ചങ്ങരംകുളം: നരണിപ്പുഴയുടെ ആഴങ്ങളിലേക്ക് ആണ്ടുപോയ കുഞ്ഞുനക്ഷത്രങ്ങള്ക്ക് ചങ്ങരംകുളം കണ്ണീരോടെ വിട നല്കി.
തോണി അപകടത്തില്‍ മരിച്ച കുട്ടികളുടെ മൃതദ്ദേഹം നരണിപ്പുഴയോരത്ത് പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ജനസഹസ്രങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പ് കൂടെ ചിരിച്ചുല്ലസിച്ച് നടന്ന പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരത്തെ വിശ്വസിക്കാനാകാതെ കൂട്ടുകാര്‍ പൊട്ടിക്കരഞ്ഞു. അദ്ധ്യാപകരും നാട്ടുകാരും സങ്കടക്കടലിനെ ഒഴുക്കികളനാകാതെ വിഷമിച്ചു. തങ്ങളുടെ പ്രതീക്ഷയായിരുന്ന മക്കള്‍ യാത്രയായത് അംഗീകരിക്കാനാവാതെ മാതാപിതാക്കള്‍ അവരെ വിളിച്ചുകൊണ്ടേയിരുന്നു. പരസ്പരം ആശ്വസിപ്പിക്കാനാകാത്ത അവസ്ഥയിലായിരുന്നു എല്ലാവരും.
26ന് വൈകിട്ട് അഞ്ചരയോടെയാണ് കേരളക്കരയെ കണ്ണീരിലാഴ്ത്തിയ അപകടം നടന്നത്. ക്രിസ്മസ് അവധി ആഘോഷിക്കാന്‍ മാപ്പലക്കല്‍ വേലായുധന്റെ വീട്ടില്‍ ഒത്തുചേര്‍ന്ന കുട്ടികള്‍ അദ്ദേഹത്തോടൊപ്പം പുഴ കാണാന്‍ ഇറങ്ങിയതായിരുന്നു. കരയില്‍നിന്ന് 200 മീറ്റര്‍ മാറി ആഴമേറിയ ഭാഗത്ത് തോണി ഒരുവശത്തേക്ക് മറിഞ്ഞതോടെ എല്ലാവരും പുഴയില്‍ വീണു. വേലായുധന്റെ മകള്‍ വൈഷ്ണ, മാപ്പലക്കല്‍ ജയന്റെ മക്കളായ പൂജ, ജനീഷ, മാപ്പലക്കല്‍ പ്രകാശന്റെ മകള്‍ പ്രസീന, നരണിപ്പുഴ മാച്ചേരിയത്ത് അനിലിന്റെ മകന് ആദിദേവ്, പനമ്പാട് വിളക്കത്തേരി ശ്രീനിവാസന്റെ മകന് ആദിനാഥ് എന്നിവര്‍ മരിച്ചു. വേലായുധനും ശിവാംഗി, വെള്ളക്കടവില്‍ സുലൈമാന്റെ മകള്‍ ഫാത്തിമ എന്നിവര്‍ രക്ഷപ്പെട്ടു.
ആദിദേവിന്റെ മൃതദ്ദേഹം ചങ്ങരംകുളം കാനൂരിലെ വീട്ടുവളപ്പിലും ആദിനാഥിന്റെ മൃതദ്ദേഹം മാറഞ്ചേരിയിലെ വീട്ടുവളപ്പിലും സംസ്കരിച്ചു. മറ്റ് നാലുപേരെയും വൈകിട്ട് എരമംഗലത്തെ പൊതുശ്മശാനത്തിലാണ് സംസ്കരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: