അരീക്കോട്: വിദ്യാലയങ്ങളും കോളേജുകളും കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി ഗുളികകള്‍ വിതരണം ചെയ്ത കേസില്‍ അറസ്റ്റിലായ ബംഗാള്‍ സ്വദേശിയായ പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. കൊല്‍ക്കത്ത ഹസ്നാബാദ് ബയ്ലാനി ബിസ്പൂര്‍ വില്ലേജ് സ്വദേശി മുഹമ്മദ് റസലി(20) ആണ് അരീക്കോട് പോലീസ് കസ്റ്റഡിയില്‍ നിന്ന് മുങ്ങിയത്. അറസ്റ്റ് നടപടിപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ മഞ്ചേരി കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ഇയാള്‍ രക്ഷപ്പെട്ടത്.
17ന് പിടിയിലായ ഇയാളില്‍ നിന്ന് മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും മറ്റും നല്കുന്ന നൈട്രോസണ് എന്ന പേരുള്ള 100 ഓളം ഗുളികകള്‍ പിടിച്ചെടുത്തിരുന്നു. പുതുതലമുറയ്ക്കിടയില്‍ സണ്‍ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇത് കഴിച്ചശേഷം മദ്യമോ ബിയറോ കുടിച്ചാല്‍ കഞ്ചാവോ ബ്രൗണ്‍ഷുഗറോ ഉപയോഗിക്കുള്ള ഫലമാണ് കിട്ടുക. മണമില്ലാത്തതും ഉപയോഗിച്ചാല്‍ ആറ് മണിക്കൂര്‍വരെ ഇഫക്ട് കിട്ടുന്നതും കാരണം ന്യൂജന്‍ കുട്ടികളുടെ ഇടയില്‍ വ്യാപകമാണെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇയാളെ ചോദ്യം ചെയ്തതില്‍ മുമ്പും തമിഴ്നാട്ടിലെ മെഡിക്കല്‍ ഷോപ്പില്‍നിന്നും ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ഗുളികകള്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ വിതരണം ചെയ്തതായി വ്യക്തമായിരുന്നു. ഷോപ്പില്‍ 100 എണ്ണം അടങ്ങിയ ബോക്സിന് 480 രൂപയാണ് വില. എന്നാല്‍ ഇത് 2000 രൂപയ്ക്ക് മെഡിക്കല്‍ ഷോപ്പുകാരും 2500 രൂപയ്ക്ക് ഇടനിലക്കാരും വില്‍ക്കുന്നു.
ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബഹ്റയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നിര്‍ദേശപ്രകാരം മഞ്ചേരി സിഐ ഷൈജു, അരീക്കോട് എസ്ഐ സിനോജ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന് മാരാത്ത്, പി സഞ്ജീവ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: