നെടുമങ്ങാട്: പോലീസുദ്യോഗസ്ഥര്‍ക്ക് കന്യാസ്ത്രീകളുടെ വക തെറിഅഭിഷേകം. ബോണക്കാട് കുരിശുമലയില്‍ സ്ഥാപിച്ചിരുന്ന മരക്കുരിശ് തകര്‍ത്ത സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തുക, കുരിശ് അടിയന്തരമായി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ നെടുമങ്ങാട്ട് നടത്തിയ പ്രതിഷേധമാര്‍ച്ചിലാണ് പോലീസുദ്യോഗസ്ഥര്‍ കന്യാസ്ത്രീകളില്‍ നിന്ന് തെറി കേട്ടത്.
പല ഭാഗത്തുനിന്നും എത്തിയ സഭാവിശ്വാസികള്‍ സത്രം ജംഗ്ഷനിലെ ക്രിസ്തുരാജ ഫെറോന ദേവാലയത്തില്‍ സംഗമിച്ച് നടത്തിയ പ്രകടനം ടൗണിലെത്തിയപ്പോള്‍ കടുത്ത ഗതാഗത കുരുക്കായി. തുടര്‍ന്ന് പോലീസ് സമരക്കാരെ ട്രാഫിക്ക് പോലീസ് സ്റ്റേഷനുമുന്നില്‍ കയര്‍കെട്ടി തടഞ്ഞു. ഇതില്‍ പ്രകോപിതരായ സമരക്കാര്‍ പോലീസിനെ തള്ളിമാറ്റി താലൂക്കാഫീസിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചു. ഇതിനിടയില്‍ ഒരു വൈദികനെത്തി സമാധാനപരമായി തങ്ങള്‍ പിരിഞ്ഞുപോകാമെന്നും തഹസീല്‍ദാര്‍ക്ക് നിവേദനം നല്‍കാന്‍ അനുവദിക്കണമെന്നുമറിയിച്ചു. തടഞ്ഞസ്ഥലത്തുനിന്നു മാറ്റി മുന്നില്‍ കയര്‍കെട്ടി പ്രകടനക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിനിടയില്‍ പ്രതിഷേധക്കാര്‍ ഇരച്ചുകയറി. ഇതോടെ പോലീസിനു സമരക്കാരെ നിയന്ത്രിക്കാന്‍ കഴിയാതായി. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും ഉന്തുംതള്ളുമായി. അപ്പോഴേക്കും രണ്ട് കന്യാസ്ത്രികള്‍ കുറച്ചുപ്രവര്‍ത്തകരെയും കൂട്ടി വാഹനങ്ങള്‍ തടഞ്ഞ് റോഡില്‍ കുത്തിയിരുന്നു. ഇതിനെ ചോദ്യംചെയ്ത നെടുമങ്ങാട് എസ്‌ഐ ഷിബുവിനെ കന്യാസ്ത്രീകള്‍ തെറിഅഭിഷേകം നടത്തി.
മാന്യമായി സംസാരിക്കണമെന്ന് എസ്‌ഐ അപേക്ഷിച്ചു. എന്നാല്‍ നിങ്ങളും കോടതിയും ചേര്‍ന്ന് നടത്തുന്ന നാടകമല്ലെ എന്നും പറഞ്ഞായിരുന്നു ഉദ്യോഗസ്ഥര്‍ക്കെതിരെ കന്യാസ്ത്രീകള്‍ തെറിവിളി നടത്തിയത്. പോലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുമെന്ന ഭീഷണി മുഴക്കിയുള്ള പ്രകടനക്കാരുടെ പ്രതിഷേധം മണിക്കൂറോളം നീണ്ടു. പോലീസും വിശ്വാസികളും തമ്മില്‍ സംഘര്‍ഷത്തിന്റെ വക്കോളമെത്തി. സമരക്കാര്‍ മന്ത്രി രാജുവിന്റെ കോലവും കത്തിച്ചു. കെഎസ്ആര്‍ടിസി ബസുകളും ആശുപത്രിയിലേക്ക് രോഗികളുമായി എത്തിയ വാഹനങ്ങളും മണിക്കൂറോളം സമരം തീരുന്നതുവരെ കാത്തുകിടന്നു. മാര്‍ച്ച് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത ബിഷപ് ഡോ വിന്‍സെന്റ് സാമുവേല്‍ ഉദ്ഘാടനം ചെയ്തു.
















