ഓമല്ലൂര്‍: പന്ന്യാലി ഗവണ്മെന്റ് യു.പി. സ്കൂളിന്റെ സൗകര്യങ്ങള്‍ ഒരിക്കല്‍ കൂടി കേന്ദ്രീയ വിദ്യാലയത്തിന് കൈമാറാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ശക്തമായ ജനകീയ സമരവുമായി സ്ക്കൂള് അദ്ധ്യാപകരക്ഷാകര്തൃസമിതി രംഗത്ത്. മുന്‍പ് താല്‍ക്കാലികമായി പ്രവര്‍ത്തിച്ചിരുന്ന ചെന്നീര്‍ക്കര കേന്ദ്രീയവിദ്യാലയത്തിന്റെ പ്രിന്‍സിപ്പള്‍ താക്കോല്‍ കൈമാറാത്തതിനെതിരെ കോടതിയെ സമീപിക്കുവാനും സ്ക്കൂള് പിടിഎതീരുമാനിച്ചു.
കേന്ദ്രീയ വിദ്യാലയം മുന്‍പ് പ്രവര്‍ത്തിച്ച പ്രധാന കെട്ടിടം ബലക്ഷയമാണെന്നും അവിടെ ക്ലാസ്സ് നടത്തരുതെന്നുള്ള എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ കണ്ടത്തല്‍ പരിഗണിക്കാതെ വിദ്യാലയം ഇവിടെ സ്ഥാപിക്കുവാന്‍ ഒരുങ്ങുന്നത് ഗവണ്മെന്റ് സ്കൂളിന്റെ സൗകര്യങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ഗൂഢനീക്കമാണെന്നാണ് പിടിഎ ഭരവാഹികള്‍ ആരോപിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മൂന്ന് സ്മാര്‍ട്ട് ക്ലാസ്സുകള്‍ ആരംഭിക്കുവാനുള്ള ഉപകരണങ്ങള്‍ സ്കൂളിന് ലഭ്യമായിട്ടും അത് സ്ഥാപിക്കാന്‍ കഴിയാത്തതിനു കാരണം അടച്ചുറപ്പുള്ള മൂന്ന് കോണ്‍ക്രീറ്റ് മുറികളുടെ താക്കോല്‍ വിട്ടുകിട്ടാത്ത ചെന്നീര്‍ക്കര സ്കൂള്‍ പ്രിന്‍സിപ്പിലിന്റെ നടപടിയാണെന്നും അവര്‍ പറയുന്നു.
പുതുതായ നിര്‍മ്മിച്ച ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലെ 60ല്‍പരം ക്ലാസ്സുമുറികളില്‍ പകുതിയിലധികം ഒഴിഞ്ഞുകിടക്കുകയാണ്. പന്ന്യാലയില് നിന്ന് 2 കിലോമീറ്റര്‍ അകലെ ഈ സൗകര്യങ്ങള്‍ കേന്ദ്രീയ വിദ്യാലയത്തിനുള്ളപ്പോള് പുതിയ കേന്ദ്രീയവിദ്യാലയം അവിടെ തുടങ്ങന്‍ ജില്ലാ ഭരണകൂടം തയ്യാറാകണമെന്നും രക്ഷിതാക്കള്‍ പറയുന്നു.
സ്കൂള്‍ സൗകര്യങ്ങള്‍ വിട്ടുകിട്ടാന്‍ ജനുവരി ആദ്യവാരം ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിന് മുന്‍പിലും സ്കൂള്‍ സൗകര്യങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ജില്ലാ ഭരണകൂടം നീക്കത്തിനെതിരെ കളക്ട്രേറ്റിന് മുന്‍പിലും വ്യത്യസ്തമായ സമരപരിപാടികള്‍ നടത്തും.
പിടിഎ പ്രസിഡന്റ് അജികുമാര്‍ സി.സി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാവിജയന്‍ ഉദ്ഘാടനം ചെയ്തു. വാര്ഡുമെമ്പറുമാരായ ലക്ഷ്മി മനോജ്, സാജു കൊച്ചുതുണ്ടില്‍, ഷൈനു സി.കെ, സി.എസ്. തോമസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: