പൂക്കോട്ടുംപാടം: ദുര്‍ഗന്ധപൂരിതമാണ് പൂക്കോട്ടുംപാടം. ടൗണിന് പിന്‍വശത്തുള്ള വാകതോടിലൂടെ ഒഴുകുന്ന മലിനജലമാണ് ദുര്‍ഗന്ധം വമിപ്പിക്കുന്നത്.
തോടിന്റെ വശങ്ങളിലായുള്ള ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ആരാധനാലയങ്ങള്‍, പച്ചക്കറി കടകള്‍ മറ്റ് കച്ചവട സ്ഥാപനങ്ങള്‍, സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആഴ്ച്ച ചന്ത, അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങി താമസിക്കുന്ന അനധികൃത കെട്ടിടങ്ങള്‍ എന്നിവയില്‍ നിന്നുള്ള മലിനജലവും, കക്കൂസ് മാലിന്യങ്ങള്‍ തുടങ്ങി എല്ലാ പാഴ്വസ്തുക്കളും ഈ തോടില്‍ തന്നെയാണ് നിക്ഷേപിക്കുന്നത്. തോടിന്റെ പലഭാഗങ്ങളിലും വ്യാപക കയ്യേറ്റം നടന്നതിനെ തുടര്‍ന്നാണ് തോടിന്റെ സ്വാഭാവിക നീരൊഴുക്ക് നിലച്ചത്.
ഇത്തരത്തില്‍ തോടില്‍ മാലിന്യം കെട്ടിക്കിടക്കുന്നത് പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാവുമെന്ന് ഉറപ്പാണ്. പൊതുവെ നിലം ഭൂമിയാണ് ഈ പ്രദേശങ്ങളിലെല്ലാം. അതുക്കൊണ്ട് തന്നെ കിണറുകള്‍ക്കൊന്നും അധികം താഴ്ച്ചയുമില്ല. തോടിന് സമാന്തരമായാണ് പൂക്കോട്ടുംപാടം ടൗണിലെ ഒട്ടുമിക്ക കുള്‍ബാര്‍, ഹോട്ടല്‍, റസ്റ്റോറന്റ് തുടങ്ങിയവ പ്രവര്‍ത്തിക്കുന്നത്. ഇവയിലെല്ലാം വാകതോടിനോട് ചേര്‍ന്നാണ് കിണര്‍ നിര്‍മ്മിച്ചിട്ടുള്ളത്. അധികം താഴ്ച്ചയില്ലാത്ത കിണറുകള്‍ ആയതിനാല്‍ കുടിവെള്ളത്തില്‍ പോലും മലിനജലം കലരാന്‍ സാധ്യത കൂടുതലാണ്.
ശുദ്ധീകരണ സംവിധാനവുമില്ലാതെയാണ് കൂള്‍ബാറില്‍ പോലും ഇത്തരം മാലിന്യജലം ശീതളപാനീയമായി ഉപഭോക്താവിന് നല്‍കുന്നത്. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുക്കൊണ്ട് തന്നെ കൂള്‍ബാറുകളിലും, റസ്റ്റോറന്റുകളിലും, ഹോട്ടലുകളിലും വെള്ളം ശുചീകരിക്കുന്നതിനാവശ്യമായ നടപടി കച്ചവട സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
ഗ്രാമപഞ്ചായത്ത് അധികൃതരും, ആരോഗ്യവകുപ്പ് അധികൃതരും ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാതിരുന്നാല്‍ വരും നാളില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇത് കാരണമാവുമെന്നും നാട്ടുകാര്‍ പറയുന്നു. മുന്‍കാലങ്ങളില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ താല്‍ക്കാലിക സംവിധാനം ഒരുക്കി പ്രശ്നത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്ന പ്രവര്‍ത്തിയാണ് ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും എന്നാല്‍ പ്രശ്നത്തില്‍ സ്ഥിരം പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാവണമെന്നും, കൂള്ബാറുകളിലേയും, ഹോട്ടലുകളിലേയും വെള്ളം പരിശോധനക്ക് അയക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: