തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിലെ പൊതുസഭയില്‍ അവഹേളനപരമായി ജാതി പരാമര്‍ശം നടത്തിയ ക്ഷേത്രം മാനേജര്‍ക്കെതിരെ ഭരണസമിതി നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കേരള സാംബവസഭ സംസ്ഥാന പ്രസിഡന്റ് എ.സി. ബിനുകുമാറിന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു.
ഒക്‌ടോബര്‍ 29ന് ക്ഷേത്രത്തിലെത്തിയ ബ്രാഹ്മണസമുദായാംഗമായ ഭക്തനെ അധിക്ഷേപിച്ച് ”നീ പൂണൂലിട്ട പറയനാണ്. പറയനെന്താണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ കാര്യം, ഇറങ്ങിനില്‍ക്കെടാ പുറത്ത്” എന്ന് പരാമര്‍ശിച്ചിരുന്നു. തുടര്‍ന്ന് കേരള സാംബവസഭ ക്ഷേത്രം ഭരണസമിതി എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയിന്‍മേല്‍ അനേ്വഷണകമ്മീഷനെ നിയോഗിച്ചിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ കമ്മീഷന് മുമ്പാകെ നല്‍കിയ മൊഴി മറച്ചുവച്ച് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ട് കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാടാണ് ഭരണസമിതി സ്വീകരിച്ചിട്ടുള്ളതെന്ന് എ.സി. ബിനുകുമാര്‍ ആരോപിച്ചു. കുറ്റാരോപിതനെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് നിരാഹാരസമരം ഉദ്ഘാടനംചെയ്ത് ജനറല്‍ സെക്രട്ടറി മഞ്ചയില്‍ വിക്രമന്‍ ആവശ്യപ്പെട്ടു.
















