സ്ഥലം വില്‍പ്പനയിലെ വീഴ്ചയും തുടര്‍ന്നുണ്ടായ നടപടിയും തുറന്നുകാട്ടി സീറോ മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലിയുടെ സര്‍ക്കുലര്‍. സ്ഥലം വില്‍പ്പനയില്‍ വീഴ്ച പറ്റിയെന്ന് സഭ സമ്മതിക്കുന്നു. ബാങ്ക് പലിശ താങ്ങാനാവാതെ വന്നതോടെയാണ് കുറച്ച് സ്ഥലം വിറ്റ് കടം കുറയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അത് കൂടുതല്‍ കടത്തിലേക്ക് നയിക്കുകയായിരുന്നുവെന്ന് സര്‍ക്കുലര്‍ പറയുന്നു. സഭ നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് സര്‍ക്കുലര്‍. വൈദികരുടെ അറിവിലേക്കായി മാത്രം നല്‍കുന്നത് എന്നു സൂചിപ്പിച്ചും പള്ളികളില്‍ വായിക്കരുതെന്ന് നിര്‍ദ്ദേശിച്ചുമാണ് സര്‍ക്കുലര്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇത് സഭയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
സര്‍ക്കുലര്‍
സ്നേഹ ബഹുമാനപ്പെട്ട അച്ചന്മാരെ,
21.12.2017ന് നടന്ന എറണാകുളം -അങ്കമാലി അതിരൂപതയുടെ വൈദിക സമ്മേളനത്തില്‍, അതിരൂപതയില്‍ നടന്ന സ്ഥലം വാങ്ങല്‍, വില്ക്കല് – സംബന്ധിച്ചുള്ള കാര്യങ്ങള്‍ നമ്മള് ചര്‍ച്ച ചെയ്യുകയുണ്ടായി. പ്രസ്തുത ചര്‍ച്ചയുടെ അവസാനം വൈദികരുടെ അറിവിനായി ഈ കാര്യങ്ങളുടെ നിജസ്ഥിതി ഒരു സര്‍ക്കുലറിലൂടെ വൈദികരെ അറിയിക്കാന്‍ എന്നെ ചുമതലപ്പെടുത്തുകയുണ്ടായല്ലോ. ആയതിനാല്‍, അതിരൂപതയുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട വസ്തുതകള്‍ നിങ്ങളെ അറിയിക്കുന്നു.
1. 2015 മെയ് 29ന് തുറവൂര്‍ വില്ലേജിലെ മറ്റൂരില്‍ 23.22 ഏക്കര്‍ സ്ഥലം അതിരൂപത ഒരു മെഡിക്കല്‍ കോളേജ്, ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയോട് ചേര്‍ന്ന് തുടങ്ങുന്നതിനായി വാങ്ങിച്ചു. ഇതിനു വേണ്ടി 60 കോടി രൂപ ബാങ്കില്‍ നിന്നും ലോണ്‍ എടുത്തു. വാര്‍ഷിക വരുമാനത്തില്‍ മിച്ചവരുമാനം അധികമില്ലാത്ത നമ്മുടെ അതിരൂപത ഈ സ്ഥലം വാങ്ങിയത്, വരന്തരപ്പിള്ളിയിലുള്ള അതിരൂപതയുടെ സ്ഥലം വിറ്റ് ലോണ്‍ തിരിച്ചടയ്ക്കാമെന്ന ധാരണയിലാണ്.
2. എന്നാല്‍, വരന്തരപ്പിള്ളിയിലുള്ള സ്ഥലം വില്ക്കാന് സാധിച്ചില്ല. ഇക്കാരണത്താല്‍ത്തന്നെ ബാങ്കില്‍ നിന്നെടുത്ത 60 കോടി രൂപയുടെ വാര്‍ഷിക പലിശ 6 കോടി രൂപ അടയ്ക്കുക എന്നത് അതിരൂപതയെ സംബന്ധിച്ചിടത്തോളം വളരെയേറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നു അതിരൂപതാ ഫിനാന്‍സ് കൗണ്‍സിലിനു ബോധ്യപ്പെട്ടു.
3. അതിരൂപതയുടെ അതിര്‍ത്തിക്കുള്ളില്‍ തന്നെ മറ്റൂരില്‍ 23.22 ഏക്കര്‍ സ്ഥലം ഒന്നിച്ചു വാങ്ങിയതിനാല്‍ അതിരൂപതയുടെ തന്നെ മറ്റു ചില സ്ഥലങ്ങള്‍ വിറ്റ് കടം വീട്ടിയാലോ എന്ന ആലോചന ഉണ്ടായി. അപ്രകാരം വില്ക്കുന്നതിനു വേണ്ടി തെരഞ്ഞെടുത്ത അഞ്ചു സ്ഥലങ്ങള്‍ താഴെ പറയുന്നവയാണ്.
a) കൊച്ചി (തൃക്കാക്കര നൈപുണ്യ സ്കൂളിന്റെ എതിര്‍വശം – 7.15 സെന്റ്
b) തൃക്കാക്കര ഭാരതമാത കോളേജിന്റെ എതിര്‍വശം – 62.33 സെന്റ്
c) തൃക്കാക്കര കരുണാലയത്തിന്റെ അടുത്ത് – 99.44 സെന്റ്
d) കാക്കനാട്, നിലംപതിഞ്ഞിമുകള്‍ – 20.35 സെന്റ്
e) മരടില്‍ – 54.71 സെന്റ്
4. ഇതു പ്രകാരം ആകെ വില്ക്കാന് തീരുമാനിച്ച വസ്തു 306.98 സെന്റ് ഭൂമിയാണ്, സെന്റിനു 19 ലക്ഷം മുതല്‍ 3 ലക്ഷം വരെയുള്ള വിലകളാണ് വിവിധ വസ്തുക്കള്‍ക്ക് നിശ്ചയിച്ചിരുന്നത്. ആകെ വിറ്റ വസ്തുവും തത്തുല്യമായ വിലയും താരതമ്യപ്പെടുത്തുമ്പോള്‍ സെന്റ് ഒന്നിനു ഏറ്റവും കുറഞ്ഞ വില 9.05 ലക്ഷമാണെന്ന് നിജപ്പെടുത്തിയിരുന്നു.
5. ഈ സ്ഥലങ്ങള്‍ വില്ക്കാന് ഏല്‍പ്പിച്ച ആളുമായുള്ള കരാര്‍ പ്രകാരം അതിരൂപതയുടെ അനുവാദമില്ലാതെ മൂന്നാമത് ഒരു കക്ഷിക്കോ, കക്ഷികള്‍ക്കോ സ്ഥലങ്ങള്‍ മുറിച്ചു വില്ക്കാന് പാടില്ലാത്തതാണ്. എന്നാല്‍, ഈ നിബന്ധന ലംഘിച്ചു 36 പേര്‍ക്ക് സ്ഥലങ്ങള്‍ വില്ക്കുകയാണുണ്ടായത് എന്ന് രേഖകളില്‍ നിന്ന് വ്യക്തമാകുന്നു.
6. മുകളില്‍ പറഞ്ഞ അഞ്ചു സ്ഥലങ്ങള്‍ ഒരു മാസത്തിനുള്ളില്‍ വില്ക്കപ്പെടുകയും അതുവഴി അതിരൂപതയ്ക്ക് 27.30 കോടി രൂപ ലഭിക്കുമെന്നും അത് ബാങ്കില്‍ നിഷേപിച്ചു കഴിയുമ്പോള്‍ ഏകദേശം 32 കോടി രൂപ മാത്രമേ അതിരൂപതയ്ക്കു ബാക്കി കടമുണ്ടാവുകയുള്ളു എന്നതായിരുന്നു അതിരൂപതയുടെ ധാരണ. നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയാക്കിയ ചക്കരമ്പറമ്പിലെ ഷോപ്പിങ് കോമ്പ്ലക്സില്‍ നിന്നും ലഭിക്കുന്ന വാടക വഴി അതിരൂപതയുടെടെ വാര്‍ഷിക വരുമാനത്തെ ബാധിക്കാതെ ബാങ്കിലെ പലിശയും സാവധാനം കടങ്ങളും വീട്ടാമെന്ന പ്രതീക്ഷയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോയത്.
7. വില്ക്കുവാന് ഉദ്ദേശിച്ച അഞ്ചു സ്ഥലങ്ങള്‍(5.22 സെന്റ് വഴിക്കായി നല്‍കിയത് കിഴിച്ച 301.76 സെന്റ്) 36 ആധാരങ്ങളിലായി വിറ്റുപോയി. 21.06.2016ലെ കരാര്‍ പ്രകാരം വസ്തുവില്പനയുടെ സാമ്പത്തിക ഇടപാടുകള്‍ ഒരുമാസത്തിനുള്ളില്‍ തീര്ക്കണമെന്നുണ്ടായിരുന്നുവെങ്കിലും 9.13 കോടി രൂപ മാത്രമേ ഒന്നരവര്‍ഷം കഴിഞ്ഞിട്ടും അതിരൂപതയ്ക്ക് ലഭിച്ചിട്ടുള്ളു. ബാക്കി 18.17 കോടി രൂപ ഇതുവരെയും ലഭിച്ചിട്ടില്ല. അതിരൂപതയിലെ വിവിധ കാനോനിക സമിതികളീല്‍ ആലോചിച്ച ശേഷമാണ് മേല്‍പ്പറഞ്ഞ അഞ്ച സ്ഥലങ്ങള്‍ വില്ക്കുവാന് തീരുമാനിച്ചതെങ്കിലും അതിരൂപതയുമായുള്ള കരാറിനെതിരെ 36 ആധാരങ്ങളിലായി ഈ സ്ഥലങ്ങള്‍ വിറ്റത് കാനോനിക സമിതികള്‍ അറിയാതെയാണ്. മാത്രമല്ല, അതിരൂപതാ കാനോനിക സമിതികളില്‍ ആലോചനയ്ക്കു വരുന്നതിനു മുന്‍പു തന്നെ വില്‍ക്കാനുള്ള ചില സ്ഥലങ്ങള്‍ക്കു അഡ്വാന്‍സ് വാങ്ങിയിട്ടുള്ളതായി അറിയുന്നു.
8. സ്ഥലം വില്‍പ്പനയില്‍ ബാക്കി ലഭിക്കേണ്ട 18.17 കോടി രൂപ അതിരൂപതയ്ക്ക് ലഭിച്ചില്ല എന്നു മാത്രമല്ല, വീണ്ടും അതിരൂപതാ കാനോനിക സമിതികളുടേയും, അകഇഛ പ്രസിഡന്റിന്റെയും അറിവോ, സമ്മതമോ കൂടാതെ അതിരൂപതാ സ്ഥാപനങ്ങളുടെ കേന്ദ്ര ഓഫീസായ അകഇഛ വഴി 10 കോടി രൂപ ബാങ്കില്‍ നിന്നും ലോണ്‍ എടുത്തതുള്‍പ്പെടെ 16.59 കോടി രൂപയ്ക്കു കോതമംഗലമടുത്തു കോട്ടപ്പടിയില്‍07.04.2017ല്‍ 25 ഏക്കറും, ഇടുക്കി ദേവികുളത്ത് 22.02.2017ല്‍ 17 ഏക്കറും അതിരൂപതയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു. അതിരൂപതാ സഹായ മെത്രാന്മാരുടേയും അറിവോ സമ്മതോ കൂടാതെയാണ് കോട്ടപ്പടിയിലും ദേവികുളത്തും ഭൂമി ഇടപാടുകള്‍ നടത്തിയിരിക്കുന്നത്. മറ്റൂരിലുള്ള വസ്തു വാങ്ങിച്ചപ്പോള്‍ കുണ്ടായ ഭാരിച്ച കടം മനസ്സിലാക്കിയ കാനോനിക സമിതികള്‍, അവയുടെ അനുവാദം കൂടതെ അതിരൂപത ഒരു വസ്തുവും പിന്നീടു വാങ്ങിക്കരുതെന്നു ശക്തമായി നിഷ്കര്‍ഷിച്ചിരുന്നു.
9. മറ്റൂരില്‍ സ്ഥലം വാങ്ങിയതുമൂലം അതിരൂപതയുടെ കടബാധ്യത 60 കോടി ആയിരുന്നുവെന്മ്കില് മേല്‍പ്പറഞ്ഞ ഭൂമിയിടാപാടുകള്ക്കു ശേഷം ഇപ്പോള്‍ അതിരൂപത എത്തി നില്‍ക്കുന്നത് 84 കോടിയോളം രൂപയുടെ കടബാധ്യതയിലാണ്.
10. അതിരൂപതയ്ക്കു സംഭവിച്ചിരിക്കുന്നത് ഒരു സാമ്പത്തിക പ്രതിസന്ധി മാത്രമല്ല, സുതാര്യതയില്ലായ്മയും, കാനോനിക നിയമങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല എന്നതും ഗൗരവമായ ധാര്‍മ്മിക പ്രശ്നങ്ങളാണ്. ആയതിനാല്‍, സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ടു ബാക്കി ലഭിക്കേണ്ട തുക അതിരൂപതയ്ക്കു ലഭിച്ചാലും, സാമ്പത്തിക പ്രശ്നങ്ങള്‍ക്കു ഒരു പരിധി വരെ പരിഹാരമുണ്ടാകുമെങ്കിലും ധാര്‍മ്മിക പ്രശ്നങ്ങള്‍ നിലനില്ക്കുന്നു എന്നുള്ളത് വസ്തുതയാണ്.
11. ഗുരുതരമായ ഈ അവസ്ഥ തിരിച്ചറിയുകയും 29.11.2017ല്‍ കൂടിയ വൈദിക പ്രതിനിധി യോഗത്തിന്റെ നിര്‍ദ്ദേശപ്രകാരം ഈ വിഷയം വിശദമായി പഠിക്കുന്നതിനായി ആറു പേരടങ്ങുന്ന ഒരു കമ്മിറ്റിയെ അതിരൂപതാദ്ധ്യക്ഷന്‍ നിയമിച്ചു. കമിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ട് ആലോചന സമിതിയിലും, വൈദിക പ്രതിനിധി യോഗത്തിലും അതിനു ശേഷം 21.12.2017ല്‍ കൂടിയ വൈദിക സമ്മേളനത്തിലും അവതരിപ്പിക്കുകയുണ്ടായി. കമിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട് 2018 ജനുവരി 31നകം നല്‍കണമെന്ന് കമ്മിറ്റിക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ട് വത്തിക്കാനിലേക്കു അയച്ചുകൊടുക്കണമെന്ന് വൈദികപ്രതിനിധിയോഗവും, വൈദികരുടെ പൊതു സമ്മേളനവും ആവശ്യപ്പെട്ടു.ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതിരൂപതയിലെ സ്ഥാപനങ്ങളുടെ സിഞ്ചെല്ലൂസ് ആയ മോണ്‍സിഞ്ഞോര്‍ സെബാസ്റ്റ്യന്‍ വടക്കുംപാടന്റെയും, അതിരൂപതാ ഫിനാന്‍സ് ഓഫീസറായ ഫാ. ജോഷി പുതുവയുടെയും ഉത്തരവാദിത്വങ്ങളില്‍ നിയന്ത്രണങ്ങള്‍ അഭിവന്ദ്യ ആലഞ്ചേരി പിതാവിന്റെ നിര്‍ദേശ പ്രകാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതിരൂപത സ്ഥലം വാങ്ങല്‍, വില്ക്കല് എന്നിവയുമായി ബന്ധപ്പെട്ട് നമ്മുടെ അതിരൂപതയുടെ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് എനിക്ക് ലഭിച്ചിട്ടുള്ള രേഖകളുടെയും, മറ്റു വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ബഹുമാനപ്പെട്ട വൈദികരുടെ അറിവിലേയ്ക്കായി നല്കുന്നു. ഇതു പള്ളികളില്‍ വായിക്കേണ്ട ആവശ്യമില്ല.
നമ്മുടെ അതിരൂപതയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന എല്ലാ പ്രതിസന്ധികള്‍ക്കും ശാശ്വതമായ പരിഹാരം കണ്ടെത്തുവാന്‍ എല്ലാവരും ഒരുമിച്ചു നിന്നു ആത്മര്ത്ഥമായി പ്രാര്‍ത്ഥിക്കുകയും, പരിശ്രമിക്കുകയും ചെയ്യുമല്ലോ.
പ്രാര്‍ത്ഥനയില്‍ സ്നേഹപൂര്‍വ്വം,
മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്
പ്രോട്ടോസിഞ്ചെല്ലൂസ്, എറണാകുളം – അങ്കമാലി അതിരൂപത
പ്രതികരിക്കാൻ ഇവിടെ എഴുതുക: