അരനൂറ്റാണ്ടിലേറെ കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിസ്തുല സേവനമനുഷ്ഠിച്ച് ഏവരുടെയും ആദരവും ബഹുമാനവും നേടിയ പണ്ഡിതനായിരുന്നു പ്രൊഫ. ജോസഫ് പുലിക്കുന്നേല്‍. കോളെജ് അദ്ധ്യാപകനായി ഒട്ടേറെ ശിഷ്യരെ സമ്പാദിക്കാനും അവരിലെല്ലാം പരിവര്‍ത്തനത്തിന്റെ ശക്തമായ സ്വാധീനം ചെലുത്താനും അദ്ദേഹത്തിനായി. അദ്ധ്യാപകവൃത്തി മികച്ച സാമൂഹ്യ പരിവര്‍ത്തന മാദ്ധ്യമമാണെന്ന് തിരിച്ചറിഞ്ഞതിലൂടെ അദ്ദേഹം പൊതുജീവിതത്തില്‍ ആദരണീയ വ്യക്തിത്വമായി. കോഴിക്കോട് ദേവഗിരി കോളെജില്‍ പഠിപ്പിക്കുമ്പോഴും സ്വന്തം സഭയില്‍ സമഗ്രവും സമൂലവുമായ മാറ്റമുണ്ടാക്കണമെന്ന അടങ്ങാത്ത ആഗ്രഹ നിവൃത്തിക്ക് പ്രവര്‍ത്തിച്ചു.
‘ഓശാന’ മാസികയിലൂടെയാണ് മുഖ്യമായും അദ്ദേഹം ആദര്‍ശവും ആശയവും അവതരിപ്പിച്ചത്. ഓരോ എഴുത്തും മാറ്റത്തിന്റെ ശക്തമായ പ്രഹരമാണ് യാഥാസ്ഥിതികരിലും നിക്ഷിപ്ത കേന്ദ്രങ്ങളിലും ഏല്‍പ്പിച്ചത്. ശക്തമായ ഭാഷയില്‍ വിമര്‍ശന ശരങ്ങള്‍ ഓരോ ലേഖനത്തിലും തൊടുത്തു വിട്ടപ്പോള്‍ അത് നൂറായിരമായി പെരുകി നിരവധിയാളുകളുടെ മനസ്സില്‍ തറച്ചു.
ആരുടെയെങ്കിലും പ്രീതി നേടാനോ പ്രീണന വാക്കുകളിലൂടെ പിന്തുണ നേടാനോ ശ്രമിച്ചില്ല. ശരിയെന്നു തോന്നിയത് ആവര്‍ത്തിക്കുന്നതിലും യുക്തിഭദ്രമായി അവതരിപ്പിക്കുന്നതിലും പ്രൊഫസര്‍ മികവുകാട്ടി.
ക്രിസ്തീയ സഭയില്‍ സഭാ പ്രവര്‍ത്തനങ്ങള്‍ കാലോചിതമായി പരിഹരിക്കണമെന്ന വാദമുയര്‍ത്തി ദീര്‍ഘകാലത്തെ പടയോട്ടമാണ് കേരളത്തിലുടനീളം അദ്ദേഹം നടത്തിയത്. 1983 -ല്‍ നിലയ്‌ക്കല്‍ പ്രക്ഷോഭകാലത്താണ് പുലിക്കുന്നേല്‍ സാറുമായി കോട്ടയത്തുവെച്ച് പരിചയപ്പെടുന്നത്. എന്നെ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രക്ഷോഭകരെ 1983 ജൂലൈ നാലിന് അറസ്റ്റ് തടവിലാക്കിയപ്പോള്‍ അദ്ദേഹം നേരിട്ടുവന്ന് വിവരങ്ങള്‍ അന്വേഷിച്ചത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. നിലയ്‌ക്കല്‍ പ്രശ്‌നത്തില്‍ സര്‍ക്കാരും സഭയും സ്വീകരിച്ച നിലപാട് തെറ്റാണെന്ന് അദ്ദേഹം വെട്ടിത്തുറന്ന് പറഞ്ഞു. കോട്ടയം തിരുനക്കര മൈതാനത്ത് ഒരു വിശദീകരണം സ്വന്തം ചുമതലയില്‍ നടത്തി. പൊതുയോഗങ്ങള്‍ നടത്തുന്നത് സര്‍ക്കാര്‍ വിലക്കിയിരുന്നു. യോഗത്തിന് കരുണാകരന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. മൈക്ക് തടഞ്ഞു. ജനങ്ങളോട് സംവദിക്കാന്‍ ആരുടെയും അനുമതി ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച് അവിടെ കൂടിനിന്നവരെ അദ്ദേഹം അഭിസംബോധന ചെയ്തു.
