പിറവം: മധ്യപ്രദേശ് സര്‍ക്കാരും ചിന്മയ മിഷനും ചേര്‍ന്ന് ആദിശങ്കരചാര്യരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചലിക്കുന്ന മ്യൂസിയം ആദിശങ്കര സന്ദേശവാഹിനി ഏകാത്മയാത്ര ഇന്ന് തുടങ്ങും. രാവിലെ എട്ടിന് വെളിയനാട് ആദിശങ്കര നിലയത്തില്‍ നടക്കുന്ന പരിപാടിയില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ഏകാത്മയാത്ര ഫ്ളാഗ് ഓഫ് ചെയ്യും.
ശങ്കരാചാര്യരുടെ മാതൃഗൃഹമായ മേല്പാഴൂര് മനയില്‍ നിന്നാണ് ഏകാത്മയാത്ര പുറപ്പെടുന്നത്. ശങ്കരാചാര്യരുടെ ജീവിത സന്ദേശമായ അദ്വൈത സന്ദേശം പ്രചരിപ്പിച്ച് ഉഡുപ്പി, ധര്മ്മസ്ഥലം, ശൃംഗേരി എന്നിവിടങ്ങളിലൂടെ യാത്ര കടന്നുപോകും. ശ്രീശങ്കരന് തന്റെ ഗുരുവായ ഗോവിന്ദ ഭഗവദ് പാദരെ കണ്ടുമുട്ടിയ മധ്യപ്രദേശിലെ നര്‍മ്മദാ നദീതീരത്തുള്ള ഓങ്കാരേശ്വരത്ത് 108 അടി ഉയരമുള്ള ശങ്കര പ്രതിമ സ്ഥാപിക്കും. ഇതിന് മുന്നോടിയായാണ് ഏകാത്മയാത്ര. കാലടി ശൃംഗേരി മഠത്തില്‍ നിന്ന് മണ്ണ് ശേഖരിച്ചാണ് യാത്ര തുടരുക. രാവിലെ 11ന് ഈ ചടങ്ങ്.
ജനുവരി 22ന് ഓങ്കാരേശ്വരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പ്രതിമാ ശിലാസ്ഥാപനത്തോടെ യാത്ര സമാപിക്കും. ശങ്കരാചാര്യരുടെ ജീവിതം എവിടെ നിന്ന് തുടങ്ങിയോ അവിടെനിന്ന് ഏകാത്മയാത്ര തുടങ്ങണമെന്ന സങ്കല്‍പ്പത്തിലാണ് ശ്രീശങ്കരന്റെ ജന്മസ്ഥാനമായ ആദിശങ്കര നിലയത്തില്‍ നിന്ന് യാത്ര ആരംഭിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാനായി ഇന്നലെ രാത്രി ശിവരാജ് സിംഗ് ചൗഹാനെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: