വി.കെ. കൃഷ്ണമേനോന് മാര്‍ഗ്ഗിലെ ആറാം നമ്പര്‍ വസതിയിലേക്കുള്ള യാത്ര ഒരനുഭവമാണ്. ഇന്ത്യന്‍ നഗര-ഗ്രാമങ്ങളെ ഇളക്കിമറിച്ച വാഗ്ധോരണിയുടെ ഉടമയുടെ അടുത്തേക്കുള്ള യാത്ര. രാഷ്ട്രീയ സ്വയംസേവകസംഘത്തില്‍ നിന്ന് ജനസംഘത്തിലേക്കും അവിടെ നിന്ന് ബിജെപിയിലേക്കും ഒടുവില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്കും അഭിമാനത്തോടെ ചുവടുവെച്ച അടല്‍ ബിഹാരി വാജ്പേയിയുടെ ഔദ്യോഗിക വസതിയാണത്.
വാര്‍ദ്ധക്യസംബന്ധമായ അസുഖങ്ങള്‍ ബാധിച്ച് പത്തുവര്‍ഷത്തോളമായി അടല്‍ജി കിടപ്പിലാണെങ്കിലും കനത്ത എസ്പിജി സുരക്ഷയിലാണ് ല്യൂട്ടന്‍സ് ദല്‍ഹിയിലെ 6എ നമ്പര്‍ വസതി. വല്ലപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും ബിജെപിയുടെ തലമുതിര്‍ന്ന നേതാക്കള്‍ തുടങ്ങി വിവിഐപികളുടെ സന്ദര്‍ശനമുണ്ട്. അടല്‍ജിയുടെ ജന്മദിന വേളയിലും മറ്റും ഏറ്റവും അടുത്തവര്‍ക്ക് മാത്രം അകത്തേക്ക് പ്രവേശനം. രോഗബാധിതനായി ആരേയും തിരിച്ചറിയാന്‍ ആവാതെ വര്‍ഷങ്ങളായി കിടക്കുന്ന ജനനേതാവിനെ കാണാന്‍ അധികമാളുകളെത്തുന്നത് സഹപ്രവര്‍ത്തകര്‍ക്കും ഇഷ്ടമല്ല. ദത്തുപുത്രി നമിതയും ഭര്‍ത്താവുമാണ് വാജ്പേയിയെ ശുശ്രൂഷിച്ചു ഇവിടെ താമസിക്കുന്നത്.
പേനയ്ക്കും പേപ്പറിനും വരെ നിയന്ത്രണമുള്ള കൃഷ്ണമേനോന് മാര്‍ഗ്ഗിലേക്ക് നിരവധി തവണ പോകേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ മാത്രമാണ് വാജ്പേയിയെ കാണാന്‍ സാധിച്ചത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ പുറത്തുവന്ന അടല്‍ജിയുടെ ഏക ചിത്രം അദ്ദേഹം രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയില്‍ നിന്ന് 2016ല്‍ ഭാരതരത്ന ഏറ്റുവാങ്ങുന്നതായിരുന്നു.
അടല്‍ജിയുടെ സന്തത സഹചാരിയും പ്രൈവറ്റ് സെക്രട്ടറിയുമായ ശിവകുമാര്‍ജിയുടെ മുറിയിലേക്ക് അനുവാദവും വാങ്ങിയാണ് കൃഷ്ണമേനോന് മാര്‍ഗ്ഗിലേക്ക് എത്തുന്നത്.
കൈയില്‍ കിട്ടുന്ന ഏത് കടലാസു കഷണത്തിലും അടല്‍ജി കവിതകള്‍ എഴുതുമായിരുന്നു എന്ന അറിവും ശിവകുമാര്‍ നല്കി. കവിതാ രചനയ്ക്ക് പ്രത്യേക സമയമോ സാഹചര്യമോ ഒന്നുമില്ലായിരുന്നു. ഒരേ സമയം സമ്മിശ്ര വികാരങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരിക്കാം. നാളെ അടല്‍ ബിഹാരി വാജ്പേയിയുടെ 93-ാം ജന്മദിനമാണ്. വിശിഷ്ടാതിഥികള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് കൃഷ്ണമേനോന് മാര്‍ഗ്ഗ്. പ്രധാനമന്ത്രിയും പാര്‍ട്ടി ദേശീയ അധ്യക്ഷനും എല്‍.കെ. അദ്വാനി തുടങ്ങിയ മുതിര്‍ന്ന നേതാക്കളും ഇവിടേക്കെത്തി അടല്‍ജിയുടെ അനുഗ്രഹം തേടും.
ഇന്ന് നിശബ്ദനെങ്കിലും അദ്ദേഹത്തിന്റെ ഉജ്ജ്വല പ്രഭാഷണങ്ങളും ശക്തിയേറിയ കവിതകളും കൃഷ്ണമേനോന് മാര്ഗ്ഗിലെങ്ങും മുഴങ്ങുന്നതായി നമുക്ക് അനുഭവപ്പെടും. അതേ, കൃഷ്ണമേനോന് മാര്‍ഗ്ഗിലെ ഈ വസതിയിലേക്കുള്ള യാത്ര തീര്‍ത്ഥാടനം തന്നെയാണ്. നാം പിന്നിട്ട വഴികളുടെ, സംഘര്‍ഷങ്ങളുടെ, ഉയിര്‍ത്തെഴുന്നേല്‍പ്പുകളുടെ, വിജയ പരാജയങ്ങളുടെ, ദേശാഭിമാനത്തിന്റെ, ഒടുവില്‍ നേടാനുള്ള പരംവൈഭവത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളിലൂടെയുള്ള യാത്ര. നമ്മുടെ ലക്ഷ്യങ്ങള്‍ക്ക് ദിശാബോധം നല്കിയ, മുന്നോട്ടുള്ള കുതിപ്പുകള്‍ക്ക് ഊര്‍ജ്ജം നല്കിയ അടല്‍ജിയുടെ അടുത്തേക്കുള്ള യാത്ര.
ഇതു പരമ്പരകളുടെ പ്രവാഹമാണ്
ഒരിക്കലും മുറിഞ്ഞിട്ടില്ല ഇത്
പുത്രന്മാരുടെ ബലത്തിലാണ്
അമ്മയുടെ അഭിമാനം ഉയരുന്നത്
അന്ധകാരം അമ്മയുടെ ക്ഷേത്രത്തില്‍ പടരുമ്പോള്‍
വീട്ടില്‍ വിളക്കു കത്തുന്നതിന് എന്തു പ്രസക്തി
വിഭജനത്തിന്റെ അന്തരീക്ഷം
നമുക്ക് സന്തോഷമെങ്ങനെ തരും
വാജ്പേയി
അകലെയുള്ള തീജ്വാലകള്‍ എനിക്ക് കാണാം,
പക്ഷേ കാലടിക്കു ചുറ്റുമുള്ള
ചുടുവെണ്ണീര്‍ കാണാന്‍ പറ്റുന്നില്ല!
ഞാന്‍ വൃദ്ധനായിക്കഴിഞ്ഞുവോ?
എല്ലാ ഡിസംബര്‍ ഇരുപത്തിയഞ്ചിന്നും
ഞാന്‍ കോണിയുടെ പുതിയൊരു പടവുകൂടി കയറുന്നു,
പുതിയ വഴിത്തിരിവില്‍ ഞാന്‍
മറ്റുള്ളവരോടു കുറച്ചും എന്നോടു കൂടുതലായും
ശുണ്ഠിയെടുക്കുന്നു!
വാജ്പേയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: