തിരുവനന്തപുരം: സാമൂഹിക സമരസത സൃഷ്ടിക്കുകയാണ് രാഷ്‌ട്ര സേവികാസമിതിയുടെ ലക്ഷ്യമെന്ന് പ്രാന്ത സഞ്ചാലിക ഉഷാവര്‍മ പറഞ്ഞു. ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തില്‍ നടക്കുന്ന പ്രാരംഭിക ശിക്ഷണ ശിബിരത്തിന്റെ ഉദ്ഘാടന സഭയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. സ്ത്രീകളെ കച്ചവട ചരക്കാകുന്ന ആനുകാലിക സാഹചര്യത്തില്‍ സേവികാ സമിതിയുടെ പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
രാഷ്‌ട്രബോധം വളര്‍ത്തി ആത്മബലം നല്‍കുന്ന പ്രവര്‍ത്തനത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്. ആദര്‍ശം ഉള്‍ക്കൊണ്ട് ഉയര്‍ന്ന ചിന്ത ഉണ്ടായി വരണം. സംഘടന സമാജത്തിന്റെ ഉയര്‍ച്ചയ്‌ക്കാണ് എന്നതാണ് അടിസ്ഥാന പ്രമാണം. മനോധൈര്യവും സ്വസംരക്ഷണത്തിനുമുള്ള പരിശീലനവും നല്‍കുക എന്നതാണ് ഇത്തരം ശിബിരങ്ങള്‍ കൊണ്ട് ലക്ഷ്യംവയ്‌ക്കുന്നത് എന്നും ഉഷാവര്‍മ അഭിപ്രായപ്പെട്ടു. വെങ്ങാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. ശ്രീകല അധ്യക്ഷയായിരുന്നു. സേവികാ സമിതി ജില്ലാ കാര്യവാഹിക നീലിമ ആര്‍. കുറുപ്പ് , പ്രാന്ത കാര്യകാരിണി അംഗം അംബിക എന്നിവര്‍ സംസാരിച്ചു.
തിങ്കളാഴ്ച ആരംഭിച്ച ശിബിരത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം പേര്‍ പങ്കെടുക്കുന്നുണ്ട്. വിവിധ വിഷയങ്ങളെ അധികരിച്ച് ചര്‍ച്ചകളും ക്ലാസുകളും ഉണ്ടാകും. ശനിയാഴ്ച ക്യാമ്പ് സമാപിക്കും.
















