കാക്കനാട്: ഭിന്നശേഷിക്കാരില്‍ പഠനത്തിലും കലയിലും അസാധാരണ കഴിവുകള്‍ക്ക് രാഷ്ട്രപതിയില്‍ നിന്ന് ബെസ്റ്റ് ക്രിയേറ്റീവ് ചൈല്‍ഡ് വിത്ത് ഡിസെബിലിറ്റി പുരസ്കാരം നേടിയ അഭിരാമിക്ക് പുതുവത്സര സമ്മാനങ്ങളുമായി നാടും നാട്ടുകാരും. ഭിന്നശേഷിയുള്ള കുട്ടികളില്‍ സര്‍ഗ്ഗ പ്രതിഭയുള്ളവര്‍ക്ക് നല്കുന്ന അവാര്‍ഡാണ് കാക്കനാട് തെങ്ങോട് അന്തപ്പിള്ളിയില് എ.പി. രവിയുടെയും ബിന്ദുവിന്റെയും മകള്‍ അഭിരാമി കരസ്ഥമാക്കിയത്. വീടിന് സമീപത്തെ മര്‍തോമ പബ്ലിക് സ്കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന ഈ കൊച്ചുമിടുക്കിയെ അഭിനന്ദിക്കാന്‍ വ്യക്തികളും സംഘടനകളുമാണ് പുരസ്കാരം നല്കാന് എത്തുന്നത്.
ബ്രിട്ടില്‍ ബോണ്‍ എന്ന എല്ലുപൊടിയുന്ന രോഗവുമായി ജീവിക്കുന്ന ഈ അസാധാരണ കുട്ടി ജീവിതത്തില്‍ മികവ് തെളിയിച്ചതാണ് നാട്ടുകാരുടെ ആരാധനക്ക് കാരണം. ശസ്ക്രിയകള്ക്ക് പലതവണ വിധേയമായപ്പോഴും വേദന ഉള്ളിലൊതുക്കി പാട്ടിലും വരകളിലും ആശ്വാസം കണ്ടെത്തി. സ്കൂളില്‍ അഭിരാമിയുടെ കടലാസ്പൂവുകള് യഥാര്‍ത്ഥ പൂക്കളെക്കാള്‍ മനോഹരമായി. പഠനത്തോടൊപ്പം വിവിധ കരവിരുതുകളാണ് സ്കൂളില്‍ അഭിരാമിയെ വ്യത്യസ്ഥയാക്കി. നൂല്‍പ്പാവകള്‍ ജീവസ്സുറ്റവയാണെന്ന് തോന്നി. ചെളിയില്‍ ആമി തീര്‍ത്ത മനുഷ്യാവയവങ്ങള്‍ ശ്രദ്ധേയമായി. അഭിരാമിയുടെ ശ്രുതിമധുര ഗാനങ്ങള്‍ ശ്രവിക്കാനും ആസ്വാദിക്കാനും ആരാധകരുണ്ട്.
ദല്‍ഹിയില്‍ നിന്ന് പുരസ്കാരം സ്വീകരിച്ചെത്തിയ അഭിരാമിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍ സമ്മാനം നല്കി. പി.എം. മാഹിന്‍കുട്ടി, ആരോഗ്യ സ്റ്റാറ്റിംങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷബ്ന മെഹറലി, കൗണ്‍സിലര്‍മാരായ പി.എം. യൂസഫ്, ടി.എം. അലി, അസ്മ നൗഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: