ആലപ്പുഴ: ഓഖി ചുഴലി കൊടുങ്കാറ്റില്‍പ്പെട്ട് നിരവധി മത്സ്യത്തൊഴിലാളികള്‍ മരിക്കുകയും, നിരവധി പേരെ കാണാതാകുകയും ചെയ്തതിന്റെ ദുഃഖവും നടുക്കവും ഇതുവരെ വിട്ടു മാറിയിട്ടില്ല. എന്നാല്‍ മത്‌സ്യമേഖലയില്‍ പണിയെടുക്കുന്നവര്‍ ഉള്‍പ്പടെയുള്ളവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കേണ്ട പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന് ഇതൊന്നും ബാധകമല്ല. കോമഡി ഷോ, ഗാനമേള തുടങ്ങിയ പരിപാടികളുമായി ആഘോഷമായാണ് വിപണന മേള സംഘടിപ്പിക്കുന്നത്.
ദുരന്തത്തെ തുടര്‍ന്ന് ബീച്ച് ഫെസ്റ്റിവല്‍ അടക്കമുള്ള ആഘോഷങ്ങള്‍ ഇത്തവണ ഒഴിവാക്കിയ സാഹചര്യത്തിലാണ് പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ധൂര്‍ത്ത് വിവാദമാകുന്നത്.
ഈ മാസം 26 മുതല്‍ ജനുവരി രണ്ടു വരെ ആലപ്പുഴയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കോമഡി ഷോ, ഗാനമേള, നാടന്‍ കലാമേള തുടങ്ങിയ നിരവധി കലാപരിപാടികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സംവിധായകന്‍ കമല്‍ ഉള്‍പ്പടെയുള്ളവരെ പങ്കെടുപ്പിച്ച് സാംസ്‌ക്കാരിക സമ്മേളനം നടത്തുന്ന സംഘാടകര്‍ പക്ഷെ പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട് യാതൊരു പരിപാടിയും ഉള്‍പ്പെടുത്തിയിട്ടുമില്ല.
സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന അനുസരിച്ച് സമൂഹത്തിലെ നാനാ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഓഖി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായം നല്‍കാന്‍ ശ്രമിക്കുമ്പോഴാണ് ഇവിടെ സര്‍ക്കാര്‍ പണം ഉപയോഗിച്ച് ലക്ഷങ്ങളുടെ ധൂര്‍ത്ത് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: