വിളപ്പില്‍: യുവതി ജീവനൊടുക്കാന്‍ കാരണം ഭര്‍ത്തൃവീട്ടിലെ പീഡനം കാരണമെന്ന് ബന്ധുക്കളുടെ പരാതി. പുളിയറക്കോണം വെള്ളൈക്കടവ് അച്ചത്ത് മഹേഷ്ഭവനില്‍ മഹിജ മോഹ(25)നെയാണ് ശനിയാഴ്‌ച്ച വൈകിട്ട് ഭര്‍ത്താവ് അഭിലാഷ്‌കുമാറിന്റെ പുളിയറക്കോണത്തെ വീട്ടിനുള്ളില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചനിലയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. മരണവിവരം നാട്ടുകാര്‍ പറഞ്ഞാണ് മഹിജയുടെ വീട്ടുകാര്‍ അറിയുന്നത്.
തുടര്‍ന്ന് മഹിജയുടെ ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും തഹസില്‍ദാറുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തണമെന്നും ആവശ്യപ്പെട്ടു. തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ വിളപ്പില്‍ശാല പോലീസ് നടത്തിയ പരിശോധനയില്‍ മഹിജയുടെ തുടയില്‍ പേന കൊണ്ട് ആത്മഹത്യക്കുറിപ്പ് എഴുതിട്ടുള്ളതായി കണ്ടെത്തി. തന്റെ മരണത്തിന് ഉത്തരവാദികള്‍ ഭര്‍ത്താവിന്റെ അടുത്ത ബന്ധുക്കളാണെന്ന് ആത്മഹത്യാകുറിപ്പില്‍ പറഞ്ഞിട്ടുള്ളതായി പോലീസ് പറഞ്ഞു. രണ്ടരവര്‍ഷം മുമ്പാണ് മഹിജയുടെ വിവാഹം നടന്നത്. കുറച്ചുനാളുകളായി പലകാരണങ്ങള്‍ പറഞ്ഞ് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മഹിജയെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് സഹോദരന്‍ മഹേഷ് പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. വിവാഹവേളയില്‍ ആവശ്യപ്പെട്ട സ്ത്രീധനം കൊടുത്തിട്ടും കൂടുതല്‍ സ്ത്രീധനത്തിനായി മഹിജയുടെ ഭര്‍ത്തൃബന്ധുക്കള്‍ തങ്ങളെ ശല്യപ്പെടുത്തിയിരുന്നതായി മഹേഷ് പറയുന്നു. ഭര്‍ത്താവ് ഇതിനെ എതിര്‍ക്കാന്‍ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം മഹിജയുടെ വീട്ടില്‍ സംസ്‌കരിച്ചു. ഒന്നര വയസ്സുള്ള അക്ഷര ഏകമകളാണ്. പരേതനായ മോഹനന്റെയും മണിയമ്മയുടെയും മകളാണ് മഹിജ. വിളപ്പില്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ഉന്നതഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് മഹേഷ് പറഞ്ഞു.
















