കോടമഞ്ഞില്‍ പുതഞ്ഞ കുടകിന്റെ കൊടും തണുപ്പിനെ വകവയ്ക്കാതെയാണ് നംഡ്രോളിംഗ് മൊണാസ്റ്ററിയെന്ന സുവര്ണക്ഷേത്രത്തിലേക്ക് യാത്ര തിരിച്ചത്. മൈസൂരിലെ കാഴ്ചകളെല്ലാം കഴിഞ്ഞ് കുടകില്‍ തങ്ങിയതിനാല്‍ പുലര്‍ച്ചെ തന്നെ പുറപ്പെടാനായി. ബസ്സില്‍ കയറും മുമ്പുതന്നെ തണുപ്പിനെ വരുതിയിലാക്കാന്‍ കമ്പിളി ജാക്കറ്റും തൊപ്പിയുമെല്ലാമണിഞ്ഞു. കൊടും മഞ്ഞില്‍ കാഴ്ചകള്‍ക്കും മങ്ങലേറ്റു. പോരാത്തതിന് ഉറക്കച്ചടവും. വെളിച്ചമടിച്ചപ്പോള്‍ കണ്ണുചിമ്മി പുറത്തേക്കൊന്നു നോക്കി. മടിക്കേരിയെന്ന ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടു. ബൈലാക്കുപ്പയെന്ന ബുദ്ധിസ്റ്റ് കേന്ദ്രത്തിലെത്താന്‍ കുറച്ചുനേരം കൂടി സഞ്ചരിക്കേണ്ടതുണ്ട്. കൂര്‍ഗിന്റെ മടിത്തട്ടിലാണ് ശാന്തസുന്ദരമായ ഈ ബുദ്ധാശ്രമം. കുശാല്‍ നഗറില്‍. മടിക്കേരിയില്‍ നിന്ന് 30 കി.മീറ്ററിലധികമുണ്ട്. എങ്കിലും ഉറക്കമുണര്‍ന്നതിനാല്‍ യാത്ര ഹൃദ്യമായി.
അവിടവിടെ ചെറിയ വീടുകള്‍. വീടുകളുടെ ശൈലിമാറ്റം മനസ്സിലാക്കിത്തരുന്നുണ്ട് യാത്ര ലക്ഷ്യം കാണാറായി എന്ന്. തുടര്‍ന്നങ്ങോട്ട് ടിബറ്റിലെത്തിയ പ്രതീതിയായിരുന്നു. നിറയെ ബുദ്ധവിഹാരങ്ങള്‍. എല്ലാം അവരുടെ തനതുശൈലിയില്‍. എല്ലാ ഭവനങ്ങളുടേയും മുന്‍വശത്ത് ബുദ്ധമന്ത്രങ്ങളെഴുതിയ തോരണം ചാര്‍ത്തിയിരിക്കുന്നു. അയയില്‍ വസ്ത്രം ഉണക്കാനിട്ടതുപോലെ! വീടുകളുടെ കര്‍ട്ടനുകളില്‍ സെന്ചിത്രങ്ങളും മന്ത്രങ്ങളും. സര്‍വ്വം ബുദ്ധമയം!. ആതുരാലയങ്ങളും വിദ്യാലയങ്ങളും എന്നുവേണ്ട ഒന്നിനും പുറം ലോകത്തെ ആശ്രയിക്കാതെ, സ്വയം പര്യാപ്തതയുടെ ഒരു ലോകം അവര്‍ സൃഷ്ടിച്ചെടുത്തിക്കുകയാണിവിടെ. ഭാഷയിലും സംസ്കാരത്തിലും കടുകിട വ്യതിചലിക്കാതെ ഇന്ത്യയില്‍ തന്നെ ഒരു ടിബറ്റ് !.
‘ഇന്ത്യയിലെ ടിബറ്റ്’ എന്നാണ് ഈ ബുദ്ധിസ്റ്റ് കേന്ദ്രം അറിയപ്പെടുന്നത്. നമ്മുടെ നാട്ടില്‍ ഇങ്ങനെയൊരു ബുദ്ധവിഹാരമുണ്ടെന്ന് വിശ്വസിക്കാന്‍ നന്നേ പണിപ്പെടേണ്ടിവന്നു.
