തിരുവനന്തപുരം: 20 വര്‍ഷത്തോളം തിരുവനന്തപുരം ഹോമിയോ കോളേജിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലുമായി ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്ത അധ്യാപകരെ പിരിച്ചുവിട്ട നടപടിയെ കുറിച്ച് അന്വേഷിച്ച് വിശദീകരണം സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐരാണിമുട്ടം ഹോമിയോ മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പാളും ജനുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗില്‍ വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്ടിംഗ്അധ്യക്ഷന്‍ മോഹനദാസ് ഉത്തരവിട്ടു.
ഐരാണിമുട്ടം ഹോമിയോ കോളേജില്‍ നിന്ന് 11 അധ്യാപകരെയാണ് പിരിച്ചുവിട്ടത്. ഇവര്‍ക്ക് 20 വര്‍ഷങ്ങള്‍ക്കുമുമ്പ് നിയമനം ലഭിക്കുമ്പോള്‍ പ്രതിദിനം 50 രൂപ മാത്രമായിരുന്നു വേതനം. ഇപ്പോള്‍ അത് പ്രതിമാസം 32,500 രൂപയായി. അധ്യാപനം, പ്രായോഗിക ക്ലാസ്സുകള്‍, ഒപി, ഐപി എന്നീ ജോലികള്‍ ഇവാണ് ചെയ്യേണ്ടത്.
2010 മുതല്‍ കോളേജില്‍ നടക്കുന്ന എല്ലാ പരിശോധനകളിലും ഇവരെയും ഫാക്കല്‍റ്റിയായി ഉള്‍പ്പെടുത്തിയിരുന്നു. ഇപ്രകാരമാണ് കോളേജിന്റെ അംഗീകാരംപോലും നിലനിര്‍ത്തിയിരിക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ പുതിയ നിയമനം നടത്തുന്നതിന് വേണ്ടിയാണ് ഡോക്ടര്‍മാരെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടതെന്ന് മനുഷ്യാവകാശപ്രവര്‍ത്തകനായ രാഗം റഹീം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
















