തൃശൂര്‍ : തേക്കിന്‍കാട് മൈതാനിയില്‍ കാല്‍നടയാത്രക്കാരനായ കോട്ടയം സ്വദേശിയെ കുത്തി വീഴ്ത്തി പരിക്കേല്‍പ്പിച്ച് പണം കവര്‍ന്നു. കോട്ടയം ആച്ചിക്കല്‍ പീയൂസ് മൗണ്ടില്‍ തുറംപിള്ളി വീട്ടില്‍ ഷാജി(50)ക്കാണ് പരിക്കേറ്റത്. കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയ ഇയാളുടെ നില ഗുരുതരമാണ്. സര്‍ജറി ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഫയര്‍ സേഫ്റ്റി മെക്കാനിക്കായ ഷാജി നഗരത്തിലെ സ്ഥാപനത്തില്‍ നിന്നും ജോലി കഴിഞ്ഞ് തേക്കിന്‍കാട് മൈതാനത്തുകൂടി നടന്നുപോകുമ്പോള്‍ ഹിന്ദി സംസാരിക്കുന്ന മൂന്നംഗ സംഘം ഇയാളെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
മാരകായുധം ഉപയോഗിച്ച് ഷാജിയുടെ നെഞ്ചിലും കയ്യിലും കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പോക്കറ്റിലുണ്ടായിരുന്ന 3500 രൂപ കവരുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ തേക്കിന്‍കാട് മൈതാനിയില്‍ ആളുകള്‍ കുറവായിരുന്നു. പരിക്കേറ്റ് മൈതാനത്ത് കിടന്ന ഷാജിയെ സഹായിക്കാന്‍ ആരും അടുത്തുണ്ടായിരുന്നില്ല. തുടര്‍ന്ന് ഷാജി ഫോണില്‍ വിളിച്ച് മുണ്ടൂരിലുള്ള സഹോദരിഭര്‍ത്താവ് അനിലിനെ വിളിച്ച് വിവരം പറയുകയും അരമണിക്കൂറിനകം അനിലെത്തി ഷാജിയെ ജില്ല ആശുപത്രിക്കു മുന്നില്‍ തേക്കിന്‍കാട് മൈതാനത്ത് കണ്ടെത്തുകയുമായിരുന്നു.
വിവരം അറിഞ്ഞ് എസിപി അടക്കമുള്ള പോലീസുകാരെത്തി നാലു ജീപ്പുകളിലായി നഗരം മുഴുവന്‍ കറങ്ങിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ഷാജിയുടെ സഹോദരി ഭര്‍ത്താവ് അനിലാണ് പ്രതിയെന്ന് കരുതി പോലീസ് ആദ്യം ചോദ്യം ചെയ്തെങ്കിലും പിന്നീട് തെറ്റു മനസിലായി. തുടര്‍ന്ന് പരിക്കേറ്റ ഷാജിക്ക് ആവശ്യമായ ചികിത്സ നല്‍കുകയും വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
നഗരത്തില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടും ഇത്തരത്തിലൊരു സംഭവമുണ്ടായത് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: