നേമം: പാപ്പനംകോട് വൈറ്റ് ഡാമര്‍ ഹോട്ടലിലെ ബാറിനുള്ളില്‍ ആയുധങ്ങളുമായി അക്രമം നടത്തുകയും ബാര്‍ ജീവനക്കാരെ മര്‍ദ്ദിച്ച് മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത അഞ്ചംഗ സംഘത്തെ നേമം പോലീസ് പിടികൂടി. ബാര്‍ ജീവനക്കാരോട് മുന്‍വൈരാഗ്യമുണ്ടായിരുന്ന പ്രതികള്‍ ബാറിലെത്തി കൗണ്ടര്‍ തല്ലിപ്പൊളിക്കുകയും ജീവനക്കാരെ തലയ്‌ക്കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. വെള്ളായണി വാറുവിളാകത്തുവീട്ടില്‍ അനീഷ്(24), വള്ളക്കടവ് സുലൈമാനി സ്ട്രീറ്റില്‍ നസീര്‍ നവാസ്(22), പൂഴിക്കുന്ന് പറങ്കിമാംവിള കോളനിയില്‍ ഷെമീര്‍(30), തിരുവല്ലം മേനിലം ഋതുഭവനില്‍ രതീഷ്(38), നേമം കുളക്കടിയൂര്‍കോണം തുഷാരഭവനില്‍ തുബിന്‍രാജ് (24) എന്നിവരാണ് പിടിയിലായത്. സിഐ കെ. പ്രദീപ്, എസ്‌ഐമാരായ എസ്.എസ്. സജി, എസ്. വിമല്‍, സീനിയര്‍സിപിഒ അനില്‍കുമാര്‍, സിപിഒ അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
















