മട്ടാഞ്ചേരി: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കൊച്ചി കോസ്റ്റല്‍ പോലീസ് പത്ത് കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒന്‍പത് മരണങ്ങളും ഒരു ബോട്ട് കേസ്സുമാണിത്. മൂന്ന് ബോട്ടുകള്‍ മുങ്ങി താഴ്ന്നതും മത്സ്യത്തൊഴിലാളികളെ കാണാതായതുമാണ് ബോട്ട് കേസ്സിന്റെ ആധാരം. തമിഴ്നാട്ടിലെ മൂന്ന് ബോട്ട് മുങ്ങിയതും 30 തമിഴ്നാട് സ്വദേശികളും രണ്ട് ആസാം സ്വദേശി മത്സ്യത്തൊഴിലാളികളുമാണ് കാണാതായത്.
കടലില്‍ കണ്ടെത്തിയ തിരിച്ചറിയാനാകാത്ത ഒന്‍പത് മൃതദേഹങ്ങളുടെ കേസ്സ് അസ്വഭാവിക മരണ വകുപ്പനുസരിച്ചുള്ളതാണ്. ഡിഎന്‍എ ടെസ്റ്റിലൂടെ ഇതില്‍ മൂന്നെണ്ണം തിരിച്ചറിഞ്ഞു. തിരുവനന്തപുരം പുന്തുറ സ്വദേശികളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. ബാക്കി ആറ് മൃതദേഹങ്ങള്‍ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ശാസ്ത്ര ഗവേഷണ കേന്ദ്രത്തില്‍ നിന്നുള്ള ഫലം പ്രതീക്ഷിച്ച് ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുകയാണ്. മുങ്ങിയ ബോട്ടിനെക്കുറിച്ചും കാണാതായവരെക്കുറിച്ചുള്ള അന്വേഷണമാണ് കോസ്റ്റല്‍ പോലീസ് നടത്തുന്നതെന്ന് സിഐ ടിഎം. വര്‍ഗ്ഗീസ് പറഞ്ഞു.
ചെല്ലാനത്തെ രക്ഷിക്കാന്‍ പ്രത്യേക പാക്കേജ്
പള്ളുരുത്തി: കടലാക്രമണ ഭീഷണി നേരിടുന്ന ചെല്ലാനം തീരദേശത്തെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കടലാക്രമണത്തെ പ്രതിരോധിക്കാന്‍ ഭിത്തികള്‍, പുലിമുട്ട്, കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട്, തൊഴിലാളികളുടെ മത്സ്യബന്ധന യാനങ്ങളും തൊഴിലുപകരണങ്ങളും പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യമുയര്ന്നിട്ടിട്ടുണ്ട്.
ബസ്സാര്‍, വേളാങ്കണ്ണി, മാലാഖപ്പടി എന്നിവിടങ്ങളിലെ തീരങ്ങളില്‍ കടല്‍ഭിത്തികള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവയുടെ പുനര്‍നിര്‍മ്മാണവും സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. തീരദേശ വാസികള്‍ക്ക് ആത്മവിശ്വാസം നല്‍കാനുള്ള നടപടികളും പാക്കേജില്‍ നടപ്പാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: