പേട്ട: വിമാനത്താവള സുരക്ഷാ പ്രദേശങ്ങള്‍ മാലിന്യ ഭീഷണിയില്‍. പ്ലാസ്റ്റിക് തുടങ്ങിയ ഇതര വസ്തുക്കള്‍ക്ക് പുറമെ മാംസ മാലിന്യങ്ങളും വന്‍ തോതില്‍ ഇവിടങ്ങളില്‍ നിക്ഷേപിക്കപ്പെടുകയാണ്. ചീലാന്തിമുക്ക്, ബംഗ്ലാദേശ് കോളനി, മുട്ടത്തറ, ചാക്ക ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ മുതല്‍ ആള്‍സെയിന്‍സ് വരെയുളള ആളൊഴിഞ്ഞ പ്രദേശങ്ങളിലാണ് മാലിന്യനിക്ഷേപം വ്യാപകമാവുന്നത്.
പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും നിറച്ച നിലയിലാണ് മാംസമാലിന്യങ്ങള്‍ വലിച്ചെറിയുന്നത്. ഇതോടെ പക്ഷികളുടേയും തെരുവുനായ്‌ക്കളുടെയും ശല്യം പ്രദേശങ്ങളില്‍ ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. വളളക്കടവില്‍ നിന്ന് ബംഗ്ലാദേശ് കോളനിയിലേക്കുളള റോഡ് വാഹനയാത്രികര്‍ക്ക് പുറമെ കാല്‍നടയാത്രക്കാര്‍ക്കും ദുഃസ്സഹമാണ്. പാര്‍വതീ പുത്തനാറില്‍ വലിച്ചെറിയുന്ന മാംസ മാലിന്യത്തില്‍ നിന്നുളള ദുര്‍ഗന്ധമാണ് ഇതിന് കാരണം. നഗരത്തിലെ ഇറച്ചിക്കടകളില്‍ നിന്നുളള മാംസമാലിന്യങ്ങളാണ് ചാക്ക് കെട്ടുകളിലായി ഇവിടങ്ങളില്‍ കൊണ്ടിടുന്നതായി പറയുന്നത്. ഇറച്ചിക്കടകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നത് നഗരസഭ വഴിയുളള കരാറുകാരാണ്. തമിഴ്‌നാട്ടിലെ പന്നിവളര്‍ത്തല്‍ കേന്ദ്രത്തിലേക്കാണ് മാംസമാലിന്യങ്ങള്‍ ശേഖരിക്കുന്നതെന്ന് പറയുന്നുവെങ്കിലും തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാതെ അനധികൃതമായി നഗരത്തിലെ ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ നിക്ഷേപിക്കുകയാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ഇതുസംബന്ധിച്ച് നഗരസഭ അധികൃതരെ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. അതേസമയം നഗരസഭ അധികൃതരുടെ ഒത്താശ ഇക്കാര്യത്തിലുണ്ടെന്നാണ് ആക്ഷേപം.
















