തിരുമല: തൃക്കണ്ണാപുരം കൗണ്‍സിലര്‍ കെ. അനില്‍കുമാര്‍ (തിരുമല അനില്‍) ഇന്ന് 12 മണിക്കൂര്‍ കുന്നപ്പുഴ ജംഗ്ഷനില്‍ ഉപവാസം അനുഷ്ഠിക്കും. തിരുമല-തൃക്കണ്ണാപുരം റോഡിന്റെ വികസനത്തിന് സ്ഥലം എംഎല്‍എ ഒ. രാജഗോപാല്‍ പ്രത്യേക ഫണ്ടനുവദിക്കുകയും തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടും അട്ടിമറിക്കാന്‍ ശ്രമിക്കുന്ന രാഷ്‌ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെതിരെയാണ് ഉപവാസം. രാവിലെ ആറിന് ആരംഭിച്ച് വൈകിട്ട് ആറിന് അവസാനിക്കും. റോഡിന്റെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി അവതാളത്തിലാണ്. തൃക്കണ്ണാപുരത്ത് നിന്ന് നേമത്തേക്ക് കയറാന്‍ പറ്റുന്ന റോഡാണിത്. മാസങ്ങള്‍ക്ക് മുന്‍പ് സ്ഥലം എംഎല്‍എ ഒ.രാജഗോപാല്‍ റോഡിന്റെ പണി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നും നടപടി സ്വീകരിക്കാത്തതിനാലാണ് വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ തിരുമല അനില്‍ ഉപവസിക്കുന്നത്.
