ഭൂമി കൈയേറാന്‍ വിശുദ്ധമായിക്കരുതുന്ന കുരിശുപയോഗിക്കുന്നതിനെ കര്‍ശനമായി വിമര്‍ശിച്ചു. മുഖ്യമന്ത്രി കെ. കരുണാകരനോട് 50 ചോദ്യങ്ങള്‍ ഉന്നയിച്ചു. ഉച്ചഭാഷിണിയോ പത്ര മദ്ധ്യമങ്ങളുടെ സഹകരണമോ പ്രചാരണമോ ഇല്ലാതെ നടത്തിയ രണ്ട് മണിക്കൂര്‍ പ്രസംഗം ജനങ്ങള്‍ ശ്രദ്ധയോടെ കേട്ടുനിന്നു. സെന്‍സര്‍ഷിപ്പുണ്ടായിരുന്നയതിനാല്‍ പിറ്റേന്ന് പ്രമുഖ മാദ്ധ്യമങ്ങളൊന്നും വാര്‍ത്ത കൊടുത്തില്ല. ഇത് മനസിലാക്കിയ അദ്ദേഹം പ്രസംഗം വീടുവീടാന്തരം എത്തിക്കണമെന്നാവശ്യപ്പെട്ട് ഒരു ലക്ഷം കോപ്പി അച്ചടിച്ച് നിലയ്‌ക്കല്‍ ആക്ഷന്‍ സമിതിയുടെ ഓഫീസില്‍ എത്തിച്ചു. നിലയ്‌ക്കല്‍ പ്രക്ഷോഭത്തിന്റെ മുന്നണി പോരാളിയായി, ധീരോദാത്ത നിലപാട് സ്വീകരിച്ച് അദ്ദേഹം മുന്നേറിയത് സമരത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം പ്രചോദനമായി.
മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ മതനേതാക്കള്‍തമ്മിലുള്ള സൗഹൃദ സംഭാഷണം അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനായി, ‘ഹിന്ദു-ക്രിസ്ത്യന്‍ ഡയലോഗ്’ എന്ന പേരില്‍ ഭരണങ്ങാനം ഓശാന മൗണ്ടില്‍ മതകൂട്ടായ്‌മ സംഘടിപ്പിച്ചു. അന്ന് ആര്‍എസ്എസ് സര്‍സംഘചാലകായിരുന്ന കെ.എസ്. സുദര്‍ശന്‍ജി ഡയലോഗില്‍ പങ്കെടുത്തു. ജസ്റ്റീസ് കെ.ടി. തോമസ്, പ്രൊഫ. എം.വി. പൈലി, വിത്സണ്‍ പാനിക്കുളങ്ങര തുടങ്ങിയ ഒട്ടേറെ പ്രമുഖര്‍ ചേര്‍ന്നു. ചര്‍ച്ച തുടങ്ങിവെച്ച് പ്രൊഫ. പുലിക്കുന്നേല്‍ അവതരിപ്പിച്ച ‘നയരേഖ’ മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രവണതകളെ നഖശിഖാന്തം വിമര്‍ശിക്കുന്നതായിരുന്നു; ഒപ്പം മതസൗഹാര്‍ദ്ദത്തിനുള്ള ബഹുമുഖ പദ്ധതിയും അവതരിപ്പിച്ചു. പുലിക്കുന്നേലിന്റെ ദീര്‍ഘവീക്ഷണവും വസ്തുതാപരമായ വീക്ഷണ വൈഭവവും സുദര്‍ശന്‍ജി മറുപടി പ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിക്കുയും ചെയ്തു. ഹിന്ദു-ക്രിസ്ത്യന്‍ ഡയലോഗില്‍ നടന്ന ചര്‍ച്ചകളും അഭിപ്രായങ്ങളും പിന്നീട് ഓശാന മാസികയില്‍ പ്രസിദ്ധീകരിച്ചു. ഡയലോഗ് അങ്ങനെ കേരള ചരിത്രത്തില്‍ സുപ്രധാന ഏടായിമാറി.
അദ്ദേഹത്തിന്റെ ദീര്‍ഘനാളത്തെ പരിശ്രമത്തിന്റെയും നിരന്തരമായ അന്വേഷണത്തിന്റെയും ഫലമായാണ് വഴിത്തിരിവായി മാറിയ ഹിന്ദു-ക്രിസ്ത്യന്‍ ഡയലോഗിന് ജനപിന്തുണ നേടാനായത്.
ഭാരതീയ സംസ്‌കൃതിയാണ് തന്റെ വ്യക്തിത്വ രൂപീകരണത്തിന് അടിസ്ഥാനമായതെന്ന് പ്രൊഫസര്‍ പുലിക്കുന്നേല്‍ ഉറച്ചു വിശ്വസിച്ചിരുന്നു. ദേശസ്‌നേഹവും ദേശഭക്തിയും നാടിനോടുള്ള പ്രതിബദ്ധതയും അദ്ദേഹത്തിന്റെ വാക്കിലും പ്രവൃത്തിയിലും പ്രകടമായിരുന്നു. എതിര്‍പ്പുകള്‍ക്കുമുന്നില്‍ പതറാതെ, ആദര്‍ശത്തിനുവേണ്ടി ഉറച്ച നിലപാടുകള്‍ സ്വീകരിച്ചുമുന്നേറാനുള്ള വ്യഗ്രത ജീവിതകകാലം മുഴുവന്‍ അദ്ദേഹത്തിലുണ്ടായിരുന്നു. സ്ഥാനമാനങ്ങളുടെ പിന്നാലെ പോകാതെ സത്യസന്ധമായ നിലപാടുകളില്‍ ഉറച്ചു നിന്നു. ജാതിമത ഭേദചിന്തകള്‍ക്കപ്പുറം ഭാരതീയനെന്ന നിലയില്‍ നാടിന്റെ മഹത്തായ സാംസ്‌കാരിക പൈതൃകം ഉയര്‍ത്തിപ്പിടിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. ഭാരതീയമായ ആചാരാനുഷ്ഠാനങ്ങളും കാഴ്ചപ്പാടുകളും നിലപാടുകളുമായിരുന്നു അദ്ദേഹം പിന്തുടര്‍ന്നിരുന്നത്.
‘ജന്മഭൂമി’യുടെ ഉറ്റ ബന്ധുവായിരുന്നു, ഏറെക്കാലം പംക്തിയെഴുതിയിരുന്നു. വിചാരവിപ്ലവത്തിലൂടെ ജനകീയ വിപ്ലവത്തിന് ജന്മഭൂമിക്ക് വഹിക്കാനുള്ള പങ്കിനെക്കുറിച്ച് പറയുമായിരുന്നു. പണ്ഡിതനും ചിന്തകനും സാമഹ്യ-സാംസ്‌കാരിക മാറ്റങ്ങള്‍ക്ക് നിരന്തരം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന പ്രൊഫ. ജോസഫ് പുലിക്കുന്നേല്‍ സാറിന് ആദരഞ്ജലികള്‍.
