1949ലായിരുന്നു ആ കൊടുംക്രൂരത. ധ്യാനനിരതരായിരുന്ന ഒരു സംന്യാസി സമൂഹത്തെ, അവരുടെ ആചാരത്തെ തുടച്ചുനീക്കാനായി ചൈനീസ് സര്‍ക്കാര്‍ അവരുടെ എല്ലാ ശക്തിയും ഉപയോഗിച്ചു. അതുവരെ മഹാമൗനത്തില്‍ അഭിരമിച്ചിരുന്ന ടിബറ്റിലെ ബുദ്ധഭിക്ഷുക്കള്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു. സ്വന്തം നാട്ടില്‍ നിന്നും പലായനം നടത്തുകയല്ലാതെ ആ ബുദ്ധഭിക്ഷുക്കള്‍ക്ക് മുന്നില്‍ മറ്റൊരു മാര്‍ഗവുമില്ലായിരുന്നു.
ബുദ്ധ സംന്യാസിമാരില്‍ പ്രമുഖനായിരുന്ന പെനോര്‍ റിംപോച്ചെക്കൊപ്പം മുന്നൂറോളം ഭിക്ഷുക്കള്‍ ഇന്ത്യ ലക്ഷ്യമാക്കി നീങ്ങി. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് ഇന്ത്യയിലെത്തിയപ്പോള്‍ അവശേഷിച്ചിരുന്നത് മുപ്പതുപേര്‍!. നാനാജാതി മതസ്ഥര്‍ അധിവസിക്കുന്ന ഇന്ത്യയ്ക്ക് ഇവരെ ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ടായില്ല. അരുണാചല്‍ പ്രദേശായിരുന്നു ഇവരുടെ ആദ്യകേന്ദ്രം. കാലാന്തരത്തില്‍ ടിബറ്റില്‍ നിന്നുള്ള ബുദ്ധഭിക്ഷുക്കളുടെ ഒഴുക്ക് വര്‍ധിച്ചു. എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പുതിയ സങ്കേതത്തിനായുള്ള തിരച്ചിലിനൊടുവിലാണ് ബൈലാക്കുപ്പയിലെത്തുന്നത്. കര്‍ണാടക സര്‍ക്കാര്‍ പതിച്ചുകൊടുത്ത 3,000 ഏക്കര്‍ സ്ഥലത്താണ് ഈ ബൗദ്ധസങ്കേതം. 1963 ല്‍ ഈ സുവര്‍ണക്ഷേത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതാകട്ടെ ദലൈലാമയും. ഒരുപാട് ത്യാഗത്തിന്റേയും കണ്ണീരിന്റേയും കഥകള്‍ ഈ സുവര്‍ണക്ഷേത്രത്തിന് പറയാനുണ്ട്. അഭയാര്‍ത്ഥികളെപ്പോലെ മറ്റൊരു രാജ്യത്ത് ജീവിക്കേണ്ടിവരുന്നവരുടെ നൊമ്പരക്കഥകള്‍. എങ്കിലും അതിജീവനത്തിന്റെ പാതയില്‍ അവര്‍ പൂര്‍ണസംതൃപ്തരാണ്.
