കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ ദുരന്തത്തോടെ ആളുകള്‍ക്ക് കടല്‍ മത്സ്യങ്ങളോടുള്ള പ്രിയം കുറയുന്നു. ക്രിസ്മസ് ആഘോഷത്തിരക്കിലേക്ക് നാട് മാറിയിട്ടും മത്സ്യവിപണിയില്‍ മാന്ദ്യം. കടല്‍ മത്സ്യങ്ങളായ സ്രാവ്, നെയ്മീന് എന്നിവയ്ക്ക് ആവശ്യക്കാര്‍ തീരെക്കുറഞ്ഞു. ഈ മീനുകള്‍ ശവങ്ങള് തിന്നുന്നതാണെന്ന പ്രചാരണമാണ് തിരിച്ചടിയായത്.
ഓഖി ദുരന്തത്തെ തുടര്‍ന്ന് ഒട്ടേറെ മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായി. 80 ഓളം മൃതദേഹങ്ങളും കിട്ടി. കടലില്‍ പൊങ്ങിയ മൃതദേഹങ്ങള്‍ വലിയ മത്സ്യങ്ങള്‍ ഭക്ഷണമാക്കിയിട്ടുണ്ടെന്ന് കരുതിയാണ് പലരും മത്സ്യം ഉപേക്ഷിക്കുന്നത്. സാധാരണ ക്രിസ്മസ് കാലത്ത് മത്സ്യങ്ങള്‍ക്ക് തീവിലയാണ്. എന്നാല്‍, ഓഖിപ്പേടി മാറാത്തതിനാല്‍ വിലവര്‍ധനവുണ്ടായിട്ടില്ല.
മത്തി കിലോഗ്രാമിന് 100 രൂപയാണ് വില. അയില-140, ചാള (മത്തി)-120, എന്നിങ്ങനെയാണ് വില. ചെമ്മീന്‍ വില കിലോഗ്രാമിന് 400 എന്നത് 600 ആയി ഉയര്‍ന്നിട്ടുണ്ട്. പൂവാലന് ചെമ്മീന്‍ 200 രൂപയില്‍ നില്‍ക്കുകയാണ്. വേളൂരിയുടെ വിലയും 200 രൂപയാണ്. കടല്‍ മത്സ്യങ്ങള്‍ ശവങ്ങള് തിന്നില്ലെന്ന് വില്‍പ്പനക്കാരും മറ്റും പറയുന്നുണ്ടെങ്കിലും ശാസ്ത്രീമായി അത് ആളുകളെ ബോധ്യപ്പെടുത്താന്‍ ആര്‍ക്കും കഴിയുന്നില്ല. ഇക്കാര്യത്തില്‍ ഫിഷറീസ് വകുപ്പ് പോലും ഇതുവരെ ഇടപെട്ടിട്ടില്ലെന്നാണ് ആക്ഷേപം. ഓഖിയെ തുടര്‍ന്ന് ക്രിസ്മസ് സീസണും പ്രതികൂലമായതിനാല്‍ പിടിച്ചുനില്ക്കാന് പാടുപെടുകയാണെന്ന് കച്ചവടക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: