കൊച്ചി: നിര്‍ഭയയും സൗമ്യയും ജിഷയും ആവര്‍ത്തിക്കാതിരിക്കാന്‍ പെണ്‍കുട്ടികള്‍ സജ്ജരാകുകയാണ് ക്രീഡാ ഭാരതിയിലൂടെ. തങ്ങള്‍ക്കുനേരെ വരുന്ന ഏത് അതിക്രമത്തെയും പ്രതിരോധിക്കാനുള്ള ആയോധന കലയാണ് തായ്ക്കൊണ്ട പരിശീലന ശിബിരത്തില്‍ പരിശീലിപ്പിച്ചത്. ക്രീഡാ ഭാരതിയുടെ നേതൃത്വത്തില്‍ എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്കൂളില്‍ ഏഴ് ദിവസമായി നടന്ന പരിശീലനം ഇന്ന് സമാപിക്കും.
ഭാരതത്തിലെ ധീരവനിതകളായ റാണി പത്മിനിയും ലക്ഷ്മി ഭായിയും ഉണ്ണിയാര്‍ച്ചയും ഇവരിലൂടെ പുനരുജ്ജീവിക്കുകയായിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ക്രീഡാ ഭാരതിയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്കായി തായ്ക്കൊണ്ട പരിശീലനം സംഘടിപ്പിച്ചത്.
മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, കോട്ടയം എന്നീ ജില്ലകളില്‍ നിന്നായി 12 മുതല്‍ 17 വരെ പ്രായമുള്ള 100 വിദ്യാര്‍ത്ഥിനികളാണ് പരിശീലനത്തില്‍ പങ്കെടുത്തത്. ഇതിലധികവും 7,8,9 ക്ലാസുകളിലുള്ളവരാണ്. ഗൈദ ജോളി കുറ്റിശ്ശേരി, മോഹന്‍ദാസ് കോഴിക്കോട്, രഞ്ജിത് എന്നിവരാണ് ക്ലാസുകള്‍ നിയന്ത്രിച്ചത്.
കൂടാതെ ക്രീഡാഭാരതിയിലെ സജീവ് കുമാര്‍, ഓലയില്‍ ബാബു, മധുകുട്ടന്, അശോക് കുന്നുങ്ങല്‍ എന്നിവരും ക്ലാസിന് നേതൃത്വം നല്കി. മുന്‍ വര്‍ഷങ്ങളില്‍ തായ്ക്കൊണ്ട പരിശീലനം നേടിയ 10 കുട്ടികളും ക്ലാസുകള്‍ക്ക് സഹായം നല്കി. 5മണിക്കൂര്‍ തായ്ക്കൊണ്ട പരിശീലനം, രണ്ടര മണിക്കൂര്‍ സെല്‍ഫ് ഡിഫന്‍സ് ക്ലാസ്, ഒന്നരമണിക്കൂര്‍ തിയറി ക്ലാസ് എന്നിങ്ങനെയാണ് പരിശീലനം ക്രമീകരിച്ചിരുന്നത്. പരിശീലനത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ഇന്ന് നടക്കുന്ന സമാപനയോഗത്തില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: