അടൂര്‍: ഏഴംകുളത്ത് സിപിഎമ്മിന്റെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടിയിലെ ഒരുവിഭാഗവും തമ്മിലുള്ള ചേരിപ്പോര് ജനകീയ വിഷയങ്ങളെയും ബാധിക്കുന്നു. ഏഴംകുളം ഗ്രാമപഞ്ചായത്ത് കോംപ്ലക്സിലെ കടമുറികളില്‍ മൂന്നെണ്ണം 2016 മാര്‍ച്ച് 4നു നടന്ന ലേലത്തിനു ശേഷവും പുതിയ അവകാശികള്‍ക്ക് വിട്ടുകൊടുക്കാന്‍ ചിലര്‍ തയ്യാറാകാതിരുന്നത് നിയമനടപടികള്‍ക്കും വഴിവച്ചിരുന്നു.
സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ പാര്‍ട്ടി ഭാരവാഹിയുടെ അടുത്ത ബന്ധു ഉള്‍പ്പടെയുള്ള പഴയ ആളുകള്‍ തന്നെ മുറികള്‍ ഉപയോഗിച്ചുവരികയായിരുന്നു. ഇത് ഉന്നയിച്ച് പഞ്ചായത്ത് ഹൈക്കോടതിയെ സമീപിക്കുകയും രണ്ട് മാസത്തിനുള്ളില്‍ കടമുറികള്‍ ഒഴിപ്പിക്കണന്ന് 2017 ജൂലൈ 26 നു പഞ്ചായത്തിനനുകൂലമായി വിധി വരികയും ചെയ്തു.
എന്നാല്‍ 5 മാസങ്ങള്‍ പിന്നിട്ടിട്ടും വിധി നടപ്പിലാക്കുന്നതിനു പഞ്ചായത്ത് ഭരണസമിതിയെ സിപിഎമ്മിലെ ഒരുവിഭാഗം അനുവദിക്കുന്നില്ല. ഇതില്‍ ഒരു മുറിയില്‍ സിപിഎം പിന്തുണയോടെ അനധികൃതമായി കഴിഞ്ഞിരുന്ന വയോധികന് അടുത്തയിടെ കുഴഞ്ഞുവീഴുകയും ഇയാളെ പോലീസ് അടൂര്‍ ഗവ.ആശുപത്രിയിലും തുടര്‍ന്ന് മഹാത്മാ ജനസേവന കേന്ദ്രത്തിലും എത്തിക്കുകയും ചെയ്തിരുന്നു. ഒരു കടമുറിക്കായി 85,000 രൂപാ പഞ്ചായത്തിലടച്ച് രസീത് കൈപ്പറ്റിയ ആള്‍ക്ക് ഒരു വര്‍ഷവും 9 മാസവും പിന്നിട്ടിട്ടും കടമുറി അനുവദിച്ചു നല്കനും പഞ്ചായത്ത് തയ്യാറായിട്ടില്ല.
ഇതുകൂടാതെ വഴിവിളക്കുകള്‍ തെളിയിക്കാത്തതും അശാസ്ത്രീയമായ വീട്കരം വര്‍ദ്ധനവ്, പള്ളിക്കലാറിനു കുറുകെയുള്ള അനധികൃത പാലം നിര്‍മ്മാണം, അനധികൃത ലോഡ്ജ്, ഹോട്ടല്‍, ആഡിറ്റോറിയങ്ങള്‍ തുടങ്ങിയ ഗൗരവമേറിയ ജനകീയ വിഷയങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റിനോട് ചര്‍ച്ചചെയ്യാനെത്തിയ ബിജെപി നേതാക്കളെ ഒരുവിഭാഗം സിപിഎം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കയ്യേറ്റം ചെയ്യാനും ശ്രമിച്ചിരുന്നു. ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അരുണ്താന്നിക്കല് ഗ്രാമപഞ്ചായത്തംഗം എസ്സ്.ഷീജ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മ്മാന്റെ സാന്നിധ്യത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനോട് ചര്‍ച്ച നടത്തിയത്. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റിനോട് ആരും സംസാരിക്കേണ്ടെന്ന് ആക്രോശിച്ചു കൊണ്ട് എത്തിയ സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കള്‍ സംഘര്‍ഷത്തിന് ശ്രമിക്കുകയായിരുന്നു. പോലീസെത്തിയാണ് ഇവരെ ഒഴിവാക്കിയത്.
ജനകീയ വിഷയങ്ങളില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്ന ബിജെപി നേതൃത്വത്തെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റിനേയും ഭരണസമിതിയേയും പാര്‍ട്ടിയുടെ വരുതിയിലാക്കാനുള്ള തത്രപ്പാടിലാണ് ഏഴംകുളത്ത് സിപിഎമ്മിലെ ഒരു വിഭാഗം. ഇത് ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള കടുത്ത വെല്ലുവിളിയാണെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബിജെപി പഞ്ചായത്ത് നേതൃത്വം അറിയിച്ചു. പ്രസിഡന്റ് അരുണ്താന്നിക്കല്, ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന് ചരുവിള, ഗ്രാമപഞ്ചായത്തംഗം ഷീജാ.എസ്സ്, സോമന് വാളത്തൂര്‍, വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: