മറന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ ഐക്യത്തെക്കുറിച്ച് മാത്രം ചിന്തിക്കണമെന്നാണ് മുരളീധര വിലാപം! നന്നായി!
കരുണാകരന്റെ കാര്യത്തില്‍ ജനങ്ങള്‍ക്ക് വളരെയേറെ താല്‍പര്യമുണ്ട്. എന്നാല്‍ മാര്‍പ്പാപ്പയേക്കാള്‍ വലിയ റോമാക്കാരനായി, മകനാണെങ്കില്‍പോലും മറ്റൊരാള്‍ രംഗത്തെത്തുന്നത് അല്‍പത്തമാണ്. കരുണാകരന്റെ ആത്മാവുപോലും അത് ക്ഷമിക്കില്ല, തീര്‍ച്ച!
മുടങ്ങാതെ ഞായറാഴ്ചകളില്‍ കൃത്യമായി പള്ളിയിലെത്തി കുര്‍ബാന നയിക്കുന്നവര്‍, മലയാളമാസാദ്യം ഗുരുവായൂരിലെത്തി കൃഷ്ണനെ തൊഴുതുപോന്ന കരുണാകരനെ പരിഹസിച്ചിരുന്നത് കേരളം ഇന്നും മറന്നിട്ടില്ല.
സി.പി. ഭാസ്‌കരന്‍, നിര്‍മ്മലഗിരി, കണ്ണൂര്‍
















