തിരുവനന്തപുരം: കുറ്റാരോപിതനായ ബി.എസ്. മാവോജിയെ ഗോത്ര കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കാനുള്ള തീരുമാനം റദ്ദാക്കണമെന്ന് ആദിവാസി ഗോത്രമഹാസഭ കോര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലയില്‍ ദളിത്-ആദിവാസി വിദ്യാര്‍ഥികളുടെ അവസരങ്ങള്‍ നഷ്ടമാക്കിയെന്ന ഗുരുതര കുറ്റം ആരോപിക്കപ്പെടുകയും വിജിലന്‍സ് അന്വേഷിക്കണമെന്ന വിധി നിലനില്‍ക്കുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തിലാണ് മാവോജിയെ കമ്മീഷന്‍ ചെയര്‍മാനാക്കി നിയമിക്കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചത്. തീരുമാനം അടിയന്തരമായി റദ്ദാക്കണം. ദളിത് ആദിവാസി വിഭാഗങ്ങളുടെ അവസരങ്ങള്‍ ഇതര വിഭാഗങ്ങള്‍ തട്ടിയെടുക്കുന്നതില്‍ അദ്ദേഹം കൂട്ടുനിന്നു. പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലയിലെ അലോട്ടുമെന്റുകള്‍ ക്രമീകരിക്കുന്ന ഉയര്‍ന്ന സ്ഥാപനത്തിന്റെ കമ്മീഷണറായി ഒരുദശകത്തോളം പ്രവര്‍ത്തിച്ച അവസരത്തിലാണത്. മാവോജിയും കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘കിര്‍ത്താഡ്‌സ്’ എന്ന സ്ഥാപനവും നടത്തിയ ഇത്തരം ക്രമക്കേടുകള്‍ സംബന്ധിച്ച് പട്ടികജാതി ഗോത്രകമ്മീഷനില്‍ നല്‍കിയ കേസിന്റെ അടിസ്ഥാനത്തില്‍ വിജലന്‍സ് പോലുള്ള അന്വേഷണ സംവിധാനത്തിന് പരാതികള്‍ കൈമാറുന്നതാണ് ഉചിതമെന്ന് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് ഇതിന് സ്റ്റേവാങ്ങിയെങ്കിലും വ്യക്തമായ മറുപടി ഇതുവരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയിട്ടില്ല. ഇത് ഗുരുതര വീഴ്ചയാണ്. അതിനാല്‍ കുറ്റാരോപിതനായ വ്യക്തിയെ കമ്മീഷന്‍ പദവിയില്‍ നിയമിച്ച ഉത്തരവ് സര്‍ക്കാര്‍ റദ്ദ് ചെയ്യണം. വാര്‍ത്താസമ്മേളനത്തില്‍ മാനുഷ മിശ്രവിവാഹ സംഘം സെക്രട്ടറി ശശികുമാര്‍ കിഴക്കേടവും പങ്കെടുത്തു.
