സുവര്‍ണക്ഷേത്രമെന്ന കവാടം കടന്നെത്തുമ്പോള്‍ മനം കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍. മെറൂണും മഞ്ഞയും കലര്‍ന്ന ബുദ്ധവേഷത്തില് സംന്യാസിമാര്‍. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരേ വേഷത്തില്‍. കൊടും തണുപ്പ് വകവയ്ക്കാതെയുള്ള അവരുടെ ദിനചര്യകള്‍ ആരിലും ആശ്ചര്യം ജനിപ്പിക്കും. വീഥിക്കിരുപുറവും കടകള്‍. ടൂറിസ്റ്റുകളെ ആകര്ഷിക്കാനാണിവ എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. ഒരാള്‍ പോലും കടകളിലേക്ക് മാടി വിളിക്കുന്നില്ല. ആവശ്യമുണ്ടെങ്കില്‍ പോയി വാങ്ങാം. വിലപേശലിന്റെ കാര്യത്തിലും ഇവര്‍ വഴങ്ങുന്ന കൂട്ടത്തിലല്ല. കടകളെല്ലാം ചായം തെറിച്ചതുപോലെ. നിറങ്ങളുടെ ഒരു ലോകം! ബുദ്ധിസ്റ്റ് രീതിയിലുള്ള അലങ്കാര വസ്തുക്കളാണധികവും. പ്രവേശന കവാടത്തില്‍ തൂക്കിയിടുന്ന കുടമണികള്‍, ഐശ്വര്യം കൊണ്ടു വരുന്ന ബുദ്ധപ്രതിമകള്‍, അലങ്കാരവസ്തുക്കള്‍…തുടങ്ങി എല്ലാം. ഇവരുടെ തന്നെ റെസ്റ്റോറന്റുണ്ട് ഇവിടെ. അതും കടന്ന് സുവര്ണക്ഷേത്രത്തിലേക്ക്.
സൗജന്യമായി പാദരക്ഷകള്‍ സൂക്ഷിക്കാന്‍ ഇടമുണ്ട്. എന്നാല്‍ ഒരു ഭാഷയിലും ഇവരോട് സംസാരിക്കാന്‍ കഴിയില്ലെന്നതാണ് സങ്കടം. ഹിന്ദി കുറേശ്ശെ വശമുണ്ട്. ഇവിടെ നമ്മള് ഉള്‍കൊള്ളേണ്ട ഒന്നുണ്ട്. ഇന്ത്യയില്‍ സ്ഥിര താമസമാക്കിയിട്ടും നമ്മുടേതായ ഒരു ഭാഷയോ സംസ്കാരമോ അവര്‍ കടം കൊണ്ടിട്ടില്ല എന്നുള്ളത്. എല്ലാം ടിബറ്റന്‍ സ്റ്റെല്‍!
ചുവപ്പിലും സ്വര്‍ണവര്‍ണത്തിലും തീര്‍ത്ത ടിബറ്റന്‍ ശൈലിയിലുള്ള സുവര്‍ണ ക്ഷേത്രം ആദിത്യകിരണങ്ങളേറ്റ് വെട്ടിത്തിളങ്ങി. ചിത്രപ്പണികളാല്‍ അലംകൃതമായ മൂന്ന് മകുടങ്ങള്‍ ക്ഷേത്രചാരുതയ്ക്ക് മാറ്റുകൂട്ടി. മന്ത്രങ്ങളും മണികളും വ്യാളീമുഖങ്ങളും ശില്പങ്ങളും കൊണ്ട് നയന മനോഹരമാണ് ഈ മകുടങ്ങള്‍. ഭാഗികമായ ഒരു ചക്രവും മകുടത്തിലുണ്ട്. ക്ഷേത്രത്തിന് മുന്നിലെ ഭിത്തിയില്‍ ചുമര്‍ചിത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു. കൂറ്റന്‍ മണി ക്ഷേത്രത്തിനു പുറത്ത് തൂക്കിയിട്ടുണ്ട്. ഗുരു പത്മസംഭവയുടെ വലിയ ചിത്രം ടെമ്പിളിനു മുകളിലുണ്ട്.
മന്ത്രമുഖരിതമായ അന്തരീക്ഷമാണ് ക്ഷേത്രത്തിനുള്ളില്‍. എല്ലാ ബുദ്ധഭിക്ഷുക്കളുടേയും മുഖത്ത് ശാന്തഭാവം. ബുദ്ധന്റേയും പത്മസംഭവയുടേയും അമിതായുസിന്റേയും കൂറ്റന്‍ സുവര്ണപ്രതിമകള്. ക്ഷേത്രത്തിനുള്‍വശം വിവിധ നിറത്തിലുള്ള റിബണുകളാല്‍ തോരണം ചെയ്യപ്പെട്ടിരിക്കുന്നു. നിറങ്ങളുടെ ഉല്‍സവം തന്നെയാണിവിടെ. സുവര്ണപ്രതിമകളുടെ ഇരുവശത്തുമായി നിറയെ ചുമര് ചിത്രങ്ങള്‍. ഇത് ബുദ്ധന്റേയും അനുയായികളുടേയും കഥകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. നിരവധി ടൂറിസ്റ്റുകളുണ്ട്. എല്ലാവരും ഏറ്റവും നല്ല ചിത്രം സ്വന്തം ക്യാന്‍വാസില്‍ പകര്‍ത്തുന്നതിലുള്ള തിടുക്കത്തിലാണ്. ഒറ്റയ്ക്കും കൂട്ടമായും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നവര്‍. ക്ഷേത്രത്തിനുള്ളിലെ കാഴ്ചകള്‍ ആരിലും വിസ്മയം ജനിപ്പിക്കും. ധ്യാനത്തിനായി തറയില്‍ കുഷ്യനുകള്‍ അങ്ങിങ്ങായി ഇട്ടിരിക്കുന്നു.
ഒരു നിമിഷം അറിയാതെ തന്നെ ധ്യാനനിമഗ്നയായിപ്പോയി. എല്ലാം ത്യജിച്ച് ലോക നന്മയ്ക്കായി ഇറങ്ങിത്തിരിച്ച ആ മഹാഗുരുവിനു മുന്നില്‍ നാലുവരി ബുദ്ധമന്ത്രം മനസ്സില്‍ ഉരുവിട്ട് ഒന്നു പ്രണമിച്ചു. ബുദ്ധഭിക്ഷുക്കള്‍ ധ്യാനം പരിശീലിക്കുന്നതും ഇവിടെത്തന്നെ. അവര്‍ക്കായി വിശാലമായ പ്രാര്ത്ഥനാഹാളും താമസസ്ഥലവും പഠനമുറികളും എല്ലാമുണ്ടിവിടെ. എങ്ങും മനസ്സിനെ ആര്‍ദ്രമാക്കുന്ന മണിനാദങ്ങള്‍…തെളിഞ്ഞു കത്തുന്ന മെഴുകുതിരികള്‍…ബുദ്ധമന്ത്രങ്ങളുടെ അലയടി. മുമ്പൊക്കെ ഇവര്‍ക്കൊപ്പമിരുന്ന് ഇവരുടെ പ്രാത്ഥനകളില്‍ നമുക്കും പങ്കു ചേരാമായിരുന്നു. എന്നാലിപ്പോള്‍ അതിന് വിലക്കു വീണിരിക്കുന്നു. എവിടെ ചെന്നാലും ബഹളമുണ്ടാക്കുകയെന്ന ഒരു ശീലം നമ്മള് വളര്ത്തിക്കൊണ്ടുവന്നിട്ടുള്ളതിനാല് കേട്ടപ്പോള്‍ അമ്പരപ്പ് തോന്നിയില്ല.
”ഓം മണി പത്മേ ഹും…” മന്ത്രധ്വനികള്‍ ക്ഷേത്രത്തിന്നുള്ളില്‍ നിന്നും ഒഴുകിക്കൊണ്ടിരുന്നു. ബുദ്ധഭിക്ഷുക്കള്‍ അതേറ്റു ചൊല്ലുന്നു. പ്രതീക്ഷകളില്ലാത്ത ലോകത്ത് ധ്യാനത്തിന്റെ സുഖശീതളിമയില്‍ ഒരു ജനത. ധര്മത്തില് അടിയുറച്ച വിശ്വാസവുമായി ഈ ബുദ്ധപരമ്പര ഇന്ത്യയിലെ ടിബറ്റില്‍ പരിലസിക്കുന്നു. നിശ്ശബ്ദതയുടെ മുഖപടമണിഞ്ഞ ബൗദ്ധസങ്കേതത്തോട് വിടപറയുകയാണ്. അണമുറിയാതെയുള്ള മണിനാദങ്ങളും മന്ത്രോച്ചാരണങ്ങളും മനസ്സില്‍ ചേര്‍ത്തുവച്ച്. ധ്യാനധന്യമായ മനസ്സോടെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: