ചങ്ങനാശ്ശേരി: പുതൂര്‍പ്പള്ളി ചന്ദനക്കുടം 25നും, 26നും നടക്കും. മാനവമൈത്രി സംഗമത്തോടെയാണ് ചന്ദനക്കുട ദേശീയാഘോഷത്തിന് തുടക്കം കുറിക്കുന്നത്.
25ന് വൈകിട്ട് 4ന് നടക്കുന്ന സമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും.പുതൂര്‍പ്പള്ളി ജമാ അത്ത് പ്രസിഡന്റ് പി.എസ്.മുഹമ്മദ് ബഷീര്‍ അദ്ധ്യക്ഷനാകും.
മാനവമൈത്രി സംഗമം സി.എഫ്. തോമസ് എംഎല്‍എയും ചന്ദനക്കുട ഘോഷയാത്ര എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഹരികുമാര്‍ കോയിക്കലും ഉദ്ഘാടനം ചെയ്യും.
25ന് 4ന് ഘോഷയാത്ര ആരംഭിക്കും. പുഴവാതിലുള്ള പഴയ പള്ളിയിലേക്ക് ഗജവീരന്മാരുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ പുറപ്പെടുന്ന ഘോഷയാത്ര ഹിന്ദു മുസ്ലിം മൈത്രിയുടെ പ്രതീകമായി കാവില്‍ ഭഗവതി ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേരും. അവിടെ ഘോഷയാത്രയ്‌ക്ക് ക്ഷേത്ര സേവാ സംഘത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കും. തുടര്‍ന്ന് മന്നംസമാധിയില്‍ എത്തുന്ന ഘോഷയാത്രയ്‌ക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ നേതൃത്വത്തില്‍ സ്വീകരണം നല്കും.
26 ന് രാവിലെ 8ന് ഇരൂപ്പാതൈക്കാവ് അങ്കണത്തില്‍ നിന്നും പുറപ്പെടുന്ന ഘോഷയാത്ര ആരമലതൈക്കാവില്‍ എത്തിച്ചേരും. വിവിധ സംഘടനകളുടെ സ്വീകരണം ഏറ്റുവാങ്ങി പള്ളി അങ്കണത്തില്‍ എത്തിച്ചേരും. ചന്തക്കടവ് മൈതാനിയില്‍ നിന്ന് 5.30ന്ന് പുറപ്പെടുന്ന ഘോഷയാത്ര വിവിധ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി രാത്രി 10.30ന് പള്ളി അങ്കണത്തില്‍ എത്തിച്ചേരും.
















