കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ജനുവരി 1 മുതല്‍ 12 വരെ ആഘോഷിക്കുന്ന ശ്രീപാര്‍വതീ ദേവിയുടെ നടതുറപ്പുദര്ശന മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ധനുമാസത്തിലെ തിരുവാതിര രാവായ ജനുവരി 1ന് രാത്രി എട്ടിനാണ് നടതുറപ്പ്. 1ന് വൈകിട്ട് നാലിന് അകവൂര്‍ മനയില്‍ നിന്നു തിരുവാഭരണഘോഷ യാത്ര തുടങ്ങും.
തങ്കഗോളക, ചന്ദ്രക്കല, കിരീടം തിരുമുഖം തുടങ്ങിയ തിരുവാഭരണങ്ങള്‍ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ ഏറ്റുവാങ്ങും. തുടര്‍ന്നു താലം, പൂക്കാവടി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര ക്ഷേത്രത്തിലെത്തും. ഘോഷയാത്ര ക്ഷേത്രത്തില്‍ പ്രവേശിച്ച ഉടന്‍ ആചാരപരമായ ചടങ്ങുകളോടെ രാത്രി എട്ടിന് തിരുനട തുറക്കും. കേരളത്തിന് അകത്തും പുറത്തും നിന്നുള്ള ദശലക്ഷങ്ങള്‍ ദര്‍ശനത്തിനെത്തും.
50000 പേര്‍ക്ക് സുരക്ഷിതമായി കാത്തുനില്ക്കാന് സാധിക്കുന്ന രീതിയിലുള്ള നടപ്പന്തലുകളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. അന്‍പതിനായിരം ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള നാലു നടപ്പന്തലുകള്‍ ബാരിക്കേഡുകള്‍ കെട്ടി സുരക്ഷിതമാക്കി. ഇത്തവണ ഓണ്‍ലൈനില്‍ ദര്‍ശനത്തിനു മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കായി വെര്‍ച്വല്‍ ക്യൂ സൗകര്യവുമുണ്ട്. വെര്‍ച്വല്‍ ക്യൂവില്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് ഇരിപ്പിടങ്ങളുുണ്ടാകും.
ക്യൂവില്‍ കാത്തു നില്‍ക്കുന്നവര്‍ക്ക് ആവശ്യാനുസരണം കുടിവെള്ളം ലഭ്യമാക്കും. പന്ത്രണ്ട് ദിവസവും ക്ഷേത്ര ട്രസ്റ്റിന്റെ വകയായി അന്നദാനവുമുണ്ടാകും. കഞ്ഞിയും പുഴുക്കുമാണ് വിഭവങ്ങള്‍. ഒരേ സമയം ആയിരത്തോളം പേര്‍ക്ക് ഇരുന്നു ആവശ്യാനുസരണം ഭക്ഷണം കഴിക്കാനാവുന്ന വിധമുള്ള സ്ജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. അരവണ, അവില് നിവേദ്യം, ഉണ്ണിയപ്പം എന്നീ പ്രസാദങ്ങള്‍ക്കും പ്രത്യേക കൗണ്ടറുകള്‍ തയ്യാറായി.
നടതുറപ്പ് ഉത്സവനാളുകളില്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിരവധി ട്രെയിനുകള്‍ക്ക് പ്രത്യേക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ആലുവ, പെരുമ്പാവൂര്‍, അങ്കമാലി, പറവൂര്‍, ചാലക്കുടി, എറണാകുളം, ആലപ്പുഴ, കൊല്ലം ഡിപ്പോകളില്‍ നിന്നു ക്ഷേത്രത്തിലേക്ക് പ്രത്യേക ബസ് സര്‍വീസുകള്‍ ഉണ്ടാകും. സ്പെഷല്‍ ബസ് സര്‍വീസുകള്‍ക്കായി ക്ഷേത്ര പരിസരത്ത് താത്കാലിക സ്റ്റേഷന് പ്രവര്‍ത്തിക്കും. കൂടാതെ ക്ഷേത്ര ട്രസ്റ്റിന്റെ മൂന്നു ഗ്രൗണ്ടുകളും സ്വകാര്യ ഗ്രൗണ്ടുകളും ഉള്‍പ്പെടെ രണ്ടായിരത്തോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: